കൊച്ചി: അനധികൃതമായി പ്രവര്‍ത്തിച്ച മൂന്നു ട്രാവല്‍ ഏജന്‍സികള്‍ക്കെതിരെ പോലീസ് കേസെടുത്തു. രണ്ടുപേരെ അറസ്റ്റ്ചെയ്തു. രവിപുരത്ത് പ്രവര്‍ത്തിച്ചിരുന്ന റേ ഫോര്‍ഡ് ഇന്റര്‍നാഷണലിനെതിരെ സൗത്ത് പോലീസും കലൂര്‍ റിസര്‍വ് ബാങ്കിനു സമീപം ആല്‍ഫിയ ബില്‍ഡിങ്ങിലെ ന്യൂ കാലിക്കറ്റ് ട്രാവല്‍സ്, ഇതേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇനാം എന്റര്‍പ്രൈസസ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ നോര്‍ത്ത് പോലീസുമാണ് കേസെടുത്തത്.
റേ ഫോര്‍ഡ് ഇന്റര്‍നാഷണലിലെ മുഖ്യ ഏജന്റ് ആലപ്പുഴ തത്തംപള്ളി ജോയി മാത്യു (69), ഇനാം എന്റര്‍പ്രൈസസ് മാനേജര്‍ മലപ്പുറം മഞ്ചേരി തവളംകുഴി വീട്ടില്‍ നൗഷാദ് (32) എന്നിവരെയാണ് അറസ്റ്റ്ചെയ്തത്. മൂന്നുസ്ഥാപനങ്ങള്ക്കും ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.
റേ ഫോര്‍ഡിന്റെ കോട്ടയം സ്വദേശിയായ എംഡിയും രണ്ട് പങ്കാളികളും ഒളിവിലാണ്.
സിംഗപ്പൂര്‍, കനഡ എന്നീ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്തതായി സ്ഥാപനത്തിനെതിരെ പരാതിയുണ്ടെന്ന് പോലീസ് പറഞ്ഞു. ന്യൂ കാലിക്കറ്റ് ട്രാവല്‍സില്‍നിന്ന് നിരവധി പാസ്പോര്‍ട്ടുകളും മുദ്രപ്പത്രങ്ങളും 41,000 രൂപയും കണ്ടെത്തി. പാലക്കാട് സ്വദേശിയായ എംഡി ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: