എരുമേലി: പൂവന്‍പാറമല ക്ഷേത്രത്തില്‍ സദ്യാലയം നിര്‍മ്മിച്ച ക്ഷേത്രകമ്മറ്റിക്കാരായ ചെറുവള്ളിതോട്ടം തൊഴിലാളികളെ ബിലീവേഴ്സ് ചര്‍ച്ച് മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തതായി പരാതി. കഴിഞ്ഞദിവസമായിരുന്നു സംഭവം. ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് താത്കാലിക സദ്യാലയമാണ് കമ്മറ്റിക്കാര് നിര്‍മ്മിച്ചത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ക്ഷേത്രഭൂമിയില്‍ സദ്യാലയം നിര്‍മ്മിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് നിരവധി തവണ അപേക്ഷകള്‍ നല്‍കിയെങ്കിലും നടപടികളൊന്നും ഉണ്ടായില്ല. ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ ഉത്സവത്തോടനുബന്ധിച്ച് താത്കാലിക സദ്യാലയം നിര്‍മ്മിക്കാന്‍ കമ്മറ്റിക്കാര് തീരുമാനിച്ചത്.
ഇതുസംബന്ധിച്ച് ബിലീവേഴ്സ് ചര്‍ച്ച് മാനേജ്മെന്റിന് രേഖാമൂലം കത്തും നല്‍കിയിരുന്നു. എന്നാല്‍ ക്ഷേത്രം കമ്മറ്റിക്കാര് തോട്ടം വക ഭൂമി അനധികൃതമായി കയ്യേറി എന്നാരോപിച്ചാണ് ക്ഷേത്രം കമ്മറ്റിക്കാരായ രണ്ടു തൊഴിലാളികളെ ഇന്നലെ ജോലിയില്‍ നിന്നും പുറത്താക്കിയത്.
ചെറുവള്ളിത്തോട്ടം മാനേജ്മെന്റ് നടത്തിക്കൊണ്ടിരിക്കുന്ന ഹിന്ദു വിരുദ്ധ നിലപാടുകളാണ് സംഭവത്തിനു പിന്നിലെന്നും ഹിന്ദു ഐക്യവേദി നേതാക്കളായ മനോജ് എസ്, ഹരികൃഷ്ണന് എന്നിവര്‍ പറഞ്ഞു. ഹൈന്ദവാചരാനുഷ്ഠാനങ്ങളെ തകര്‍ക്കാനും മതംമാറ്റം നടത്താനുമുള്ള ഗൂഢാലോചനയാണ് ഇതെന്നും നേതാക്കള്‍ പറഞ്ഞു.
ക്ഷേത്രാങ്കണത്തില്‍ ഭക്തജനങ്ങള്‍ക്കായി താത്കാലിക സദ്യാലയം നിര്‍മ്മിച്ചതിന്റെ പേരില്‍ കമ്മറ്റിക്കാരായ തൊഴിലാളികളെ പിരിച്ചുവിട്ട ഹിന്ദു വിരുദ്ധ നടപടിക്കെതിരെ ഇന്ന് രാവിലെ 10ന് ജനറല്‍ മാനേജരുടെ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: