ഏറ്റവും നല്ലത് ചീത്തയായാല്‍ അങ്ങേയറ്റം ചീത്തയാവും എന്ന് പറയാറുണ്ട്. ഏതാണ്ട് അതുപോലെയാണ് നമ്മുടെ കാര്യവും. വിവരവും വിവേകവുമുള്ള ഒരു സമൂഹമാണ് നാമെന്ന് ലോകം മുഴുക്കെ അഭിമാനിച്ച് ഞെളിഞ്ഞു നടക്കുകയാണല്ലോ? അങ്ങനെയുള്ള നമ്മള് സ്വന്തം പ്രതിനിധികളായി നിയമങ്ങള്‍ ഉണ്ടാക്കിയെടുക്കുന്ന ഇടത്തിലേക്ക് നല്ലവരില്‍ നല്ലവരെയാണല്ലോ സ്വാഭാവികമായും അയക്കുക.
തേങ്ങ വലിക്കുന്നവരെ കണ്ടിട്ടില്ലേ? തെങ്ങുകേറ്റം കഴിഞ്ഞ് അവര്‍ കൂലിയും വാങ്ങിപ്പോകുമ്പോള്‍ ഏണിത്തേങ്ങ (നാട്ടുപ്രയോഗമാണ്, പലയിടത്തും പലതാവാം) എന്ന പേരില്‍ കുറച്ച് തേങ്ങ കൊണ്ടുപോകാറുണ്ട്. അവര്‍ കൊയ്തിട്ടതില് മികച്ച നാളികേരമാവും അത്. മറ്റൊന്നിനുമില്ലാത്ത മാന്യതയും അതിനനുസരിച്ച് വിലയും ആ തേങ്ങയ്ക്ക് കിട്ടും. കൊയ്യത്തേങ്ങ എന്ന് വിളിപ്പേരുള്ള ആ തേങ്ങ പേടായിപ്പോയാല് എന്താവും സ്ഥിതി? ഏതാണ്ടതുപോലെയാണ് നമ്മുടെ നിയമസഭാ സാമാജികരുടെയും അവസ്ഥ.
ഏറ്റവും മികച്ച പ്രതിനിധികളെ നിയമസഭയിലേക്കയച്ച് നാം ആശ്വാസം കൊണ്ടിരിക്കുമ്പോഴാണ് ഇടിത്തീപോലെ 2015 മാര്‍ച്ച് 13ന് ഒരു കരിവെള്ളിയാഴ്ച വന്നത്. എത്ര സംസ്കരിക്കപ്പെട്ടാലും മനുഷ്യന് എന്ന പച്ചയായ വികാരം എങ്ങനെയാണ് പ്രത്യേകസമയത്ത് പ്രാകൃതാവസ്ഥയിലെത്തുന്നത് എന്ന് നാം കണ്ടു. വര്‍ധിതാവേശത്തോടെ ബജറ്റെന്ന പേരില്‍ വായില്‍ തോന്നിയതെന്തോ വിളിച്ചുപറഞ്ഞ് ലഡ്ഡു വിതരണം ചെയ്തവര്‍ സര്‍വാധിപത്യം നേടി വിജയശ്രീലാളിതരാവുന്നതും കണ്ടു.
ഒരു സ്പീക്കര്‍ അകാലമൃത്യു അടഞ്ഞതിന്റെ ദുഃഖം നിഴലിക്കുന്ന അന്തരീക്ഷത്തിലാണ് ഇങ്ങനെ മധുരം വിതരണം ചെയ്ത് ഒരാഘോഷമാക്കിയതെന്ന ആഭാസം ഒരു വശത്ത്. ആഴ്ചച്ചന്തയില്‍ നടക്കുന്ന അഭ്യാസങ്ങള്‍ മറുവശത്ത്. ജനങ്ങളുടെ സാധാരണ പ്രശ്നങ്ങളില്‍ നിന്ന് തലയൂരിക്കൊണ്ട് ബജറ്റെന്ന പേരില്‍ ഒരു മാരണം കെട്ടിവെക്കപ്പെട്ടു. അതിലെ ജനവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ചൂണ്ടുവിരല്‍ ഉയര്‍ത്താന്‍ പോലും കഴിയാതെ ചട്ടമ്പിത്തരം കാണിച്ചവര്‍ ഇപ്പോള്‍ ന്യായീകരണത്തിന്റെ നടുപ്പാതയില്‍ നിന്ന് തൊണ്ടപൊട്ടിക്കുകയാണ്.
ഇത്തരത്തില്‍ പൊതു പണം ചെലവഴിച്ച് ആഭാസത്തിനിറങ്ങാനാണെങ്കില് എന്തിന് നമുക്കൊരു നിയമസഭ? ഓരോ ജില്ലയിലും ടൗണ്ഹാളുകളില്ലേ? അടി കലശലും കസേരയേറും അസഭ്യവര്‍ഷവും പീഡനകലയും അവിടെ അരങ്ങേറ്റരുതോ?
ജനാധിപത്യത്തെക്കുറിച്ച് വാതോരാതെ ഒച്ചയിടുന്നവര്‍ തങ്ങള്‍ കാട്ടിക്കൂട്ടിയ തോന്ന്യാസങ്ങളെ ഫോട്ടോ വെച്ചും വീഡിയോ കാണിച്ചും ന്യായീകരിക്കുകയാണ്. സാക്ഷരസമൃദ്ധികൊണ്ട് കണ്ണുകാണാതായിപ്പോയ എല്ലാ മാന്യസുഹൃത്തുക്കളോടുമായി ഒരപേക്ഷ. ഇമ്മാതിരി പേക്കൂത്തുകള്ക്കാണെങ്കില് ദയവുചെയ്ത് നികുതിപ്പണം കൊള്ളയടിക്കരുത്. ഒരു നേരത്തെ ആഹാരത്തിനുപോലും പാങ്ങില്ലാതെ മുകളില്‍ ആകാശം താഴെ പാതാളം എന്ന പരുവത്തില്‍ ഗതികിട്ടാത്ത ലക്ഷങ്ങള്‍ ഇന്നാട്ടില് കഴിയുന്നുണ്ട്. അവര്‍ക്ക് ഒരു തുള്ളിവെള്ളമെങ്കിലും കുടിക്കാനുള്ള സൗകര്യമൊരുക്കിക്കൊടുക്കുക.
ഇനി മസില്‍പവര്‍ കാണിക്കണമെന്നാണെങ്കില് നാട്ടിലെമ്പാടും എത്രയെത്ര കളരികള്‍. സിവിഎന്‍, ചമ്പക്കുളം തുടങ്ങി പേരുകേട്ടവയും പേരില്ലാത്തവയും. ഇത്തരം സാധ്യതകള്‍ മുഴുവനുമുണ്ടായിട്ടും എന്താണ് ജനങ്ങളുടെ നെഞ്ചത്ത് തന്നെ കേറണമെന്ന് വാശി പിടിക്കുന്നത്? ജനത്തിന്റെ പണം ഇങ്ങനെ ധൂര്‍ത്തടിക്കണമെന്ന് ശഠിക്കുന്നത്?
കവികള്‍ കടന്നുകാണുന്നവരാണെന്നല്ലോ വെപ്പ്. അരുത് കാട്ടാളാ എന്ന മുന്‍ കവി മുതല്‍ പൊട്ടാമദ്യക്കുപ്പികള് കാണാം, പൊട്ടിയതാലിച്ചരടുകള് കാണാം എന്ന് പാടിയ പിന്കവി വരെ ആ ഗണത്തില്‍ പെടുന്നു.
അങ്ങനെ കടന്നു കാണുമ്പോള്‍ എല്ലാവര്ക്കും ആയത് രുചിച്ചു കൊള്ളണമെന്നില്ല. പന്തളം സുധാകരന് എന്ന കവിയും കടന്നുകണ്ടത് ഇപ്പോള്‍ പുലിവാലായിരിക്കുകയാണ്. നേരെ ചൊവ്വെ കാര്യം പറയാന്‍ ബുദ്ധിമുട്ടുള്ളവരും മറ്റും ചെയ്യുന്ന ഒടിവിദ്യയാണല്ലോ മുഖപുസ്തക (ഫേസ്ബുക്ക്)ത്തില്‍ ആയത് കുത്തിക്കുറിക്കല്‍. ജനങ്ങളുടെ രോഷത്തിന് പാത്രീഭൂതനായ പാലായിലെ ചിലരുടെ മാണിക്യം ആകെ അവശനായിരിക്കുകയാണ്. ഒരു വിധത്തില്‍ പിടിച്ചുനില്ക്കുന്നു എന്നേയുള്ളൂ.
ഇക്കാര്യം ശരിക്കറിയാവുന്നയാളായതുകൊണ്ടാവാം പന്തളത്തെ സുധാകരന് അതിനൊരു ചികിത്സ നിശ്ചയിച്ചു. കുറച്ചുകാലം അങ്ങട് വിശ്രമിക്യാ. ഏതായാലും മുഖപുസ്തകത്തില്‍ സംഗതി വന്നപാടെ വിവാദമായി. ഉള്ളിന്റെയുള്ളിലുള്ള കലിപ്പ് തേന്‍പുരട്ടി നല്‍കിയത് ചാനലീയന്മാര് കണ്ടുപിടിച്ചതോടെ പിടിച്ചു നില്ക്കാന് അടവുകള്‍ ഒന്നും ഫലവത്തായില്ല.
തന്റെ സ്വകാര്യചിന്തയാണെന്നും പാര്ട്ടിക്കതുമായി ബന്ധമില്ലെന്നും പാലായിലെ ടിയാന് വര്‍ധിതവീര്യനായി വരാനുള്ള ആഗ്രഹം കൊണ്ടാണെന്നും മറ്റും പറഞ്ഞു നോക്കി. നോ ഫലം. പാലാക്കാരനുവേണ്ടി പുതുശ്ശേരി മൂപ്പരുകൂടി രംഗത്തെത്തിയതോടെ മുഖപുസ്തകത്തിലെ വാചകത്തിന് ഉദകക്രിയയായി. കടന്നു കാണുന്നവര്‍ക്ക് തൃക്കണ്ണുകൂടിയില്ലെങ്കില് സംഗതി അശകൊശലാകുമെന്ന ചെറിയൊരു അറിയിപ്പോടെ ഒന്നാമങ്കത്തിലെ രണ്ടാം രംഗത്തിന് തിരശ്ശീല.
എല്ലാം ഒരു കച്ചവടമായ സ്ഥിതിക്ക് അതില്‍ അഭിമാനക്കുറവ് തോന്നേണ്ട ഒരു കാര്യവുമില്ല. എന്നുമാത്രമല്ല എത്രനന്നായി കച്ചവടം നടത്താമോ അത്രയും നന്ന്. ഗോമാതാവിനു വേണ്ടി ഭരണഘടനയില്‍ പറഞ്ഞ ഒരു കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ എന്തോ സൂചിപ്പിച്ചതിന്റെ പേരില്‍ വിപ്ലവക്കൂട്ടങ്ങള്‍ മപ്പടിച്ച് രംഗത്ത് സജീവമായിരിക്കുകയാണ്. ഉത്സവങ്ങളുടെ നല്ല കാലം സ്വപ്നം കണ്ട അവര്‍ നാടൊട്ടുക്കും ബീഫ് ഫെസ്റ്റിവല്‍ നടത്തുകയാണ്. സ്വന്തം കൃഷി എട്ടുനിലയില്‍ പൊട്ടിയ സ്ഥിതിക്ക് ഈ കൃഷിയല്ലാതെ മറ്റെന്ത് ചെയ്യാന്‍? ഇതിനാണെങ്കില്‍ സബ്സിഡി, വിപണനസൗകര്യം, മതേതര തറകളുടെ സമൃദ്ധി എന്നിവയൊക്കെ വേണ്ടത്ര.
കച്ചവടം പൊടിപൊടിക്കുമായിരിക്കും. എന്നാല്‍ കച്ചോടം നടത്തുന്നവര്‍ ഒരു കാര്യം കൂടി ശ്രദ്ധിച്ചാല്‍ നന്നെന്ന് ചൂണ്ടിക്കാട്ടുന്നു കേരള വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബി. അശോക്. ബീഫ് നിരോധനത്തിലെ രാഷ്ട്രീയമൊന്നും തന്റെ വിഷയമല്ലെന്നും അതിലെ വിഷത്തിന്റെ കാര്യമാണ് താന്‍ ചൂണ്ടിക്കാട്ടുന്നതെന്നുമാണ് അദ്ദേഹം പറയുന്നത്. ചില പ്രസക്തമായ ശാസ്ത്രീയ വിശകലനങ്ങളിലേക്കാണ് അശോക് മാര്‍ച്ച് 15ലെ മലയാള മനോരമ യില്‍ നോട്ടം പംക്തിയിലൂടെ നമ്മുടെ ശ്രദ്ധതിരിക്കുന്നത്. ചിലത് ഇതാ: ഇരുമ്പുകണികകള്‍ അടിഞ്ഞുകൂടി ക്രമേണ തലച്ചോര്‍ പ്രവര്‍ത്തനരഹിതമാകുന്ന തരം മറവിരോഗത്തിന് ബീഫുള്ള ഭക്ഷണം കാരണമാകുന്നതായി കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തി.
എം.ആര്.ഐ ഉപയോഗിച്ച് ആയിരക്കണക്കിനാളുകളില്‍ നടത്തിയ പഠനങ്ങളിലാണ് ഗോമാംസം കൂടുതല്‍ ഭക്ഷിക്കുന്നവരില്‍ ഇരുമ്പ് തലച്ചോറിലടിഞ്ഞു പ്രവര്‍ത്തനരഹിതമാവുന്നു എന്നു കണ്ടെത്തിയത്. കൂടിയ അളവില്‍ ഗോമാംസം കഴിക്കുന്നതു ഹൃദ്രോഗത്തിനും കാരണമാകുന്നു എന്നതും പഠനങ്ങളില്‍ വ്യക്തമാണ്.
ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തില്‍ കൂടുതല്‍ കൂടുതല്‍ ഹൃദ്രോഗം കാണുന്നതിനൊരു കാരണം ഇതാകണം. കാരണത്തിന്റെ അടിയിലെ ശാസ്ത്രീയത അറിഞ്ഞാലും തല്‍പ്പരകക്ഷികള്‍ അത് തുടര്‍ന്നു കൊണ്ടേയിരിക്കും. വോട്ടില്‍ കണ്ണുനട്ട് നാട്ടിലൊക്കെ പ്രാന്തെടുത്ത് പായുന്നവരോട് പറഞ്ഞിട്ട് കിം ഫലം? പാവങ്ങള്‍ കടം വാങ്ങിയും വീട് തീറെഴുതിയും നോട്ട് കണ്ടെത്തി ഹൃദ്രോഗചികിത്സ നടത്തട്ടെ. നമുക്ക് ജയിച്ചാല്‍ പോരേ. ആരു പറഞ്ഞാലും മാര്‍ക്സ് പറഞ്ഞില്ലെങ്കില്‍ ഫലമില്ലല്ലോ. ബീഫ് അപകടകരം എന്ന തലക്കെട്ടാണ് ലേഖനത്തിന് നല്‍കിയത്.
ഒരാളുടെ സ്വര്‍ഗം വാസ്തവത്തില്‍ എവിടെയാണ്? ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ മുഹമ്മദ് നബി പറഞ്ഞത് ശ്രദ്ധിക്കുക: മാതാവിന്റെ കാല്പാദത്തിനടിയിലാണ് ഏതൊരാളുടെയും സ്വര്‍ഗം. അത്തരമൊരു സ്വര്‍ഗം ആഗ്രഹിച്ചു നടന്ന വടകര സ്വദേശി ഹരിദാസിന് അത് ലഭിക്കാന്‍ 46 വര്‍ഷം വേണ്ടി വന്നു. അതിനെക്കുറിച്ചുള്ള വാര്‍ത്ത മലയാള മനോരമ (കോഴിക്കോട്, മാര്‍ച്ച് 13)യില്‍ പൂനിലാവുപോലെ ചിരച്ചു നില്ക്കുന്നു. വാര്‍ത്തയിലേക്ക്: മനസ്സില്‍ മാത്രം നിറഞ്ഞു നിന്ന അമ്മയെ ഹരിദാസന് (48) നേരിട്ടുകണ്ടു.
46 വര്‍ഷത്തിനുശേഷം! മലേഷ്യയില്‍ നിന്നെത്തിയ അമ്മ രാജമ്മയ്ക്കും മകന് മടപ്പളളി കുഞ്ഞിപ്പുരയില്‍ ഹരിദാസനും ഇന്നലത്തെ പുലരി ജന്മസാഫല്യത്തിന്റേതായി. അമ്മയും മകനും ഒരുമിച്ച് ഇരുന്നപ്പോള്‍ ഇരുവര്‍ക്കും വാക്കുകളില്ലാതായി. വാക്കും നോക്കും അമ്മയുടെ വാത്സല്യക്കുളിരില് പുതഞ്ഞുനില്ക്കുമ്പോള് സ്വര്‍ഗം അവിടേക്കു താണിറങ്ങി വന്നില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. ഹരിദാസന്റെ അച്ഛന് കുഞ്ഞിക്കണ്ണന് സിംഗപ്പൂരില്‍ ജോലി ചെയ്യുമ്പോഴാണ് മലേഷ്യക്കാരിയായ രാജമ്മയെ വിവാഹം കഴിച്ചത്.
ഒന്നരവയസ്സുള്ള മകന് ഹരിദാസുമായി കുഞ്ഞിക്കണ്ണന് നാട്ടിലേക്കു മടങ്ങുമ്പോള്‍ രാജമ്മയ്ക്ക് ഒപ്പം പോരാനായില്ല. കുഞ്ഞിക്കണ്ണന് പിന്നെ തിരിച്ചുപോകാനും കഴിഞ്ഞില്ല. ഇരുവരും വേറെ വിവാഹം കഴിച്ചു; അതില്‍ മക്കളുമുണ്ടായി. പഴയ ഒരു ഫോട്ടോയും ഒരു അഡ്രസും വെച്ച് ഹരിദാസന് അമ്മയെ തിരഞ്ഞുകൊണ്ടേയിരുന്നു. ഒടുവില്‍ ഒരു സുഹൃത്തിന്റെ പരിശ്രമം കൂടി ഒത്തുചേര്‍ന്നപ്പോള്‍ അമ്മ ഒരു വെണ്മയായി ഹരിദാസന്റെ മുമ്പില്‍. എത്ര ധന്യം, എത്ര സുന്ദരം ആ വാര്‍ത്ത. മാതൃവാത്സല്യത്തിന്റെ പൂക്കാലങ്ങളില്‍ ഇനി ഹരിദാസനും കുടുംബവും ആര്‍ത്തുല്ലസിച്ചു നടക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: