ആലപ്പുഴ: ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ചില മാധ്യമങ്ങളിലൂടെ ഡോക്ടര്‍മാര്‍ക്കെതിരെ കുപ്രചരണം നടത്തുകയാണെന്ന് കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് (കെജിഎംഒഎ) സംസ്ഥാന കമ്മറ്റി അംഗം ഡോ. സാബു സുഗതന് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഡോക്ടര്‍മാരെ മുഴുവന്‍ സമൂഹമധ്യത്തില്‍ കുറ്റക്കാരും കുഴപ്പക്കാരുമായി ചിത്രീകരിക്കുകയാണ്. ചില ഹെല്‍ത്ത് സെന്ററുകള്‍ സന്ദര്‍ശിച്ച ശേഷം അവിടെ മുഴുവന്‍ കുഴപ്പങ്ങളാണെന്ന് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു. എന്നാല്‍ ഇതുവരെ ജോലിയില്‍ വീഴ്ച വന്നതിന്റെ പേരില്‍ ആര്‍ക്കെതിരെയും നടപടിയെടുക്കാന്‍ ഡിഎംഒയ്ക്ക് സാധിച്ചിട്ടില്ല.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം അവിടെ താലൂക്ക് ആശുപത്രിയില്‍ നിന്ന് ലഭ്യമാകുന്ന സേവനം നല്‍കണമെന്ന് പൊതുജനങ്ങളുടെ മുന്നില്‍ വച്ച് മെഡിക്കല്‍ ഓഫീസര്‍മാരോട് ആവശ്യപ്പെട്ട് ഡിഎംഒ ‘ഷോ’ കാണിക്കുകയാണെന്നും ഡോ. സാബു സുഗതന് കുറ്റപ്പെടുത്തി. ഡിഎംഒ വേഷപ്രച്ഛന്നയായി ആശുപത്രികളില്‍ പരിശോധന നടത്താന്‍ ഡോക്ടര്‍മാര്‍ കുറ്റവാളികളോണോയെന്നും അദ്ദേഹം ചോദിച്ചു.
ഡിഎംഒയുടെ നിലപാടുകളോടാണ് എതിര്‍പ്പുള്ളത്. സര്‍ക്കാരിന്റെ എല്ലാവിധ പ്രവര്‍ത്തനങ്ങളുമായി കെജിഎംഒഎ സഹകരിക്കും. ആരോഗ്യ സന്ദേശ യാത്രയെ പിന്തുണയ്ക്കും. മഴക്കാല രോഗങ്ങളെ കുറിച്ചും വേനല്‍ക്കാല രോഗങ്ങള്‍ സംബന്ധിച്ചും കെജിഎംഒഎ പഞ്ചായത്ത് തലങ്ങളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും സാബു സുഗതന് പറഞ്ഞു. ഡോക്ടര്‍മാരായ കെ. ഹരിപ്രസാദ്, ജനാര്ദനശര്മ്മ, ആര്. ശശികുമാര്‍ പിള്ള എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: