കോട്ടയം: വേനല്‍കടുത്തതോടെ കുടിവെള്ളക്ഷാമം രൂക്ഷമായി. സംസ്ഥാനം പകര്‍ച്ചവ്യാധി ഭീഷണിയില്‍. വേനല്‍മഴ താരതമ്യേന ഈ വര്‍ഷം കൂടുതല്‍ കിട്ടിയെങ്കിലും ഭൂമിയിലെ ജലനിരപ്പ്താഴുന്നതായി വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ജലാശയങ്ങളും നീരുറവകളും ഉണങ്ങി വരളുകയാണ്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുകയാണ്. ഇവിടങ്ങളില്‍ പകര്‍ച്ചവ്യാധി ഭീഷണിയും നിലനില്ക്കുന്നു.
കേരളത്തിലെ സര്‍ക്കാരും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മാലിന്യനിര്‍മ്മാര്‍ജ്ജന രംഗത്ത് തികച്ച അനാസ്ഥയാണ് കാണിക്കുന്നത്. ഇതോടെ ജലാശയങ്ങള്‍ മാലിന്യനിക്ഷേപ കേന്ദ്രമായി മാറി. ഇതാണ് സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുവാന്‍ കാരണമായതായി വിലയിരുത്തപ്പെടുന്നു. ചിക്കന്‍പോക്സ്, മഞ്ഞപ്പിത്തം, കോളറ തുടങ്ങിയ രോഗങ്ങള്‍ വ്യാപകമാണ്. പ്രതിരോധപ്രവര്‍ത്തന രംഗത്ത് ആരോഗ്യവകുപ്പ് തികഞ്ഞ പരാജയമാണ്.
കൂനിന്മേല് കുരുപോലെ തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണവും ഈ ജില്ലകളില്‍ വര്‍ദ്ധിച്ചു. ആവശ്യമായ മരുന്നുകള്‍ ലഭ്യമല്ലെന്നതാണ് ഗുരുതരമായ പ്രശ്നം. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ പേപ്പട്ടി വിഷബാധയ്ക്കുള്ള മരുന്ന് ലഭ്യമല്ല. കോട്ടയത്ത് ഒന്നോ രണ്ടോ ദിവസത്തിനകം സ്റ്റോക്ക് തീരുമെന്നാണ് അറിയുന്നത്. ഇതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: