വ്യൂഫൈന്‍ഡറിലൂടെ നോക്കി വാര്‍ത്തകളെ ചിത്രവും ചിലതിനെ ചരിത്രവുമാക്കി കാലം മുന്നോട്ട് പോയത് ശശിധരന് നായര്‍ എന്ന ഫോട്ടോഗ്രാഫര്‍ അറിഞ്ഞില്ല. പിന്നിലേയ്ക്ക് ഓടിമറഞ്ഞ കാലമെന്ന പ്രതിഭാസത്തെ നോക്കി അദ്ദേഹം ഇന്നും ചിരിക്കുന്നു. വര്‍ഷങ്ങള്‍ തിക്കിപ്പാഞ്ഞ് ഓടിമറഞ്ഞപ്പോഴും താന്‍ ഏറെ പ്രണയിക്കുന്ന ക്യാമറകളുടെ കൂടെയായിരുന്നു അദ്ദേഹം.
ജോലിയോടുള്ള അകമഴിഞ്ഞ ആത്മാര്‍ത്ഥതയും സത്യസന്ധതയും കാരണം അദ്ദേഹം സമയത്തെക്കുറിച്ച് ചിന്തിക്കാറില്ല എന്നതാണ് സത്യം. തന്റെ ഓരോ ഫ്രെയിമില്‍ നിന്നും ചരിത്രം സൃഷ്ടിയ്ക്കപ്പെട്ടപ്പോഴും താന്‍ ഫോട്ടോഗ്രാഫറാണെന്ന് അദ്ദേഹം വിളിച്ചു പറഞ്ഞുമില്ല. എല്ലാം ആസ്വദിക്കുകയായിരുന്നു ഈ അറുപത്തിയഞ്ചുകാരന്. ചെയ്യുന്ന ജോലിയില്‍ മാത്രമാണ് ശ്രദ്ധിക്കേണ്ടത്. കര്‍മ്മഫലം ദൈവനിശ്ചയമാണെന്നും അദ്ദേഹം ഉറച്ച് വിശ്വസിച്ചു. ക്യാമറയോടുള്ള അടങ്ങാത്ത ലഹരി അദ്ദേഹത്തെ ഔദ്യോഗിക ജീവിതത്തിലേയ്ക്ക് വല്ലാതെ അടുപ്പിച്ചു. ആ ലഹരി ഇന്നും തന്റെ ചിത്രങ്ങള്‍ നോക്കി അദ്ദേഹം അനുഭവിക്കുന്നു.
1973. ഇന്നത്തേതുപോലെ മന്ത്രിയോ മറ്റ് പ്രമുഖരോ എവിടെയെങ്കിലും പ്രത്യക്ഷപ്പെട്ടാല്‍ തുരുതുരെ ഫഌഷ് മിന്നാത്ത കാലം. എന്നാല്‍ പത്രപ്രവര്‍ത്തകര്‍ക്കും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും സാമൂഹിക പ്രതിബദ്ധതയും വിശ്വാസ്യതയും ഏറെ കൂടുതലായിരുന്ന സമയം. അന്ന് പത്ര ഫോട്ടോഗ്രാഫര്‍മാരാകട്ടെ വിരളവും. ക്യാമറ അത്ഭുതവസ്തു തന്നെയായിരുന്ന ആ കാലത്താണ് വി.പി.ശശിധരന് നായര്‍ എന്ന പിആര്‍ഡി ഫോട്ടോഗ്രാഫര്‍ ക്യാമറയോടുള്ള ബന്ധം സ്ഥാപിച്ച് തുടങ്ങുന്നത്. പിന്നെയത് അടങ്ങാത്ത ഭ്രമമായി.
ചിത്രങ്ങള്‍ എടുത്ത് കൂട്ടുന്തോറും കൂടുന്ന പ്രണയമായി. ആ പ്രണയം ഞരമ്പില്‍ തട്ടിയതോടെ ശശിധരന് നായര്‍ ചിത്രങ്ങള്‍ക്കൊപ്പമുള്ള യാത്രയും തുടങ്ങി. യാഷിക 120 എന്ന തന്റെ ആദ്യ ക്യാമറയുമായി അനന്തപുരിയിലും കേരളത്തിന്റെ പല കോണുകളിലും ഓടിനടന്ന ആ ഫോട്ടോഗ്രാഫറെ ഇതിലേറെ എന്ത് വിശേഷണം നല്‍കിയാണ് പരിചയപ്പെടുത്തുക.
1974-ല്‍ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കാനെത്തിയ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ നേരിട്ട് ക്യാമറയിലാക്കിയ അനുഭവം ഇദ്ദേഹത്തിന് മറക്കാനാകില്ല. പാതിനരച്ചെങ്കിലും വൃത്തിയോടെ ഒതുക്കിക്കെട്ടിയ മുടി ഇന്ദിരാഗാന്ധിയുടെ വ്യക്തിത്വത്തിന് മാറ്റ് കൂട്ടിയിരുന്നതായി അദ്ദേഹം ഓര്‍ക്കുന്നു. ”തൂവെള്ള സാരിയായിരുന്നു ഇന്ദിരാഗാന്ധിയുടെ വേഷം. അവരെ അടുത്തു കാണാന്‍ ആളുകള്‍ പരിസരമെമ്പാടും തിങ്ങിക്കൂടിയിരുന്നു.
തിരക്കില്‍പ്പെട്ട് ക്യാമറയുടെ ലെന്‍സ് ഹുഡ് വീണുപോയതൊന്നും ഞാന്‍ അറിഞ്ഞില്ല. അഥവാ അതൊന്നും ശ്രദ്ധിയ്ക്കേണ്ട സമയമായിരുന്നില്ല അത്. ഇന്നത്തെ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ അപൂര്‍വ്വനിമിഷത്തെ തന്റെ ക്യാമറയിലാക്കി എത്രയും പെട്ടെന്ന് അത് ഡെവലപ് ചെയ്തെടുക്കുക മാത്രമായിരുന്നു ലക്ഷ്യം. അതിനാല്‍ തകൃതിയായി ഫോട്ടോയെടുപ്പ് തുടരുകയാണ്. എന്നാല്‍ ഇന്ദിരാഗാന്ധി അത് ശ്രദ്ധിച്ചിരുന്നു. കൈ ചൂണ്ടി അവര്‍ സെക്യൂരിറ്റിയോട് എന്തോ സംസാരിക്കുന്നത് എനിയ്ക്ക് ക്യാമറയുടെ വ്യൂ ഫൈന്‍ഡറിലൂടെ കാണാമായിരുന്നു. എന്നാല്‍ കാര്യം അപ്പോഴും എനിക്ക് പിടി കിട്ടിയില്ല.
തിരക്കുകള്‍ കഴിഞ്ഞപ്പോള്‍ സെക്യൂരിറ്റി ലെന്‍സ് ഹുഡ് എന്റെ കയ്യില്‍ കൊണ്ടു തരുമ്പോഴാണ് ഞാന്‍ സംഭവം അറിയുന്നത്.” അത്ര ചെറിയ കാര്യമായിട്ടു പോലും പ്രധാനമന്ത്രി അത് ശ്രദ്ധിച്ചതില്‍ എനിയ്ക്ക് അവരോട് ഏറെ ബഹുമാനം തോന്നി. ശശിധരന് പറയുന്നു.
ദേശീയ-സംസ്ഥാന രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ എത്രയോ പ്രമുഖരെയാണ് ഔദ്യോഗിക ജീവിതത്തിനിടയില്‍ ശശിധരന് നായരുടെ ക്യാമറ പകര്‍ത്തിയത്. പ്രധാനമന്ത്രി രാജീവ് ഗാന്ധി ആലപ്പുഴയില്‍ വള്ളംകളി കാണാനെത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രം അന്നും ഇന്നും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൗതുകമുണര്‍ത്തുന്ന ആ ചിത്രത്തില്‍ ഇന്നത്തെ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ ചെറുപ്പവും നമുക്ക് കാണാന്‍ കഴിയും. സുന്ദരമായ ആ ഫോട്ടോ ഇന്നും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് അദ്ദേഹം പറയുന്നു.
കെ.കരുണാകരന് ഇന്ദിരാഗാന്ധിയുമൊത്ത് നില്ക്കുന്ന ചിത്രം, ഇ.കെ.നായനാരുമൊത്തുള്ള ചിത്രം, മുന്‍ രാഷ്ട്രപതി വെങ്കിട്ടരാമന് തിരുവനന്തപുരത്ത് എത്തിയപ്പോള്‍ അന്നത്തെ ഗവര്‍ണ്ണര്‍ രാമചന്ദ്രന്റെ കൂടെയിരിക്കുന്ന പടം അങ്ങനെ പോകുന്നു തന്റെ ക്യാമറയില്‍ അദ്ദേഹം പകര്‍ത്തിയ ചിത്രങ്ങള്‍. പകര്‍ത്തിയ ചിത്രങ്ങളിലെ വ്യക്തികളില്‍ പലരും ഇന്ന് ജീവിച്ചിരിപ്പില്ല എന്നതും അതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.
മുന്‍ മന്ത്രി സി.എച്ച്.മുഹമ്മദ് കോയയുടെ മരണം തന്നെ ഏറെ അസ്വസ്ഥനാക്കിയതായും ശശിധരന് പറയുന്നു. അദ്ദേഹവുമായി നല്ല വ്യക്തിബന്ധം സൂക്ഷിച്ചിരുന്നു. ”1983-ല്‍ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേയ്ക്ക് ട്രാന്‍സ്ഫര്‍ ആയി വന്ന സമയം. മന്ത്രി സി.എച്ച് പങ്കെടുക്കുന്ന ഒരു പരിപാടിയില്‍ കണ്ടപ്പോള്‍ അദ്ദേഹം എന്നെ സ്റ്റേജിലേയ്ക്ക് വിളിപ്പിച്ചു. എന്താണ് ഇവിടെ നില്‍ക്കുന്നത് എന്ന ചോദ്യത്തിന് ട്രാന്‍സ്ഫറായി വന്ന കാര്യവും തുടര്‍ന്ന് താമസിക്കാന്‍ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സ് ഒന്നും ശരിയായില്ല എന്ന വിവരവും അദ്ദേഹവുമായി പങ്കുവെച്ചു. പിന്നീട് തിരുവനന്തപുരത്ത് എത്തിയ സമയത്ത് അദ്ദേഹത്തെ കാണാന്‍ വിളിപ്പിച്ചു. പോയി കാണുകയും ക്വാര്‍ട്ടേഴ്സ് ലഭിക്കാനായി സിഎച്ച് എന്നെക്കൊണ്ട് പ്രത്യേക അപേക്ഷ എഴുതിക്കുകയും ചെയ്തു. എത്ര ശ്രമിച്ചിട്ടും സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സ് കിട്ടാതിരുന്ന സമയമായിരുന്നു അത്.
പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. എറണാകുളത്തേയ്ക്ക് തിരിച്ചുപോയ എനിയ്ക്ക് പെട്ടെന്ന് തന്നെ ക്വാര്‍ട്ടേഴ്സ് അനുവദിച്ചതായുള്ള അറിയിപ്പ് കളക്ട്രേറ്റില്‍ നിന്നും കിട്ടി. മന്ത്രിയുടെ സ്പെഷ്യല്‍ ഓര്ഡറായിട്ടായിരുന്നു അറിയിപ്പ്. അപ്പോള്‍ ഉണ്ടായ സന്തോഷം നേരിട്ട് അദ്ദേഹവുമായി പങ്കുവെക്കാന്‍ സാധിച്ചില്ലല്ലോ എന്ന ദു:ഖത്തില്‍ നില്‍ക്കുമ്പോഴാണ് സിഎച്ച് പങ്കെടുക്കുന്ന പരിപാടി അന്ന് വൈകീട്ട് എറണാകുളത്ത് നടക്കുന്നുണ്ടെന്ന് അറിഞ്ഞത്. ഉടനേ അങ്ങോട്ട് വെച്ചുപിടിച്ചു. ജേര്‍ണലിസ്റ്റ് കോളനിയുടെ ഉദ്ഘാടനത്തിനായി അദ്ദേഹം എത്തുന്ന പരിപാടിയായിരുന്നു അത്. എത്രയും പെട്ടെന്ന് അങ്ങോട്ട് എത്താനുള്ള ഓട്ടത്തിനിടയില്‍ കലൂരില്‍ എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന ആ വിവരം എന്റെ കാതിലേയ്ക്ക് ഇടിമുഴക്കം പോലെ വന്നത്.
ചില ചികിത്സകള്‍ക്ക് വിധേയനായിരുന്ന മന്ത്രി നിര്യാതനായി എന്ന വിവരമായിരുന്നു അത്. ഞാന്‍ വല്ലാതെ വേദനിച്ചു. നിന്ന നില്പ്പില് തലകറങ്ങുന്നതു പോലെ തോന്നി എനിക്ക്. ഒരു നന്ദിവാക്ക് പോലും പറയാന്‍ കഴിഞ്ഞില്ലല്ലോ എന്ന ദു:ഖം ഇന്നും എന്നെ വേട്ടയാടുന്നു. ഒന്നും പറയാനാകാതെ ഞാന്‍ തരിച്ചു നിന്നു. എന്റെ മാനസികനില കൈവിട്ടു പോയിരുന്നു. സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സില്‍ താമസം ശരിയാക്കാന്‍ അദ്ദേഹം കാണിച്ച ഉത്തരവാദിത്തവും സ്നേഹവും ഇന്നും ആ വ്യക്തിയോടുള്ള എന്റെ ബഹുമാനം ഇരട്ടിയാക്കുന്നു”.
മുന്‍ മുഖ്യമന്ത്രിമാരായ കെ.കരുണാകരന്, ഇ.കെ.നായനാര്‍ എന്നിവരുമായി നല്ല സൗഹൃദബന്ധം സ്ഥാപിച്ചിരുന്നു. തമാശകള്‍ പറയുന്നതിലും പങ്കുവെയ്ക്കുന്നതിലും രണ്ട് പേരും ഒട്ടും പിറകില്‍ അല്ലായിരുന്നെന്നും അദ്ദേഹം പറയുന്നു.
2005 ഫെബ്രുവരി 28ന് തന്റെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച ശശിധരന് നായര്‍ ഇന്ന് ശ്രീപത്മനാഭന്റെ പാദം പതിഞ്ഞ മണ്ണെന്ന് പേരുകേട്ട തിരുവനന്തപുരം ജില്ലയിലെ തൃപ്പാദപുരത്താണ് താമസം.
1992-ല്‍ ചീഫ് ഫോട്ടോഗ്രാഫര്‍ ആയി ഉയര്‍ന്നപ്പോഴേക്കും നിര്‍ണ്ണായകമായ പല ചിത്രങ്ങളും ശശിധരന് നായരുടെ ക്ലിക്കില്‍ പിറന്നിരുന്നു. കാലം പിന്നാക്കം മറിയുമ്പോഴും അദ്ദേഹത്തിലെ ഫോട്ടോ ജേര്‍ണലിസ്റ്റിന്റെ ആവേശത്തിന് ഒട്ടും കുറവ് വന്നിട്ടില്ല. ഇന്നും തന്റെ ക്യാമറയുടെ അതേ ചടുലതയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ക്കും പ്രവൃത്തിയ്ക്കും.
തെല്ലൊന്ന് ടൈമിംഗ് തെറ്റിയാല്‍ ഇല്ലാതാകുന്നതാണ് ഒരു ഫോട്ടോഗ്രാഫറുടെ ജീവിതമെങ്കില്‍ അതേ ടൈമിംഗിലെ ക്ലിക്ക് തന്നെയാണ് അയാളുടെ ജീവിതം മാറ്റിമറിക്കുകയെന്നും അദ്ദേഹം പറയുന്നു. വാര്‍ത്തകളേക്കാള്‍ പെട്ടെന്ന് ആശയം കൈമാറുന്ന ചിത്രങ്ങളോടും ക്യാമറയോടുമുള്ള തന്റെ പ്രണയം ഇന്നും തീവ്രമാണെന്ന് അദ്ദേഹം അടിവരയിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: