മാവേലിക്കര: ശാകുന്തളത്തിന്റെ മലയാള വിവര്‍ത്തനമായ എ.ആര്. രാജരാജവര്‍മ്മയുടെ മലയാള ശാകുന്തളം പ്രസിദ്ധീകരിച്ചതിന്റെ നൂറു വര്‍ഷം പിന്നിടുമ്പോള്‍ എആര്‍ സ്മാരകത്തില്‍ സാംസ്കാരിക ഉദ്യോനം പിറവിയെടുക്കുന്നു. ഇതിന്റെ ഒന്നാംഘട്ടത്തിന്റെ ഭാഗമായി ശകുന്തളയുടെ 10 അടി ഉയരത്തില്‍ കോണ്‍ക്രീറ്റില്‍ ശില്‍പ്പത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. സംസ്ഥാന അവാര്‍ഡ് ജേതാവ് ശില്‍പ്പി ജോണ്‍സ് കൊല്ലകടവ്, ബിനു, സിബി എന്നിവരുടെ നേതൃത്വത്തിലാണ് ശില്‍പ്പം പൂര്‍ത്തിയാകുന്നത്.
അതിമനോഹരമായ ദൃശ്യങ്ങളാല്‍ സമ്പന്നമായ കാളിദാസ ദര്‍ശനമാണ് സാംസ്ക്കാരിക ഉദ്യോനത്തിന്റെ ഒന്നാംഘട്ടം. സഖിമാരുടെ അസാന്നിദ്ധ്യത്തില്‍ ശകുന്തള തന്നെയും കൂടി മറന്ന് ഭര്‍ത്താവിനെ മനസില്‍ വരിച്ചു നില്ക്കുന്ന രംഗമാണ് ശില്‍പ്പത്തില്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്.
എആര്‍ സ്മാരകത്തിന്റെ ചുമതലയില്‍ പ്രത്യേക രീതിയില്‍ നിര്‍മ്മിച്ച വനപര്‍വ്വവും കണ്വമഹര്‍ഷിയും കണ്വാശ്രമവും ദുര്‍വാസാവും ദുഷ്യന്തനും സഖിമാരും മാനും മയിലുമൊക്കെ കൊണ്ട് ക്ഷേത്ര ചുവര് ശില്‍പ്പ കലാരൂപത്തില്‍ തയ്യാറാക്കിയിരിക്കുന്ന സാംസ്കാരിക ഉദ്യോനത്തിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ അവസാനഭാഗമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ മാസം അവസാനം മന്ത്രി കെ.സി. ജോസഫ് സമര്‍പ്പണം നിര്‍വ്വഹിക്കും. എആര്‍ രാജരാജവര്‍മ്മയ്ക്കും മുന്‍പും, ശേഷവും എന്ന് രണ്ടായി തിരിച്ച് സാഹിത്യകാവ്യമേഖലയിലെ ഇതിഹാസങ്ങളെയും ചരിത്ര വിവരണങ്ങളെയും ഉള്‍ക്കൊള്ളിച്ചുള്ള രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും.
ഭരണസമിതി പ്രസിഡന്റ് സുഗതകുമാരി അവതരിപ്പിച്ച നയരേഖയിലാണ് സാംസ്ക്കാരിക ഉദ്യാനം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചത്. എആര്‍ സ്മാരകം കണ്ട് പുറത്തിറങ്ങുമ്പോള്‍ മലയാള ഭാഷയുടെ ചരിത്ര വഴികളിലൂടെ ഒരു യാത്ര ചെയ്ത അനുഭൂതിയുളവാക്കണം എന്നതാണ് സാംസ്കാരിക ഉദ്യാനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സ്മാരകം സെക്രട്ടറി അനിവര്‍ഗീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: