ഹരിപ്പാട്: ഓട്ടോറിക്ഷ ഡ്രൈവറുടെ കണ്ണില്‍ മുളക് പൊടി എറിഞ്ഞ് അഞ്ചരപവന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെടെ രണ്ടുപേരെ ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ തോട്ടപ്പള്ളി യൂണിറ്റ് സെക്രട്ടറിയും ക്വട്ടേഷന്‍ നേതാവുമായ തോട്ടപ്പള്ളി നിലം നികത്തില്‍ വീട്ടില്‍ ലിജു (നാണി-29), കരുവാറ്റ വടക്ക് തുളസിത്തറ വീട്ടില്‍ അനീഷ് (സ്വാമി-21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഒന്നാം പ്രതി കരുവാറ്റ വടക്ക് ശരത് വില്ലയില്‍ ശരത് ചന്ദ്രന് (33) തത്കാല്‍ പാസ്പോര്ട്ടില് വിദേശത്തേക്ക് കടന്നതായി പോലീസ് പറഞ്ഞു.
2014 ജൂണ്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി തോട്ടപ്പളളി ഓട്ടോ സ്റ്റാന്‍ഡില്‍ നിന്നും ഓട്ടോറിക്ഷ വിളിച്ച് കരുവാറ്റ ആശ്രമം ജങ്ഷന് പടിഞ്ഞാറ് ആള്‍താമസം ഇല്ലാത്ത് ഭാഗത്ത് വെച്ച് യാത്രക്കാരനായി ഓട്ടോയില്‍ കയറിയ അനീഷ് ഓട്ടോ നിര്‍ത്തിച്ച ശേഷം ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി എറിയുകയായിരുന്നു. ബൈക്കില്‍ ഓട്ടോയെ പിന്തുടര്ന്നെത്തിയ ശരത്ത്, ലിജു എന്നിവര്‍ ചേര്‍ന്ന് ഡ്രൈവര്‍ പ്രഭാകരനെ അക്രമിച്ച് അഞ്ചരപ്പവന്റെ മാലയുമായി കടന്നുകളയുകയായിരുന്നു.
വില്‍പ്പന നടത്തിയ സ്വര്‍ണമാല വൈക്കത്ത് ഒരു കടയില്‍ നിന്നും കണ്ടെടുത്തു. ഹരിപ്പാട് എസ്ഐ: എം.കെ. രാജേഷ്, എഎസ്ഐ: ബി.അശോകന്, തങ്കരാജ്, സുരേഷ്കുമാര്‍, ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യല്‍ സ്ക്വോഡ് അംഗങ്ങളായ സന്തോഷ്, ഇല്യാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: