കണ്ടറിഞ്ഞു ചെയ്യുക എന്നതാണ് കൃതാര്‍ത്ഥതയുടെ അര്‍ത്ഥം. മലയാള സാഹിത്യത്തില്‍ പപ്പേട്ടന്റെ സ്ഥാനം എന്ത്? കൃതാര്‍ത്ഥതയോടെ നാമോരോരുത്തരും അദ്ദേഹത്തിന്റെ നല്ല മനസ്സിനെക്കുറിച്ച്, സമാനതകളില്ലാത്ത രചനകളെക്കുറിച്ച് ഇവിടെ ചര്‍ച്ച ചെയ്യുകയാണ്. അദ്ദേഹത്തെ നാം കൂടുതല്‍ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു.
ഈ ഭൂമുഖത്ത് ചെറിയവനോ അല്പനോ ആയി ആരുമില്ല. വലിയ പുരസ്കാരങ്ങള്‍ ഒരാളെ വലുതാക്കുകയോ, അതു ലഭിക്കാത്തവര്‍ ചെറുതാകുകയോ ചെയ്യുന്നില്ല. ടോള്‍സ്റ്റോയിക്കോ, ദസ്തയോവ്സ്കിക്കോ, ഗാന്ധിജിക്കോ നോബല്‍ സമ്മാനം കിട്ടിയിട്ടില്ല. എന്നാല്‍ ടാഗോറിന് നോബല്‍ സമ്മാനം കിട്ടിയിട്ടുമുണ്ട്. ചരിത്രത്തില്‍ ഇത്തരത്തില്‍ പലതും സ്വാഭാവികം മാത്രമാണ്. പ്രകൃതി ഒന്നു നിശ്ചയിച്ചിട്ടുണ്ട്. അതേ നടക്കൂ.
ഭാരതപ്പുഴ കുറ്റിപ്പുറത്തുകൂടി ഒഴുകുന്നു എന്നത് പ്രകൃതിയുടെ ഒരു നിശ്ചയമാണ്. അതെന്തുകൊണ്ട് കണ്ണൂരിലൂടെ ഒഴുകുന്നില്ല എന്ന ചോദ്യത്തിന് പ്രസക്തിയില്ല. പഴയ ആളുകള്‍ അതുകൊണ്ടാണ് എല്ലാം നല്ലതിനാണ് എന്ന് പറയുന്നത്.
നാം പലപ്പോഴും പ്രയോഗിക്കാറുണ്ട്, കഥയില്ലാത്തവന് എന്ന്. പഴമക്കാരുടേതാണ് കഥയില്ലാത്തവന് എന്ന പ്രയോഗം. യഥാര്‍ത്ഥത്തില്‍ കഥയില്ലാത്തവന് എന്നാല്‍ ഇതിഹാസപുരാണകഥകള്‍ വായിച്ചിട്ടില്ലാത്തവന്‍ എന്നാണര്‍ത്ഥം. വിവരക്കേടുകാണിക്കുന്നവരെ കഥയില്ലാത്തവന് എന്ന് വിളിക്കുന്നു. ഇതിഹാസപുരാണങ്ങള്‍ വായിച്ചവര്‍ കഥയുള്ളവരാണ് എന്നാണിതിന്റെ സാരം.
അതുപോലെ അന്തമില്ലാത്തവന് എന്നാല്‍ വേദാന്തമറിയാത്തവന് എന്നര്‍ത്ഥം. വേദാന്തങ്ങള്‍ ഭാരതീയ ദര്‍ശനമാണല്ലോ. ദര്ശനമറിയാത്തവന് എന്നാണ് അന്തമില്ലാത്തവന് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ദര്ശനമറിയുന്നവരില് നിന്നാണ് കഥയുണ്ടാകുന്നത്, കഥാപത്മനാഭമുണ്ടാകുന്നത്. സൃഷ്ടി പത്മനാഭത്തില്‍ നിന്നാണുണ്ടായത്. സൃഷ്ടി വീണ്ടും നടക്കും. ചാക്രികമായി നടന്നുകൊണ്ടേയിരിക്കുന്നു സൃഷ്ടി. കഥ വീണ്ടും ആവിഷ്ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്നതാണ്. മായ്ക്കപ്പെടുന്ന സങ്കല്പ്പ സൃഷ്ടികള്‍ വീണ്ടും പുനരാവിഷ്ക്കരിക്കപ്പെടുമോ എന്ന ചോദ്യമുണ്ട്. ചുരുക്കത്തില്‍ ചാക്രികഗതിയില്‍ നടന്നു കൊണ്ടിരിക്കുന്ന അനസ്യൂതസൃഷ്ടിപരതയാണ് കഥാപത്മനാഭം.
നിത്യവും പ്രസാദം രുചിക്കുക. അതിന് വ്യാസഭഗവാന് കഥാശ്രവണം, കവിതാശ്രവണം വേണമെന്നാണ് നമ്മെ ഉദ്ബോധിപ്പിക്കുന്നത്. കഥാശ്രവണത്തിലൂടെയാണ് നാം ലയത്തില്‍ എത്തിച്ചേരുന്നത്. നാല് അവസ്ഥകളിലൂടെ ലയം പൂര്‍ത്തിയാക്കുന്ന വിദ്യയാണ് സാഹിത്യം. നല്ല സാഹിത്യ സൃഷ്ടികളുടെ ലക്ഷ്യം ലയമാണ്. ടി.പത്മനാഭന്റെ കഥകള്‍ അത്തരത്തിലുള്ള ലയം സൃഷ്ടിക്കുന്ന രചനകളാണ്. യഥാര്‍ത്ഥ ആനന്ദം ലഭിക്കുന്ന സാഹിത്യ സൃഷ്ടികളാണ് പത്മനാഭകഥകള്.
നല്ല സൃഷ്ടികളെ വിലയിരുത്തുന്നത് കാലമാണ്. നാം പലപ്പോഴും വേണ്ടാത്തതാണ് ചര്‍ച്ച ചെയ്യുന്നത്. ലയം നോക്കിയാണ് സാഹിത്യസൃഷ്ടിയെ വിലയിരുത്തുന്നത്. അത്തരം സാഹിത്യമാണ് ശാശ്വതമായി നിലനില്‍ക്കുന്നത്. ഉദാത്ത സാഹിത്യസൃഷ്ടി കൃത്യമായി വായിക്കുന്നയാള് മാറ്റത്തിനു വിധേയനാകും. സൃഷ്ടിപരമായ, സാംസ്കാരികമായ ഒരു പരിണാമം വായനക്കാരന് അതില്‍നിന്ന് ലഭിച്ചിരിക്കും. സാഹിത്യം സാര്വ്വലൗകികമാകുന്നത് യഥാര്‍ത്ഥത്തില്‍ അപ്പോഴാണ്.
പപ്പേട്ടന്റെ കഥകള്‍ സാര്വ്വലൗകികലയം സൃഷ്ടിക്കുന്നവയാണ്. വാക്കിന്റെ ഉപാധികളിലൂടെ പപ്പേട്ടന് ലയം സൃഷ്ടിക്കുന്നു. സാഹിത്യം മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ധ്വനിയാണ്. രാമായണം, മഹാഭാരതം, കാളിദാസകൃതികള്‍ ഇവയെല്ലാം ധ്വനിയെന്ന മാസ്മരിക വിദ്യയാല്‍ പൂര്‍ണമാണ്. പത്മനാഥകഥകളും ധ്വനിസമൃദ്ധമാണ്.
നാമൊക്കെ നാളെയെക്കുറിച്ച് വേവലാതിപ്പെടുന്നവരാണ്. നാളെയെക്കുറിച്ച് വേവലാതിപ്പെടാത്തൊരാളാണ് ടി. പത്മനാഭന്. പത്മനാഭരചനകള് ശാന്തി സൃഷ്ടിക്കുന്നവയാണ്. നാമെല്ലാം പടിഞ്ഞാറിന്റെ അളവുകോലിലാണ് സാഹിത്യത്തെ വിലയിരുത്തുന്നത്. പടിഞ്ഞാറിന്റെ സിദ്ധാന്തത്തില്‍ ഒരു കൃതി അനാവശ്യ വിചാരങ്ങളുണ്ടാക്കുന്നു എന്നതാണ് മാനദണ്ഡം. അവര്‍ നല്ല കാര്യത്തെക്കുറിച്ച് ഒീം ലേൃൃശയഹല എന്നാണ് ഉപയോഗിക്കുന്നത്.
നാം ഭാരതീയര്‍ ശാന്തി തരുന്നത് എന്ന അര്‍ത്ഥത്തിലാണ് അത് ഉള്‍ക്കൊള്ളുന്നത്.
നവരസങ്ങളുണ്ടല്ലോ നമുക്ക്. ഒന്‍പത് രസങ്ങളില്‍ ഏറ്റവും സുഖകരം ശാന്തമാണ്. നവരസങ്ങളുടെ നടുക്കാണ് ശാന്തം. എല്ലാം ശാന്തമാവുമ്പോള്‍ ബാക്കിയെല്ലാം തകര്‍ന്നുവീഴും. ഭാരതീയര്‍ ശാന്തിപര്വ്വങ്ങളിലാണ് ആശ്വാസംകൊള്ളുന്നത്. നമ്മുടെ കാവ്യങ്ങള്‍ അവസാനിക്കുന്നത് ശാന്തിപര്വ്വത്തിലായിരിക്കും.
ഇപ്പോള്‍ത്തന്നെ നോക്കുക. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ രാമായണവും മഹാഭാരതവും കൂടുതല്‍ വായിക്കപ്പെടുന്നു. കാരണം അതില്‍ ശാന്തമാണ് ഭാവം. അവര്‍പോലും ഇപ്പോള്‍ ബഹളമല്ല ഇഷ്ടപ്പെടുന്നത്, ശാന്തിയാണ്.
പപ്പേട്ടന്റെ കഥകള്‍ നമ്മെ ശാന്തിയിലേക്ക് ആനയിക്കുന്നു. കുട്ടികള്‍ മനസ്സിലാക്കേണ്ട ഒരുകാര്യം ആദരിക്കുക എന്നതിന് പപ്പേട്ടനെ വായിക്കുക എന്നതാണ്. ഒരു തവണയല്ല രണ്ടു തവണയല്ല, ഒരുപാടുതവണ വായിക്കുക എന്നതാണ്. നൂറ്റിയൊന്നാവര്‍ത്തി വായിക്കുമ്പോള്‍ നൂറ്റിയൊന്നു ലയങ്ങളിലൂടെ പപ്പേട്ടന് വായിക്കപ്പെടുന്നു. പപ്പേട്ടന്റെ കഥകള്‍ സ്നേഹത്തില്‍ തുടങ്ങുന്നു. സ്നേഹത്തിലവസാനിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: