അമ്പലപ്പുഴ: വിധവയായ വൃദ്ധയുടെ സ്ഥലം കൈയേറി വെള്ളം ഒഴുക്കാന്‍ പഞ്ചായത്ത് നീക്കം. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നാലാം വാര്‍ഡ് പഴയനടക്കാവ് റോഡിന് സമീപം കുരിക്കാപറമ്പില് പൊന്നമ്മ (65)യുടെ സ്ഥലമാണ് കൈയേറാന്‍ ശ്രമിക്കുന്നത്. ഇതിനായി ഇവരുടെ അനുവാദം പോലും ചോദിക്കാതെ ഒരു മീറ്റര്‍ വ്യാസമുള്ള പൈപ്പും സ്ഥാപിച്ചു കഴിഞ്ഞു.
ഇതിനു സമീപത്തെ നിരവധി വീട്ടുകാര്‍ തണ്ണീര്‍ത്തടങ്ങള്‍ വ്യാപകമായി നികത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പ്രദേശത്ത് രൂപംകൊണ്ട വെള്ളക്കെട്ട് ഒഴിവാക്കാനാണ് പൊന്നമ്മയുടെ സ്ഥലം കൈയേറി പഞ്ചായത്ത് പൈപ്പ് സ്ഥാപിക്കാന്‍ നീക്കം തുടങ്ങിയത്. ഏഴു വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച പൊന്നമ്മ നാല് പെണ്മക്കളെ വിവാഹം ചെയ്ത് അയച്ച ശേഷം 11 സെന്റ് സ്ഥലത്തെ ചെറിയവീട്ടില്‍ ഒറ്റയ്ക്കാണ് താമസം.
പഞ്ചായത്ത് നടപടിക്കെതിരെ പൊന്നമ്മ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ വടക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. പഞ്ചായത്ത് സെക്രട്ടറിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇവിടെ പൈപ്പ് സ്ഥാപിച്ചതെന്ന മറുപടിയാണ് ഇവര്‍ ഡയറക്ടര്‍ക്ക് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: