കാലമേറെ കഴിഞ്ഞിട്ടും’ഇന്നും വീടുകളില്‍ ആഹാരം തയ്യാറാക്കുന്നതും വിളമ്പിക്കൊടുക്കുന്നതും കുഞ്ഞുങ്ങളെ പരിപാലിക്കുന്നതുമെല്ലാം വീട്ടമ്മയാണല്ലോ! എന്നാല്‍ അവള് പോഷകാഹാര വിഷയത്തില്‍ അജ്ഞതയുള്ളവളാണെങ്കില് അത് കുടുംബാംഗങ്ങളുടെ ആരോഗ്യത്തെ മുഴുവന്‍ ബാധിക്കും. പോഷകാഹാര പ്രശ്നമെന്നാല്‍ പോഷകക്കുറവു മാത്രമല്ല, അധിക പോഷണ പ്രശ്നവുമുള്ള കാലഘട്ടമാണ് ഇത്.
അട്ടപ്പാടിയില്‍ കുഞ്ഞുങ്ങള്‍ മരണമടയുന്നത് പോഷക പ്രശ്നം കൊണ്ടല്ലെന്നും ആണെന്നും തര്‍ക്കം തുടരുന്നതിനിടയിലും മരണം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അവിടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് തൂക്കം തീരെ കുറവായതാണ് ഒരുകാരണം. യഥാര്‍ത്ഥത്തില്‍ അത് അമ്മയുടെ പോഷകാഹാരക്കുറവുകൊണ്ടാണെന്നതില് എന്തിനു തര്‍ക്കിക്കണം. എന്നാല്‍ കേരളത്തിലെ സ്ത്രീകളില്‍ പൊണ്ണത്തടിക്കാരുടെഎണ്ണം കൂടിവരുന്നു. ഇത് ഉയര്‍ന്ന വരുമാനമുള്ളവര്‍ക്കിടയില്‍ മാത്രമല്ല. അമിതാഹാരവും വ്യായാമക്കുറവും ഇതിന് കാരണമാകുന്നു. അപൂര്‍വ്വം ചിലര്‍ക്ക് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളിലെ വ്യതിയാനം കൊണ്ടും ഇങ്ങനെ സംഭവിക്കാം.
ഓരോ പെണ്‍കുട്ടിയും ഭാവിയിലെ അമ്മയാണല്ലോ? അവള് അടുത്ത തലമുറക്ക് ജന്മം നല്കുന്നതിനാല് അവളുടെ ആരോഗ്യം പരമപ്രധാനമാണ്. ആരോഗ്യത്തിന്റെ അടിസ്ഥാന ശിലകളില്‍ പ്രഥമം ആഹാരമാണല്ലോ. ശരിയായ ആരോഗ്യമില്ലാത്ത അമ്മ ആരോഗ്യമില്ലാത്ത കുഞ്ഞിന് ജന്മം നല്‍കാനിടവരും. അതിനാലാണ് പെണ്‍കുട്ടിയുടെ പോഷകാഹാര-ആരോഗ്യകാര്യങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ വേണമെന്ന് പറയുന്നത്. നിയമപ്രകാരം പതിനെട്ടു വയസ്സ് തികയുന്നതിനു മുമ്പ് പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ പാടില്ല. അതുപോലെ ഇരുപതുവയസ്സിനു മുമ്പേയുള്ള പ്രസവവും അഭികാമ്യമല്ല. അമ്മയാകാന്‍ തയ്യാറെടുക്കുന്ന ഒരുസ്ത്രീക്ക് 40 കിലോഗ്രാം ശരീര ഭാരമെങ്കിലും ഉണ്ടായിരിക്കണം.
അമിതഭാരമുള്ളവര്‍ക്ക് എല്ലാവിധ ജീവിതശൈലി രോഗങ്ങളും വരാന്‍ സാധ്യത കൂടുതലാണ്. പൊണ്ണത്തടി, കാല്‍മുട്ടുവേദന, നടുവിന് വേദന തുടങ്ങി അസ്ഥിതേയ്മാനം മൂലമുള്ള അസുഖങ്ങള്‍ മാത്രമല്ല ഉണ്ടാക്കുന്നത്. അത്തരക്കാര്‍ക്ക് വളരെ വേഗത്തില്‍ പ്രമേഹവും, ഹൃദയസംബന്ധമായ അസുഖങ്ങളുമുണ്ടാകുന്നു. ചികിത്സാച്ചെലവ് റോക്കറ്റുപോലെ കുതിച്ചുയരുന്ന ഇക്കാലത്ത് ഇത്തരം രോഗങ്ങള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ ദുരിതത്തിലാഴ്ത്തുന്നു. ആരോഗ്യകാര്യത്തില്‍ ആഹാരം പോലെ ശ്രദ്ധിക്കേണ്ടതാണ് വ്യായാമത്തിന്റെ കാര്യവും. ആധുനികസ്ത്രീ സമൂഹം തങ്ങളുടെ ഗൃഹജോലികളാകെ യന്ത്രങ്ങള്ക്കുകൈമാറിക്കഴിഞ്ഞു.
മാറണം ചില ചിന്തകള്‍
പൊണ്ണത്തടിക്കാരായിരുന്നാലും ഒട്ടനവധി സൂക്ഷ്മ പോഷകങ്ങളുടെ കുറവ് നമ്മുടെ നാട്ടിലെ സ്ത്രീകള്‍ക്കുണ്ട്. അമ്പതു ശതമാനത്തിലധികം സ്ത്രീകളിലും ഭക്ഷണത്തില്‍ മതിയായ ഇരുമ്പുസത്തിന്റെ അഭാവം മൂലമുള്ള വിളര്‍ച്ച കാണാം. ഇതിന് പ്രധാന കാരണം തെറ്റായ ആഹാരശീലങ്ങള്‍ കൂടിയാണ്. ശുചിത്വശീലങ്ങളുടെ കുറവാണ് മറ്റൊരുകാരണം. ഒരു ഭാഗത്ത് ഭക്ഷ്യധാന്യങ്ങള്‍ ആവശ്യത്തിലധികം ഉത്പാദിപ്പിക്കുന്നു. മറു ഭാഗത്തോ?
പോഷകാഹാര പ്രശ്നങ്ങളും, ധാന്യങ്ങളും പയറുവര്‍ഗ്ഗങ്ങളും, ഇലക്കറികളും, ശുദ്ധജല ലഭ്യതയും ശുചിത്വശീലങ്ങളും, വ്യായാമക്രമങ്ങളും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും എല്ലാംകൂടി ലഭിച്ചാല്‍ മാത്രമേ ഒരു ജനതയെ ആരോഗ്യരംഗത്ത് ഒന്നാംസ്ഥാനത്തെത്തിക്കുവാന് കഴിയുകയുള്ളൂ. ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ധാന്യം ലഭ്യമാക്കിയതുകൊണ്ടുമാത്രം പ്രശ്നപരിഹാരമാകില്ല. ധാന്യം ഊര്‍ജ്ജദായകം മാത്രമാണല്ലോ. മാംസ്യവും, വിറ്റാമിനുകളും, ധാതുലവണങ്ങളും ശുദ്ധജലവും ലഭിച്ചാല്‍ മാത്രമേ പോഷക കാര്യത്തിലെ വെല്ലുവിളി പരിഹരിക്കാന്‍ കഴിയൂ. കേരളത്തിലെ ജനങ്ങള്‍ ഭക്ഷ്യവിളകളിലേക്ക് മാറിച്ചിന്തിക്കണം.
കുടുംബശ്രീ വനിതകളും തൊഴിലുറപ്പ് ജോലിക്കാരും തരിശുകിടക്കുന്ന ഭൂമിയില്‍ പച്ചക്കറികൃഷി ആരംഭിക്കണം. കേവലം തൊഴില്‍ നല്കല് മാത്രമായി തൊഴിലുറപ്പ് പദ്ധതി അധഃപതിക്കരുത്. റോഡ് ചെത്തി മിനുക്കലിനപ്പുറം കൂടുതല്‍ ഉല്‍പ്പാദന മേഖലകളിലേക്ക് അവരെ തിരിച്ചുവിടത്തക്കവിധത്തില് ആസൂത്രണം നടക്കണം. നെല്ലുല്പ്പാദിപ്പിക്കാതെ കേരളീയന് എത്രകാലംമുന്നോട്ടു പോകും. വിമാനത്താവളങ്ങളേക്കാള്‍, നമുക്ക് നെല്‍വയലുകള്‍ പുനഃസൃഷ്ടിക്കുകയാണ് ആവശ്യം. കൃഷി ലാഭകരമല്ലെന്ന ചിന്ത തന്നെ മാറ്റിമറിക്കണം. ആധുനിക യന്ത്ര സംവിധാനങ്ങള്‍ കൃഷിക്കായി സര്‍ക്കാര്‍ തലത്തില്‍ ലഭ്യമാക്കണം.
കുഞ്ഞിന്റെ ആരോഗ്യം പ്രധാനം, ഒപ്പം കുടുംബത്തിന്റേയും
സ്ത്രീ സര്‍വ്വമേഖലകളും കയ്യടക്കിക്കഴിഞ്ഞല്ലോ. ഇനി കൃഷി ഭൂമിയും അവള് ഏറ്റെടുക്കട്ടെ. ഇന്ന് പെട്രോള്‍ പമ്പുകളില്‍ സ്ത്രീകളാണ് വാഹനങ്ങളില്‍ ഇന്ധനം നിറച്ചുകൊടുക്കുന്നത്. ഷീടാക്സികള്‍ നഗരത്തില്‍ തലങ്ങും വിലങ്ങും ഓടുന്നു. അവര്‍ തെങ്ങില്ക്കയറുന്നു, തേങ്ങ ഇടുന്നു.
ജനസംഖ്യയില്‍ അമ്പതു ശതമാനത്തിലധികം സ്ത്രീകളുള്ള നാടാണ് കേരളം. ഇവിടെ മറ്റുള്ളിടത്തെപ്പോലെ ഭ്രൂണഹത്യയും മറ്റും ഇല്ലാതിരിക്കുന്നത് നമ്മുടെ ഉയര്‍ന്ന സാക്ഷരതയും, ധാര്‍മ്മിക മൂല്യത്തിലുള്ള വിശ്വാസ്യതയും കൊണ്ടാകാം. എല്ലാത്തിന്റെയും തുടക്കം അടുക്കളയില്‍ നിന്നാകട്ടെ! അടുക്കളയില്‍ നിന്നും അരങ്ങത്തേയ്ക്കുള്ള അവളുടെ വരവ് പൂര്‍ണ്ണമായെങ്കില്‍ മാത്രമേ ഇനി പ്രതീക്ഷക്ക് വകയുള്ളൂ.
പ്രസവശേഷം ആദ്യമുലപ്പാല്‍ നല്കലോടുകൂടി അമ്മയുടെ പോഷകാഹാരദാനം ആരംഭിക്കുകയായി. ആദ്യത്തെ പാലിന്റെ വൈശിഷ്ട്യമറിഞ്ഞ് അതും നല്കാന് കഴിഞ്ഞാല്‍ ഒരു നവജാതശിശുവിന്റെ ആരോഗ്യത്തിന്റെ അടിത്തറ സുസ്ഥിരമാവുകയാണ്. അത് ലഭിക്കുന്ന കുഞ്ഞിന് ശരിയായ വളര്‍ച്ചയും രോഗ പ്രതിരോധ ശേഷിയും ലഭിക്കുന്നു. കുഞ്ഞിന് ആറുമാസം മുലപ്പാല്‍ മാത്രം മതി. ആറാംമാസം തന്നെ ആരംഭിക്കേണ്ടതാണ് കുഴമ്പു രൂപത്തിലുള്ള അനുപൂരക പോഷകാഹാരങ്ങള്‍. എന്തെന്നാല്‍ ആറുമാസത്തിനുശേഷം കുഞ്ഞിന് മുലപ്പാല്‍ മാത്രം പോരാതാകും.
ഒരുവയസ് ആയാല്‍ വീട്ടില്‍ ഉണ്ടാക്കുന്ന എല്ലാ ഭക്ഷണവും കുഞ്ഞിന് നല്‍കാം. കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ലക്ഷ്യംകൈവരിച്ചിട്ടുണ്ടെന്ന് അമ്മ ഉറപ്പുവരുത്തണം. കൗമാര പ്രായം മുതല്‍ കുട്ടിക്ക് കൂടുതല്‍ പരിരക്ഷ നല്‍കേണ്ടത് അമ്മയാണ്. അവളുടെ ഹീമോഗ്ലോബിന്‍ ലെവല്‍ 12-13 ല്‍ താഴ്ന്നു പോകാതെ നോക്കണം. മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള പഴങ്ങളും പച്ചക്കറിവര്‍ഗ്ഗങ്ങളും ഇലക്കറികളും മറ്റു സസ്യേതര ഭക്ഷണങ്ങളും ശരിയാംവണ്ണം നല്‍കണം.
ആഹാരം പാകം ചെയ്യുമ്പോള്‍ അതിന്റെ വിവിധ ഘട്ടങ്ങളില്‍ പോഷകാഹാര നഷ്ടം സംഭവിക്കാതെ ശ്രദ്ധിക്കണം. പ്രഷര്‍കുക്കര്‍, ഗ്യാസ്അടുപ്പ്, റെഫ്രിജറേറ്റര്‍, മിക്സര്‍, ഗ്രൈന്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ പാചകം എളുപ്പമാക്കിയിട്ടുണ്ട്. പ്രഷര്‍കുക്കറില്‍ പാചകംചെയ്യുന്നതുമൂലം സമയലാഭം മാത്രമല്ല, പോഷക നഷ്ടവും ഒഴിവാക്കാം. വീട്ടിലുള്ളവരുടെ ഓരോദിവസത്തേയും ഓരോ നേരത്തെയും ആഹാരം (മെനു) എന്തായിരിക്കണമെന്ന് തീരുമാനിക്കുന്നത് സ്ത്രീയാകുന്നു. അവിടെ അവള് പോഷകാഹാര വിജ്ഞാന കാര്യത്തില്‍ അറിവില്ലാത്തവളാണെങ്കില്, കുടുംബത്തിലെ അംഗങ്ങളുടെ ആരോഗ്യമാകെ തകരാറിലാകും. എല്ലാ അമ്മമാരും പോഷകാഹാരത്തെക്കുറിച്ച് അറിവുള്ളവരായാല്‍ ആരോഗ്യമുള്ള തലമുറകളെ സൃഷ്ടിക്കാനാവും.
ചക്കയ്ക്കും പപ്പായക്കും വേണം ഒരിടം
പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഹരിതാഭമായ ഭൂമിയാണ് നമ്മുടെ കേരളം. ഇവിടെ വിളയാത്ത പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും വളരെ അപൂര്‍വ്വമാണ്. എന്നാല്‍ ജനങ്ങളില്‍ ബഹുഭൂരിപക്ഷവും സസ്യേതര ഭക്ഷണങ്ങളില്‍ പ്രിയമുള്ളവരായികൊണ്ടിരിക്കുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതിശീര്‍ഷ പച്ചക്കറി ഉപഭോഗത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്നത് കേരളമാണെന്നാണ് സര്‍വ്വെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
തോട്ടവിളകളിലേക്ക് തിരിഞ്ഞ നാം പച്ചക്കറികള്‍ക്കായി അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. അവരാകട്ടെ അമിതമായതോതില്‍ കീടനാശിനിയും വളവും ഉപയോഗിച്ച് ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നു. ഇവിടെയാകട്ടെ കാന്‍സര്‍, പ്രമേഹം, ഹൃദ്രോഗം എന്നിവ ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. വിഷാംശത്തെ പഴിച്ച് പച്ചക്കറിവര്ഗ്ഗങ്ങള് തീരെകുറച്ചു മാത്രം കഴിക്കുന്നവരുമുണ്ട്. ഇവിടെയാണ് ഓരോ വീട്ടിലും ഒരു പച്ചക്കറിതോട്ട നിര്‍മ്മാണത്തിന്റെ പ്രസക്തി ഉയര്‍ന്നുവരുന്നത്. അല്ലെങ്കില്‍തന്നെ വിഷാംശം ലേശവുമില്ലാത്ത എത്ര എത്രയിനം ഫലങ്ങളാണ് ഇവിടെ ലഭിക്കാനുള്ളത്. അവയൊന്നും ആരും ശ്രദ്ധിക്കാതെ പോകുന്നു.
നമ്മുടെ തൊടികളില്‍ കായ്ക്കുന്ന ‘ചക്ക’യ്ക്ക് കീടനാശിനിയോ, വളപ്രയോഗമോ നടത്താറില്ല. ഒരുചക്കയുണ്ടെങ്കില് ഒരുകുടുംബത്തിനാകെ ഭക്ഷിക്കാനുണ്ട്. പച്ചയായും, പഴമായും ഉപയോഗിക്കാം. എന്നാല്‍ മലയാളി വീട്ടമ്മയ്ക്ക് തീരെ താല്പര്യമില്ലാത്ത കാര്യമാണിത്. അന്യസംസ്ഥാനത്തേയ്ക്ക് ലോറിക്കണക്കിന് കയറ്റിവിടുന്നു. അല്ലെങ്കില്‍ അഴുകി പ്ലാവിന് ചുവട്ടില്‍തന്നെ നശിക്കുന്നു.
പപ്പായയും കീടനാശിനി, വളവിമുക്തമായി വീടുകളില്‍ കിട്ടുന്നതാണ്. ശരാശരി മലയാളി പപ്പായയെക്കാള്‍ ഇഷ്ടപ്പെടുന്നത് ആപ്പിളാണ്. പപ്പായ ചക്കതോരനെക്കാള് വിഷംചേര്‍ന്ന കാബേജ് ആണ് നമുക്ക് പ്രിയം. ഒരുവീട്ടില്‍ ഒരുമുരിങ്ങ എന്നതു പ്രായോഗികമാക്കിയാല്‍ അതിന്റെ ഇല വര്‍ഷം മുഴുവന്‍ ഉപയോഗിക്കാം. കൂടാതെ കായും പൂവും ഉപയോഗിക്കാം. എന്തിന് ഒരുകറിവേപ്പു പോലും സ്വന്തമായി നട്ടുവളര്‍ത്താന്‍ മിനക്കെടാത്തവരില്ലേ. നമ്മുടെ ഉയര്‍ന്ന ‘പര്‍ച്ചേസിംഗ് പവര്‍’ ആയിരിക്കാം എല്ലാറ്റിനും തടസ്സമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: