തിരുവള്ളുവര്‍ തിരുക്കുറളില്‍ ഇങ്ങനെ പറയുന്നുണ്ട്.
വിരൈന്തു തൊഴില്‍ കേട്കും ഞാലം നിരന്തിനിതു
ചൊല്ലുതല്‍ വല്ലാര്‍ പ്പെറിന്‍”
കേരളത്തിന്റെ വരിഷ്ഠകവി എസ്. രമേശന് നായര്‍ പ്രസ്തുത വരികളെ ശ്രേഷ്ഠഭാഷയായ മലയാളത്തിലേക്ക് ഇങ്ങനെ മൊഴിമാറ്റി.
ചിട്ടയൊടു സാരവാക്കോതുന്ന വാഗ്മികളി-
ലിഷ്ടം പുലര്‍ത്തുന്നു ലോകം”
കാര്യങ്ങളെല്ലാം ഭംഗിയായി പഠിച്ച് അടുക്കായും ചിട്ടയായും അതിന്റെ സാരാംശം ആസ്വാദ്യമാംവണ്ണം അവതരിപ്പിക്കാന്‍ കഴിവുള്ള വാഗ്വല്ലഭന്മാരെ ലോകം സന്തോഷപൂര്‍വ്വം സ്വീകരിക്കുകയും അനുസരിക്കുകയും ചെയ്യും.”
മലയാള കഥയുടെ കുലപതിയെന്നു വിശേഷിപ്പിക്കുന്ന ടി. പത്മനാഭന് തിരുവള്ളുവര്‍ പ്രവചിച്ച മഹാനായ എഴുത്തുകാരനാണ്. അത്തരത്തിലൊരു വിശിഷ്ടപ്രതിഭയെ തപസ്യ ആദരിച്ച പരിപാടിയാണ് കണ്ണൂരില്‍ 2015 ജനുവരി 24-ാം തീയതി ശനിയാഴ്ച രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം അഞ്ചുമണിവരെ ജവഹര്‍ ഓഡിറ്റോറിയത്തില്‍ നടന്നത്.
ജന്മനാടിന്റെ ആദരവ് കൊതിക്കാത്തവര്‍ ആരുമുണ്ടാകില്ല. ലോകം മുഴുവന്‍ ബഹുമാനിക്കപ്പെടുമ്പോഴും ഏതു കലാകാരനും ആഗ്രഹിക്കുന്നത് സ്വന്തം നാട്ടിന്റെ ആദരവും സ്വീകരണങ്ങളുമാണ്. ഭാരതം റിപ്പബ്ലിക്കായ വര്‍ഷമാണ് പത്മനാഭന് കഥയെഴുതുവാന്‍ തുടങ്ങിയത്. ഭാരതത്തിന്റെ അറുപത്തിയാറാം റിപ്പബ്ലിക് ആഘോഷിക്കുമ്പോള്‍ പത്മനാഭന് കഥയെഴുത്തിന്റെ അറുപത്തിയാറു വര്‍ഷങ്ങള്‍ പിന്നിടുകയാണ്.
ഒരു നിയോഗം പോലെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ ഖാദിവസ്ത്രം മാത്രം ധരിക്കുന്ന ടി. പത്മനാഭന്. ദുശ്ശീലങ്ങളായ സിഗരറ്റും മദ്യവും ഇറച്ചിയും ഒന്നും രുചിക്കാത്ത സസ്യാഹാരിയായ എഴുത്തുകാരന്. ഓട്ടോറിക്ഷയെ തന്റെ ഔദ്യോഗിക വാഹനമാക്കി
കഥാസരിത്സാഗരകര്ത്താവായ സോമദേവഭട്ടനെപ്പോലെ കഥപറയുകയും കഥയിലൂടെ മൂല്യങ്ങളുടെ ഗംഗാപ്രവാഹം സൃഷ്ടിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന കഥാപത്മനാഭന്.
തപസ്യയുടെ ‘കഥാപത്മനാഭം’ അങ്ങനെയാണ് ആരംഭിച്ചത്. പരിപാടിയുടെ വൈവിധ്യമാര്‍ന്ന പേരുകള്‍ തന്നെ നൂതനങ്ങളായിരുന്നു. സമാരംഭപര്‍വ്വം, ആദരപര്‍വ്വം, ആസ്വാദനപര്വ്വം, സംവാദപര്വ്വം, കലാപര്വ്വം എന്നിങ്ങനെ അഞ്ചു സെഷനുകളായി നടന്ന കഥാപത്മനാഭം പരിപാടി ഉദ്ഘാടനം ചെയ്തത് പ്രശസ്തകവി മേലത്ത് ചന്ദ്രശേഖരനായിരുന്നു.
ബാലഗോകുലത്തിന്റെ കുട്ടികള്‍ അറുപത്തിയാറ് പനിനീര്‍പ്പൂക്കള്‍ ടി. പത്മനാഭന് നല്കി ഗുരുപ്രണാമത്തോടെയുള്ള ഉദ്ഘാടന പരിപാടി സദസ്സിനെ വികാരഭരിതമാക്കി. കഥയുടെ കുലപതി ടി. പത്മനാഭന് എല്ലാ കുട്ടികളെയും തലതൊട്ട് ആശിര്‍വദിക്കുമ്പോള്‍ ഒരുവലിയ ഗുരുശിഷ്യബന്ധം ഓര്മ്മപ്പെടുത്തുന്നതുപോലെയായി.
മേലത്ത് ചന്ദ്രശേഖരന് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു. പനിനീര്പൂക്കള് സ്വാഭാവികമായി വിടരുന്നതാണ്. പത്മനാഭന്റെ അറുപത്തിയാറു വര്‍ഷങ്ങളിലായി വിരിഞ്ഞ നൂറ്റിതൊണ്ണൂറിലധികം കഥാകുസുമങ്ങള്‍ മലയാളത്തില്‍ സുഗന്ധം പരത്തിക്കൊണ്ടിരിക്കുകയാണ്. അറുപത്തിയാറ് വര്‍ഷങ്ങള്‍ തപം ചെയ്താണ് പത്മനാഭന് കഥകളെഴുതിയത്. കഥാജന്മമാണ് പത്മനാഭന്. മഹാകവി കുഞ്ഞിരാമന് നായരെക്കുറിച്ചും ഇങ്ങനെ പറയാറുണ്ട്. അദ്ദേഹം കേശാദിപാദം കവിയാണെന്ന്. അതുപോലെ കേശാദിപാദം കഥാകാരനാണ് ടി. പത്മനാഭന്.
വിശ്വവിസ്മയകഥാകാരനാണ് മലയാളത്തിന്റെ ഈ മഹാകുലപതി. എവിടെ അനീതി കാണുന്നുവോ, എവിടെ അസമത്വം കാണുന്നുവോ, എവിടെ ഏകാധിപത്യം കാണുന്നുവോ അവിടെ പപ്പേട്ടനുണ്ട്. നട്ടെല്ലു നിവര്‍ത്തി നിര്‍ഭയം പോരാടാന്‍. സത്യത്തിന്റെ മുത്തുമണികള്‍ കോര്ത്തുനിറച്ചതാണ് ആ ജീവിതം. പ്രതിഭയുടെ സ്വരൂപമുത്താണ് ടി. പത്മനാഭന്. കാലത്തിന്റെ നിയോഗമാണ് ഈ കഥയുടെ കാലഭൈരവന്.
മലയാള കഥയുടെ വിരാട്പുരുഷനായ പത്മനാഭന് കഥകള്‍ എഴുതുകയല്ല ചെയ്യുന്നത്. കഥകളിലൂടെ പത്മനാഭനെ എഴുതുകയാണ്.
തപസ്യയുടെ സംസ്ഥാന അധ്യക്ഷന്‍ കവി എസ്. രമേശന് നായര്‍ അധ്യക്ഷത വഹിച്ച ആദരപര്വ്വത്തില് തീക്കടല്‍ കടഞ്ഞ് തിരുമധുരം നല്കിയ മലയാളത്തിന്റെ എഴുത്തച്ഛന് സി. രാധാകൃഷ്ണന് ടി.പത്മനാഭനെ ആദരിച്ചുകൊണ്ടുചെയ്ത പ്രഭാഷണം പത്മനാഭനെ ഉള്ളറിഞ്ഞ് കണ്ടെത്തുന്നതായിരുന്നു.
പത്മനാഭന്റെ കഥാനന്തരാവകാശിയും കൈകേയിയിലൂടെ മലയാള സാഹിത്യത്തില്‍ നവമാനങ്ങള്‍ സൃഷ്ടിച്ച എഴുത്തുകാരനുമായ ടി.എന്‍. പ്രകാശ് പറഞ്ഞത് കഥാപത്മനാഭത്തിലെ യുവാക്കളുടെ സമ്പുഷ്ടമായ സാന്നിധ്യം ആഹ്ലാദഭരിതമാക്കുന്നു എന്നാണ്. സദസ്സിനെ നോക്കി കുഴമ്പു മണക്കാത്തവരുടെ ആള്‍ക്കൂട്ടം”വേറിട്ട ഒരു സദസ്സാണെന്നതിന്റെ സാക്ഷ്യപ്പെടുത്തലാണ് ഈ നിറഞ്ഞ സദസ്സെന്നു പറഞ്ഞു. പപ്പേട്ടന്റ രചനകള്‍ ഓരോ തവണ വായിക്കുമ്പോഴും ഓരോ രസതലങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്.
പത്മനാഭന്റെ കഥകള്‍ ക്ലാസ്സിക്കുകളാകുന്നത് ഈ വ്യത്യസ്തതയാര്‍ന്ന രസതലങ്ങളിലൂടെയാണ്. രാമായണംപോലെയും മഹാഭാരതംപോലെയും ചെറിയ കാര്യങ്ങളിലൂടെ മഹത്തായ ഭാവങ്ങള്‍ സൃഷ്ടിക്കുന്ന മഹാനായ എഴുത്തുകാരനാണ് ടി. പത്മനാഭനെന്ന് ആശംസാ പ്രസംഗത്തില്‍ ടി.എന്‍ പ്രകാശ് അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ ടി. പത്മനാഭന് ഉപഹാരസമര്‍പ്പണം നടത്തിയത് സി. രാധാകൃഷ്ണനായിരുന്നു. വത്സന് തില്ലങ്കേരി ആശംസനേര്‍ന്നു. ടി. പത്മനാഭന്കഥകളിലെ കഥാപാത്രമായ രാമചന്ദ്രനെ തപസ്യ ഉപഹാരം നല്കി ആദരിച്ചത് വേറിട്ട ഒരു പുതുമയായി.
വളരെ ഹ്രസ്വമായ ഒരു മറുപടി പ്രസംഗമാണ് ടി. പത്മനാഭന് നടത്തിയത്. എന്റെ കഥ വായിച്ച് ആരും മോശക്കാരായി മാറിയിട്ടില്ല, ഇനി മാറുകയുമില്ല. കാരണം ഞാന്‍ ഇന്നുവരെയും ഒരു ദുഷ്ടകഥാപാത്രത്തെ സൃഷ്ടിച്ചിട്ടില്ല. ഞാനെഴുതാതെ തന്നെ ഏറെ ദുഷ്ട കഥാപാത്രങ്ങളുണ്ട്. പിന്നെ ഞാനെന്തിനാണ് വീണ്ടും പുതിയ ദുഷ്ടകഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത്? പലരും ഇത് എന്റെ കഴിവുകേടു കൊണ്ടാണെന്ന് പറഞ്ഞിട്ടുണ്ട്.
പക്ഷേ സ്വാഭാവികമായി സംഭവിച്ചതാണ്. അതിലെനിക്ക് അഭിമാനം തോന്നുന്നു. ഇനിയുള്ള കാലം ഒരു ദുഷ്ടകഥാപാത്രത്തെയും ഞാന്‍ സൃഷ്ടിക്കില്ല എന്നുറപ്പുതരുന്നു. ലോക സാഹിത്യത്തില്‍ ആരും പ്രഖ്യാപിക്കാത്ത ഒരു പ്രഖ്യാപനമാണ് ടി. പത്മനാഭന് തപസ്യയുടെ കഥാപത്മനാഭം പരിപാടിയില്‍ പ്രഖ്യാപിച്ചത്. സദസ്സ് നിറഞ്ഞ കരഘോഷത്തോടെയാണ് ആ മൂല്യങ്ങളുടെ എഴുത്തുകാരന്റെ മൂല്യാധിഷ്ഠിത രചനാപ്രഖ്യാപനത്തെ വരവേറ്റതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: