കറുകച്ചാല്‍: കറുകച്ചാല്‍, നെടുംകുന്നം, കങ്ങഴ പഞ്ചായത്തുകളില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തിയായ കാറ്റിലും മഴയിലും നിരവധി വീടുകള്‍ക്കും, കൃഷികള്‍ക്കും നാശമുണ്ടായി ചങ്ങനാശ്ശേരി, വാഴൂര്‍ റോഡില്‍ മൈലാടി, കാഞ്ഞിരപ്പാറ എന്നിവിടങ്ങളില്‍ തണല്‍ മരങ്ങളുടെ ശിഖരങ്ങള്‍ ഓടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു കറുകച്ചാല്‍ പ്ലാച്ചിക്കല്‍ ഭാഗത്ത് ഇരുപതോളം വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. പ്ലാച്ചിക്കല്‍ രാമചന്ദ്രന്റെ വീടിനു മുകളില്‍ ആഞ്ഞിലിമരം വീണ് പൂര്‍ണ്ണമായി തകര്‍ന്നു. പ്ലാച്ചിക്കല്‍ കുന്നില്‍ ജോസിന്റെ വീടിനു മുകളിലും ആഞ്ഞിലി മരം വീണ് ഭാഗീകമായി നാശമുണ്ടായി.
പ്ലാച്ചിക്കല്‍ കുഞ്ഞച്ചന് ചെന്നക്കാട്ടു ജോസഫ് മുണ്ടുപ്ലാക്കല്‍ സുകുമാരന്‍ നായര്‍, ഒരപ്പക്കുഴിയില് ചെല്ലമ്മ, എളപ്പുങ്കല്‍ കുഞ്ഞച്ചന് എന്നിവരുടെ വീടിനും നാശമുണ്ടായി. മുണ്ടത്താനം തണ്ണിപ്പാറ നാരകത്തുങ്കല്‍ ഏലിയാമ്മ, മുളളന്‍ ചിറയില്‍ തങ്കമ്മ ഏബ്രഹാം, എന്നിവരുടെ വീടിനും നാശമുണ്ടായി. ഈ ഭാഗത്ത് മരങ്ങളും കടപുഴകി വീണു. വൈദ്യുതി ബന്ധവും തകരാറിലായി. കറുകച്ചാല്‍ കുറുപ്പന്‍കവല ഭാഗത്ത് വന്‍ നാശനഷ്ടമുണ്ടായി പല റോഡുകളിലും മരങ്ങള്‍ വീണതുകാരണം ഗതാഗതവും തടസപ്പെട്ടു. തെങ്ങണ വൈദ്യുതി സെക്ഷന്റെ കീഴിലുളള തൃക്കോയിക്കല്‍ ഇരുമ്പുകുഴി ചേന്നംമറ്റം തുടങ്ങിയ പ്രദേശങ്ങളില്‍ ചൊവ്വാഴ്ച വൈകുന്നേരം വരെ വൈദ്യുതി പുനസ്ഥാപിക്കാന്‍ കഴിഞ്ഞില്ല. മരങ്ങള്‍ വീണ മറ്റു ചില പ്രദേശങ്ങളില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണതു മൂലം വൈദ്യുതി മുടങ്ങി മേഖലയില്‍ ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടമാണുണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: