ആലപ്പുഴ: ജില്ലാ രജിസ്ട്രാര്‍ ഓഫീസിന്റെ പ്രവര്‍ത്തനം വാടകക്കെട്ടിടത്തില്‍ തുടരുന്നതില്‍ വന്‍ അഴിമതിയെന്നാക്ഷേപം ഉയരുന്നു. എല്ലാവിധ സൗകര്യങ്ങളോടും കൂടി ബഹുനില മന്ദിരം സ്വന്തമായുള്ളപ്പോഴാണ് രജിസ്ട്രാര്‍ ഓഫീസ് പതിനായിരക്കണക്കിന് രൂപ വാടക നല്കി കാലങ്ങളായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്.
വകുപ്പ് ഭരിക്കുന്ന മന്ത്രിയുടെ പാര്‍ട്ടിയുടെ ചില നേതാക്കളും ഉദ്യോഗസ്ഥരും കെട്ടിടം ഉടമയും തമ്മിലുള്ള ഒത്തുകളിയാണ് സര്‍ക്കാരിന് പ്രതിവര്‍ഷം വാടകയിനത്തില്‍ ലക്ഷങ്ങള്‍ നഷ്ടമാകാന്‍ കാരണം. വലിയകുളത്തെ അധികം സൗകര്യമില്ലാത്ത കെട്ടിടത്തിലാണ് വര്‍ഷങ്ങളായി രജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ആധാരം എഴുത്തുകാരും ഇവിടെ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവരും നിന്നുതിരിയാന്‍ സ്ഥലമില്ലാത്ത ഇവിടെ ഏറെ ബുദ്ധിമുട്ടുന്നു.
ഫയലുകളും മറ്റു രേഖകളും സൂക്ഷിക്കാന്‍ പോലും സ്ഥലം ഇവിടെയില്ല. എല്ലാവിധ സൗകര്യങ്ങളുമായി സ്വന്തം കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ട് ഒരുവര്‍ഷത്തിലേറെയായി. ഇവിടെ പ്രവര്‍ത്തനം തുടങ്ങാത്തതിന് കാരണമായി അധികൃതര്‍ ഇത്രയും നാള് പറഞ്ഞത് വൈദ്യുതി കണക്ഷന് ലഭിച്ചിട്ടില്ലായെന്നതാണ്. എന്നാല്‍ വൈദ്യുതി കണക്ഷന് ലഭിച്ചപ്പോള്‍ മന്ത്രിക്ക് ഉദ്ഘാടനം ചെയ്യാന്‍ സമയമില്ലെന്നാണ് പുതിയ ഭാഷ്യം.
സ്വന്തം കെട്ടിടം നോക്കുകുത്തിയാക്കി സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ വന്‍ വാടക നല്കി രജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നതില്‍ അഴിമതിയുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: