ആലപ്പുഴ: ഗ്ലാസ് ബോട്ടില്‍ പുനരുദ്ധാരണത്തിനായി ഗ്ലാസ് കഴുകി വൃത്തിയാക്കി നല്കുന്ന ചേര്‍ത്തല വാരനാട് ശ്രീരാജേശ്വരി ബോട്ടില്‍ സപ്ലൈസില്‍ തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടോയെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ പരിശോധിച്ച് ബോധ്യപ്പെടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം ആര്. നടരാജന് ഉത്തരവിട്ടു. കമ്പനിയില്‍ തൊഴില്‍ നിയമ പ്രകാരമുള്ള ആനുകൂല്യങ്ങളും അവകാശങ്ങളും ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പിക്കണം. തൊഴിലാളികളുടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടണം. ഇത് തൊഴിലുടമ ലംഘിക്കുകയാണെങ്കില്‍ അനേ്വഷിച്ച് നടപടി സ്വീകരിക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു. മാക്ക്ഡവല് ആന്‍ഡ് ഹൈറേഞ്ച് ബ്രൂവറീസ് വര്‍ക്കേഴ്സ് യൂണിയന് ജനറല്‍ സെക്രട്ടറി അഡ്വ. വി മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട് ഒരു ഒത്തുതീര്‍പ്പ് വ്യവസ്ഥ ഉണ്ടാക്കിയെന്നും എന്നാല്‍ അറ്റന്‍ഡന്‍സ് ബോണസ് നല്കാന് കഴിയില്ലെന്ന് മാനേജ്മെന്റ് അറിയിച്ചതായി വിശദീകരണത്തില്‍ പറയുന്നു. ഉത്തരവ് ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് അയച്ചതായി കമ്മീഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: