തോട്ടപ്പള്ളി: പഞ്ചായത്ത് ഭരണസമിതി അവഗണിച്ചു; പുറക്കാട് പ്രവര്‍ത്തിക്കുന്ന ഐടിഐ ആഭ്യന്ത്ര മന്ത്രിയുടെ നാട്ടില്‍ കൊണ്ടുപോകാന്‍ നീക്കം തുടങ്ങി. ആറു വര്‍ഷമായിട്ടും സ്വന്തമായി സ്ഥലവും കെട്ടിടവും കണ്ടെത്താന്‍ പുറക്കാട് പഞ്ചായത്ത് ഭരണസമിതിക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് പ്രവര്‍ത്തനം തുടങ്ങിയ ഐടിഐയാണ് ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്തിന്റെ അവഗണനയില്‍ നഷ്ടമാകുന്നത്.
രണ്ട് ട്രേഡുകളിലായി എഴുപത്തിയാറോളം വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠനം നടത്തുന്നത്. ഇതോടൊപ്പം അദ്ധ്യാപകര്‍ ഉള്‍പ്പെടെ പതിനേഴോളം ജീവനക്കാരും പ്രവര്‍ത്തിക്കുന്നു. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ മാസം 15,000 രൂപയോളം വാടക നല്കി പ്രവര്‍ത്തനം നടക്കുന്ന ഐടിഐക്ക് ഇത്രകാലമായിട്ടും സ്ഥലം ഏറ്റെടുത്ത് നല്‍കാത്തതില്‍ ദുരൂഹതയുണ്ട്.
ഐടിഐയ്ക്ക് വേണ്ടിയെന്ന് പ്രഖ്യാപിച്ച് ഇതിനു സമീപം തന്നെ ഏക്കറുകണക്കിന് സ്ഥലം ഡ്രഡ്ജ് ചെയ്ത് നികത്തിയിരുന്നു. എന്നാല്‍ അവിടെ കെട്ടിടം പണിയുന്നതിനെ കുറിച്ച് തീരുമാനമെടുക്കാന്‍ പഞ്ചായത്ത് ഭരണസമിതി തയാറായിട്ടില്ല. ഇത് രാഷ്ട്രീയ ലക്ഷ്യംവച്ച് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനുള്ള നീക്കം നടക്കുന്നതായും ആരോപണമുണ്ട്.
പുറക്കാട് സ്മൃതിവനത്തിലെ മിനി സ്റ്റേഡിയത്തില്‍ സ്ഥലം നല്‍കാമെന്ന പഞ്ചായത്തിന്റെ വാഗ്ദാനത്തിലും ദുരൂഹതയുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പറ്റിയ ഭൂമിയല്ല ഇത്. മൂന്നുവര്‍ഷം സിപിഎമ്മും ഇപ്പോള്‍ സിപിഐയുമാണ് പഞ്ചായത്ത് ഭരിക്കുന്നത്. നിലവില്‍ വാടക കെട്ടിട ഉടമയും ചില പഞ്ചായത്ത് അംഗങ്ങളുമായുള്ള ഒത്തുകളിയാണ് സ്വന്തമായി സ്ഥലം കണ്ടെത്തുന്നതിന് തടസം നില്‍ക്കുന്നതെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: