കോട്ടയം: ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധിച്ച് സീല്‍ ചെയ്ത മീറ്ററുകള്‍ ഘടിപ്പിച്ച് മാത്രമേ ഏപ്രില്‍ ഒന്നു മുതല്‍ കോട്ടയം മുന്‍സിപ്പല്‍ അതിര്‍ത്തിയില്‍ പെര്‍മിറ്റുള്ള ഓട്ടോറിക്ഷകള്‍ സര്‍വ്വീസ് നടത്താവൂ എന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. നഗരത്തിലെ ഓട്ടോറിക്ഷ നിരക്കുകള്‍ സംബന്ധിച്ച പരാതികള്‍ പരിഹരിക്കാനും സുതാര്യമായ സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കാനുമാണ് സംവിധാനം.
മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടറുടെ കാര്യാലയത്തില്‍ മീറ്റര്‍ പരിശോധിച്ച് സീല്‍ ചെയ്ത് നല്‍കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സീല്‍ ചെയ്ത മീറ്ററുകള്‍ കേടുവരുത്തുകയോ തെറ്റായ രീതിയില്‍ ഉപയോഗിക്കുകയോ ചെയ്യുന്നത് ലീഗല്‍ മെട്രോളജി ആക്ട് പ്രകാരം ആറുമാസം മുതല്‍ ഒരുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
മീറ്റര്‍ ഘടിപ്പിക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഓട്ടോ റിക്ഷകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ച് പിഴ ചുമത്തും. നഗരത്തിലെ ഓട്ടോറിക്ഷാ സംവിധാനത്തിന്റെ സുതാര്യതയും കാര്യക്ഷമതയും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ എല്ലാ യൂണിയന് നേതാക്കന്മാരും സഹകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അഭ്യര്‍ത്ഥിച്ചു.
സര്‍ക്കാര്‍ അംഗീകരിച്ച നിരക്ക് പ്രകാരം മിനിമം ചാര്‍ജ്ജ് 20 രൂപ എന്നത് ഒന്നര കിലോമീറ്റര്‍ വരെയുള്ള ദൂരം ഓടുന്നതിന്റെ റിട്ടേണ്‍ ചാര്‍ജ്ജ് ഉള്‍പ്പെടെയാണ്. പുലര്‍ച്ചെ അഞ്ചു മണി മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്ത് കോട്ടയം മുന്‍സിപ്പല്‍ അതിര്‍ത്തിയില്‍ മീറ്റര്‍ ചാര്‍ജ്ജ് മാത്രമേ ഈടാക്കാന്‍ പാടുള്ളൂ മുന്‍സിപ്പല്‍ അതിര്‍ത്തി വിട്ട് ഓടുന്ന ദൂരത്തിന് ഓടിയ ദൂരത്തിന്റെ അന്‍പത് ശതമാനം കൂടി യാത്രാ കൂലിയായി വാങ്ങും. രാത്രി പത്തുമണിക്കു പുലര്‍ച്ചെ അഞ്ചുമണിക്കും ഇടയിലുള്ള സമയത്ത് മാത്രമേ മീറ്റര്‍ ചാര്‍ജ്ജിന്റെ അന്‍പത് ശതമാനംകൂടി യാത്രാ കൂലിയായി വാങ്ങുവാന്‍ പാടുള്ളൂ. ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്കുള്ള പരാതി അറിയിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: