ആലപ്പുഴ: നഗരത്തിലെ റീസര്‍വേ നടപടികള്‍ക്കുശേഷം സര്‍ക്കാര്‍ ഭൂമി കൈയേറിയതായി കണ്ടെത്തിയവര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. റോഡുകളിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികളുടെയും കച്ചവട-തൊഴിലാളി സംഘടനാ നേതാക്കളുടെയും യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
നഗരത്തിലെ പല റോഡുകളിലും വീതിക്കുറവുകൊണ്ടും കൈയേറ്റം മൂലവും ഗതാഗതക്കുരുക്ക് നിത്യസംഭവമാണ്. റോഡപകടങ്ങളും ഏറി. ഈ പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടം പുതിയ നടപടികളിലേക്ക് നീങ്ങുന്നത്. അനധികൃത കൈയേറ്റവും റോഡിലേക്ക് ഇറക്കിക്കെട്ടിയ നിര്‍മ്മാണങ്ങളും പ്രാഥമികഘട്ടത്തില്‍ അടയാളപ്പെടുത്തും. തുടര്‍ന്ന് ഭൂമി കൈയേറിയവര്‍ക്ക് നോട്ടീസ് നല്‍കും.
സര്‍വേ പ്രകാരമാണ് അടയാളപ്പെടുത്തല്‍ നടത്തുക. വഴിയരുകില്‍ അനധികൃതമായി കൂട്ടിയിട്ട് ഗതാഗതതടസം സൃഷ്ടിക്കുന്ന മെറ്റില്, ചരല്, മണ്ണ്, പൂഴി എന്നിവ അറിയിപ്പുകൂടാതെ നീക്കം ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യും. നഗരത്തിലെ ഗതാഗതക്കുരുക്കിന് ഇടയാക്കുന്ന വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനുള്ള സാധ്യത ആരായും. വഴിയോരക്കച്ചവടക്കാരെ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടി നടന്നുവരുകയാണ്. ലഭിച്ച അപേക്ഷകള്‍ പരിഗണിച്ച് ഈ മാസം അവസാനം നഗര കച്ചവടക്കമ്മിറ്റി കൂടാന്‍ നഗരസഭാ പ്രതിനിധിയോട് കളക്ടര്‍ നിര്‍ദ്ദേശിച്ചു.
റീസര്‍വേ നടപടി പൂര്‍ത്തിയായ ഭാഗങ്ങളില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് സര്‍വേ നടപടികള്‍ക്ക് നേതൃത്വം നല്കുന്ന സബ് കളക്ടര്‍ ഡി. ബാലമുരളി പറഞ്ഞു. കാല്‍നടയ്ക്കുള്ള സ്ഥലം ഒഴിച്ചിട്ടുകൊണ്ട് വേണം വഴിയോരകച്ചവടമെന്ന് കളക്ടര്‍ പറഞ്ഞു. നഗരത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി 2010 ല്‍ നഗരസഭയ്ക്ക് നല്‍കിയതായി നാറ്റ്പാക് പ്രതിനിധി പറഞ്ഞു.
റോഡരികിലെ കൈയേറ്റങ്ങളും ഗതാഗതത്തിന് തടസമുണ്ടാക്കുന്ന അനധികൃത നിര്‍മ്മാണങ്ങളും ഒഴിപ്പിക്കുന്നതിന് പിഡബ്ല്യൂഡി, റവന്യൂ, പോലീസ് എന്നിവരുടെ സഹായം നഗരസഭയ്ക്ക് നല്‍കുമെന്നും കളക്ടര്‍ പറഞ്ഞു. രാഴ്ചയ്ക്കുള്ളില്‍ കോണ്‍വെന്റ് സ്ക്വയര്‍ മുതല്‍ കിഴക്കോട്ട് പഴവങ്ങാടി ജങ്ഷന് വരെയും തിരുവമ്പാടി മുതല്‍ വലിയകുളം കളക്ട്രേറ്റ് വഴി കോണ്‍വെന്റ് സ്ക്വയര്‍ വരെയും റോഡരുകിലെ ഗതാഗത തടസമുണ്ടാക്കുന്ന മെറ്റല്‍, ചരല്, മണ്ണ്, പൂഴി എന്നിവയും അനധികൃത ഗതാഗത തടസങ്ങളും ഒഴിപ്പിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: