കൊച്ചി: ലഹരിവിരുദ്ധ സന്ദേശവുമായി പുനര്‍ജനി മാലിപ്പുറത്തും ചെറായിയിലും സന്ദര്‍ശനം നടത്തി. ഫിഷറീസ് വകുപ്പ് സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്സ് ടു ഫിഷര്‍ വുമണിന്റെയും (സാഫ്) ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെയും സഹകരണത്തോടെ മത്സ്യത്തൊഴിലാളി സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായാണ് ലഹരി വിരുദ്ധ ബോധവല്‍ക്കരണം സംഘടിപ്പിച്ചത്.
ലഹരി ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്ന് എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിയാട്രീസ് ജോസഫ് പറഞ്ഞു. മാലിപ്പുറം മൈതാനത്ത് നടന്ന ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ലഹരിയുടെ ദൂഷ്യവശങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്തുന്ന തെരുവ് നാടകവും മജീഷ്യന്‍ ഇന്ദ്രജിത്തിന്റെ മാജിക് ഷോയും നടന്നു.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പുകയിലയുടെയും ദൂഷ്യവശങ്ങള്‍ അവതരിപ്പിച്ച മാജിക് ഷോ കാണികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സാഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സി.ആര്. സത്യവതി, നോഡല്‍ ഓഫീസര്‍ മാജ ജോസ്, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ: ശിവപ്രസാദ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ദേവയാനി, സാഫ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: