ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ ദല്‍ഹിയിലെ ചുവപ്പുകോട്ടയില്‍ ദേശീയപതാകയുയര്‍ത്തിയശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്ത കന്നി പ്രസംഗം ചരിത്രം സൃഷ്ടിച്ചുവെന്ന് എല്ലാവരും സമ്മതിക്കും. പഞ്ചാബില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ അഴിഞ്ഞാടിയ കാലം മുതല്‍ വെടിയുണ്ടയേല്‍ക്കാത്ത കണ്ണാടിക്കൂട്ടില്‍ നിന്നുകൊണ്ടായിരുന്നു പ്രധാനമന്ത്രിമാര്‍ സന്ദേശം നല്കിവന്നത്. അധികംപേരും അതെഴുതി വായിക്കുകയായിരുന്നു.
പ്രസംഗത്തിനുമുമ്പ് കണ്ണാടിക്കൂട് മാറ്റാന്‍ മോദി ആവശ്യപ്പെട്ടു. പ്രസംഗം എഴുതി വായിക്കാതെ ഹൃദയത്തില്‍നിന്ന് നേരിട്ട് ശ്രോതാക്കളുടെ മനസ്സിലേക്ക് അദ്ദേഹം തൊടുത്തുവിടുകയാണ് ചെയ്തത്. പ്രസംഗം ചുവപ്പുകോട്ട മൈതാനത്ത് തടിച്ചുകൂടിയ പതിനായിരങ്ങള്‍ ദത്തശ്രദ്ധരായി കേള്‍ക്കുക മാത്രമല്ല ഹര്‍ഷാരവങ്ങളോടെ ആസ്വദിക്കുകയും ചെയ്തു. അതിനുപുറമെ ഭാരതത്തിലെങ്ങും തത്സമയം അത് കോടിക്കണക്കിന് ദേശവാസികള്‍ കാണുകയും ആസ്വദിക്കുകയും ചെയ്തു.
ബൗദ്ധികതലത്തിലുള്ള വാചാടോപമോ കടിച്ചാല്‍ പൊട്ടാത്ത കാര്യങ്ങളോ അല്ലായിരുന്നു പ്രഭാഷണ വിഷയം. രാജ്യത്തെങ്ങുമുള്ള സാധാരണക്കാരായ ജനങ്ങള്‍-ഗ്രാമവാസികളും നഗരവാസികളും ഒരുപോലെ അനുഭവിക്കുന്ന പൊള്ളുന്ന ദൈനംദിന വിഷമതകള്‍ എടുത്തുപറഞ്ഞുകൊണ്ട് അവയ്ക്കൊക്കെ പരിഹാരമുണ്ടാക്കാന്‍ ത്വരിതവും കാര്യക്ഷമവുമായ നടപടികള്‍ എടുക്കുന്ന നിര്‍ദ്ദേശങ്ങളാണ് അദ്ദേഹം മുന്നില്‍വെച്ചത്. സാധാരണക്കാരില്‍ സാധാരണക്കാരനായി ജനിച്ച്, ജീവിതത്തിന്റെ കടുത്ത പരീക്ഷണങ്ങളെ നേരിട്ട് അവധൂതനെപ്പോലെ രാജ്യമെങ്ങും ചുറ്റിസഞ്ചരിച്ചാണ് മോദി ജീവിതാനുഭവങ്ങള്‍ നേടിയത്.
രാഷ്ട്രീയ സ്വയംസേവകനും പ്രചാരകനുമായി പ്രവര്‍ത്തിച്ചതില്‍ നിന്നു നേടിയ പ്രായോഗിക ജീവിതാനുഭവങ്ങള്‍ അദ്ദേഹത്തെ ഒന്നാന്തരം കാര്യകര്ത്താവാക്കിത്തീര്ത്തു. മൂന്നുതവണ ഗുജറാത്തില്‍ മുഖ്യമന്ത്രിയായി ചുമതലവഹിച്ചതോടെ ഭരണനിര്‍വഹണത്തിന്റെ അകവും പുറവും മനസ്സിലാക്കുന്നതിനദ്ദേഹത്തിനുകഴിഞ്ഞു. മുമ്പൊരു പ്രധാനമന്ത്രിക്കും നേടാന്‍ കഴിഞ്ഞിട്ടില്ലാത്ത അനുഭവത്തിന്റെ പരിപാകമായിരുന്നു ചുവപ്പുകോട്ടയിലെ പ്രസംഗത്തില്‍ കേട്ടത്.
നരേന്ദ്രമോദിയോട് തികഞ്ഞ വൈമനസ്യം വെച്ചുപുലര്‍ത്തിയ എന്റെ ഒരു ബന്ധുകൂടിയായ പ്രശസ്ത പത്രപ്രവര്‍ത്തക, ആ പ്രസംഗം കേട്ടതോടെ തരിച്ചിരുന്നുപോയത്രെ.
പെണ്‍കുട്ടികള്‍ക്ക് വിദ്യാലയങ്ങളിലും പെണ്ണുങ്ങള്‍ക്ക് പൊതുഇടങ്ങളിലും സ്വച്ഛതയോടെ ഉപയോഗിക്കാവുന്ന ശൗചാലയങ്ങള്‍ സ്ഥാപിക്കുകയെന്നത് തന്റെ സര്‍ക്കാരിന്റെ പരിപാടിയായിരിക്കുമെന്ന പ്രഖ്യാപനം അവരെ അത്യന്തം ആകര്‍ഷിച്ചു. വീട്ടില്‍നിന്ന് പുറത്തുപോകുന്ന പെണ്‍കുട്ടികള്‍ തിരിച്ചെത്തുമ്പോള്‍ അല്‍പ്പം വൈകിയാല്‍ കുറ്റവിചാരണ നടത്തുന്ന മുതിര്‍ന്നവരും രക്ഷിതാക്കളും ആണ്കുട്ടികളോട,് സമയം എവിടെ എങ്ങനെ ചെലവഴിച്ചുവെന്നു ചോദിക്കാന്‍ ധൈര്യപ്പെടുമോ എന്നദ്ദേഹം അന്വേഷിച്ചു.
ഭാരതമെങ്ങും ശുചീകരിക്കുന്നതിനുള്ള സ്വച്ഛഭാരതമെന്ന ദേശീയപരിപാടിക്ക് പ്രധാനമന്ത്രി തുടക്കംകുറിച്ചു. 2020 ആകുമ്പോഴേക്കും ടോയ്ലറ്റും ശുദ്ധജലവും ലഭ്യമാകാത്ത ഒരു വീടു ഉണ്ടാകരുത് എന്നതാണ് ലക്ഷ്യം. സ്വച്ഛതയുടെ മറ്റൊരു ‘കൊടിക്കപ്പല്’ (ഫഌഗ് ഷിപ്പ്) പരിപാടിയായി ഗംഗാശുചീകരണവും അദ്ദേഹം പ്രഖ്യാപിച്ചു. രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്തുതന്നെ ‘ഗംഗ ആക്ഷന്‍ പ്ലാന്‍’ ഉണ്ടായിരുന്നു.
കോണ്‍ഗ്രസിന് സഹജമായ വെട്ടിപ്പിന്റെ ഒരു പുതിയ കൊയ്ത്തുപാടമായിത്തീര്ന്നതല്ലാതെ അന്നൊന്നും സംഭവിച്ചില്ല. ഭാരതത്തിലെ 456 കോടി ജനങ്ങള്‍ സൃഷ്ടിക്കുന്ന സകലമാലിന്യങ്ങളും ഒഴുകിപ്പോകുന്ന അഴുക്കുചാലായി കഴിഞ്ഞ 100 വര്‍ഷങ്ങള്‍ക്കിടെ ഗംഗയും പോഷകനദികളും മാറിക്കഴിഞ്ഞു. മാലിന്യത്തെ നദിയിലേക്കൊഴുക്കാതെ ഉറവിടത്തില്‍തന്നെ സംസ്കരിച്ച് ജനോപകാരപ്രദവും വൈവിധ്യമാര്‍ന്നതുമായ ആവശ്യങ്ങള്ക്കുപയോഗിക്കുന്നതിനാണ് പരിപാടി.
പ്രകൃതിയുടെ വിളര്‍ച്ചയ്ക്ക് പരസ്യാരാധനയിലൂടെ മറുപടി നല്കുന്നതായിരുന്നല്ലൊ നമ്മുടെ പഴയ പാരമ്പര്യം. എന്റെ ബാല്യകാലത്ത് വീടുകളില്‍ കക്കൂസ് ഉണ്ടായിരുന്നില്ല. പറമ്പിന്റെ ഒരരികത്തു കുഴികുത്തി ചിലപ്പോള്‍ മറപ്പുര നിര്‍മിച്ച് കാര്യം നടത്തിവന്നു. 1944 ല്‍ തൊടുപുഴ ടൗണില്‍ ധന്വന്തരി വൈദ്യശാലാ സ്ഥാപകന്‍ വൈദ്യന് സി.എന്‍.നമ്പൂതിരി പണിത മനോഹരമായ വസതിയിലാണ് ഞാന്‍ ആദ്യമായി ആധുനികരീതിയിലുള്ള ടോയ്ലറ്റ് കണ്ടത്. അതിന്റെ വൃത്തിയും മിനുപ്പും കണ്ടിട്ട് അതെങ്ങനെ ഉപയോഗിക്കുമെന്നത് വലിയൊരു സംശയമായി അവശേഷിച്ചു. സഹപാഠിയായിരുന്ന വൈദ്യന്റെ മകന് ആണ് കാര്യങ്ങള്‍ വിശദമാക്കിത്തന്നത്. അദ്ദേഹമാണ് ഇന്ന് സ്ഥാപനത്തിന്റെ തലവന്‍.
പുഴയോരങ്ങളും തോട്ടിറമ്പുകളും വയലുകളുമൊക്കെ പണ്ടുപരസ്യാരാധനാ സ്ഥലങ്ങളായിരുന്നു. പ്രചാരകനായി പ്രവര്‍ത്തിച്ച സ്ഥലങ്ങളില്‍ കടപ്പുറങ്ങളും കശുമാവിന് തോപ്പുകളും തെങ്ങിന്‍തോപ്പുകളുമൊക്കെ ഉപയോഗിച്ചുവന്നു. സംഘശിക്ഷാവര്‍ഗില്‍ പങ്കെടുക്കാന്‍ നാഗ്പൂരിലേക്ക് പോയ തീവണ്ടിയിലിരുന്ന് പാളത്തിന്റെ ഇരുവശങ്ങളിലും സ്ത്രീപുരുഷ ഭേദമില്ലാതെ ആയിരക്കണക്കിനാളുകളുടെ ഈ രംഗത്തുള്ള ദുരിതങ്ങള്‍ കാണാന്‍ അവസരമുണ്ടായി. പാലക്കാട്ട് പട്ടണത്തിന്റെ ചില ഭാഗങ്ങളില്‍ രാവിലെ നിരത്തുകളുടെ നടുവിലൂടെയല്ലാതെ വിസര്‍ജ്യം ചവിട്ടാതെ നടക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായിരുന്നു.
ആദ്യകാലങ്ങളില്‍ അവിടെ പ്രവര്‍ത്തിച്ച സംഘപ്രചാരകന്മാര് ചൂരലുമായി നടന്ന് അതിനെ നിരുത്സാഹപ്പെടുത്തിയിരുന്നത്രെ. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകരില്‍ പ്രമുഖനായിരുന്ന പി.കൃഷ്ണപിള്ളയുടെ അകാലമൃത്യുവിനു കാരണം, ഇന്ന് പ്രസിദ്ധി നേടിയ അദ്ദേഹത്തിന്റെ ഒളിത്താവളമായിരുന്ന വീട്ടില്‍ കക്കൂസ് ഇല്ലാത്തതായിരുന്നു. രാത്രിയില്‍ പറമ്പില്‍ പോയപ്പോള്‍ പാമ്പുകടിച്ചായിരുന്നല്ലൊ മരണം.
ചെന്നൈയില്‍ ഒരിക്കല്‍ ബിജെപിയുടെ ദേശീയ സമിതി ജന്മഭൂമിക്കുവേണ്ടി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോള്‍ പഴയപ്രചാരകനും വിവേകാനന്ദശിലാ സ്മാരക സമിതി പ്രവര്‍ത്തകനുമായിരുന്ന ശ്രീരാമചന്ദ്ര പ്രഭുവുമൊത്ത് തിരുവല്ലിക്കേണി ക്ഷേത്രപരിസരത്തുകൂടി നടക്കവേ റോഡിനുനടുക്കൂടെ നടക്കാന്‍ അദ്ദേഹം ഉപദേശിച്ചു. ”ചുറ്റുപാടും ഇരുട്ട് കാണുന്നവര്‍ക്ക് നാണം” എന്നതാണ് അവരുടെ തത്വം എന്നുതോന്നി.
ഭാരതീയരുടെ ഈ ശീലത്തെ പരിഹസിച്ചുകൊണ്ട് സോവിയറ്റ് യൂണിയന്റെ കാലത്തെ ഒരു തമാശയുണ്ടായിരുന്നു. 1956 ല്‍ സോവിയറ്റ് നേതാക്കളായിരുന്ന നികിതാ ക്രൂശ്ചേവും നിക്കോളായ് ബുള്‍ഗാനിനും ഭാരതത്തില്‍ രണ്ടാഴ്ചത്തെ സന്ദര്ശനത്തിനുവന്നു. ഭാരത-സോവിയറ്റ് സൗഹൃദത്തിന്റെ അടിത്തറ പണിതസന്ദര്ശനമായിരുന്നു ഇത്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധഃപതനവും അന്നാരംഭിച്ചു. പ്രധാനമന്ത്രി നെഹ്റു തന്നെ സോവിയറ്റ് നേതാക്കളെ സ്വീകരിക്കാനും എഴുന്നെള്ളിച്ചുകൊണ്ടുനടക്കാനും മുന്‍കൈയെടുത്തു.
നെഹ്റുവും ക്രൂശ്ചേവും പ്രഭാതസവാരിക്കായി യമുനാ തീരത്തൂടെ നടക്കുമ്പോള്‍ നദീതീരത്ത് നൂറുകണക്കിനാളുകള്‍ നിരന്നിരുന്ന് പരസ്യാരാധന സാധിക്കുന്നതുകണ്ടു. ഈ ദൃശ്യം നെഹ്റുവിനെ നാണിപ്പിച്ചു. ക്രൂശ്ചേവ് അതിനെ റഷ്യന്‍ രീതിയില്‍ നേരിടാത്തതെന്ത് എന്ന് അത്ഭുതപ്പെടുകയും ചെയ്തു. ഏതാനും മാസങ്ങള്‍ക്കുശേഷം നെഹ്റുവിന്റെ പ്രതിസന്ദര്‍ശനം മോസ്കോവിലേക്കുണ്ടായി.
മോസ്കോ നഗരം ലോകത്തെ ഏറ്റവും സ്വച്ഛവും സുന്ദരവും അച്ചടക്കപൂര്ണവുമായിരുന്നു. കമ്മ്യൂണിസ്റ്റ് പട്ടാളച്ചിട്ട അന്തരീക്ഷത്തില്‍ സര്‍വത്ര നിലനിന്നു. അത് നെഹ്റുവിനു ശ്വാസംമുട്ടലുണ്ടാക്കിയതുപോലെ അനുഭവപ്പെട്ടു. സുന്ദരമായ മസ്ക്വാ നദീതീരത്തെ നടപ്പാതയിലൂടെ റഷ്യന്‍ വസന്തകാലത്തിന്റെ ഇളംകുളിരേറ്റ് അവര്‍ നടക്കുകയായിരുന്നു. അകലെ നദീതീരത്ത് നേരിയമഞ്ഞിന്റെ മറവില്‍ ഒരാള്‍ ഇരിക്കുന്നത് നെഹ്റു, ക്രൂശ്ചേവിനു കാട്ടിക്കൊടുത്തു. അദ്ദേഹത്തിന്റെ പുരികത്തിന്റെ ചലനവും കൈഞൊടിക്കലും കഴിഞ്ഞു നിമിഷങ്ങള്‍ക്കകം ആ മനുഷ്യന് തിരുമുമ്പില്‍ ഹാജരാക്കപ്പെട്ടു. അതു മോസ്കോയിലെ ഇന്ത്യന്‍ അംബാസഡര്‍ ആയിരുന്നു! സോവ്യറ്റ് വാഴ്ചക്കാലത്തു പ്രചാരത്തിലിരുന്ന നൂറുകണക്കിന് നര്‍മങ്ങളില്‍ ഒന്നുമാത്രമായിരുന്നു ഇത്.
വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രസിദ്ധമായ ‘ന്റെപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു’ എന്ന നോവലിന്റെ വഴിത്തിരിവാരംഭിക്കുന്നതും ഇതുപോലെയൊരു സംഭവമാണല്ലൊ.
ഭാരതീയരുടെ ഈ ”ദേശീയ സ്വഭാവ”ത്തിന് അറുതിവരുത്താനും ആധുനികമായൊരു സമീപനവും ജീവിതരീതിയും സൃഷ്ടിക്കാനുമുള്ള കൂട്ടായ തുടക്കമാണിത്. രാഷ്ട്രപതിയുടെ ഉദ്ഘാടന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചക്കു മറുപടി പറയവേ കഴിഞ്ഞ ഏഴുമാസത്തിനുള്ളില്‍ 70 ലക്ഷം ടോയ്ലറ്റുകള് നിര്‍മിച്ചതായി പ്രധാനമന്ത്രി വെളിപ്പെടുത്തി.മഹാത്മാഗാന്ധിയും സ്വച്ഛതയുടെ കാര്യത്തില്‍ അങ്ങേയറ്റം നിഷ്ഠ പുലര്‍ത്തിയിരുന്നതായി ആത്മകഥയില്‍നിന്നു മനസ്സിലാകും.
ഒരുകാലത്തു ലണ്ടന്‍നഗരത്തിലെ വിസര്‍ജ്യങ്ങളടക്കമുള്ള മാലിന്യങ്ങള്‍കൊണ്ട് തെംസ് നദീമുഖം നിറഞ്ഞു, കപ്പലുകള്‍ക്ക് തുറമുഖത്തേക്ക് കടക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായിരുന്നു. അവിടെ ഉണ്ടായ വാതകത്തിന് തീപ്പിടിപ്പിച്ച് നൂറുകണക്കിന് കപ്പലുകളടക്കം നദീമുഖം അഗ്നിപ്രളയമായിത്തീര്ന്നുവത്രേ. തുടര്‍ന്ന് ആ നാട്ടുകാര്‍ നടത്തിയ ഭഗീരഥ പ്രയത്നത്തിന്റെ ഫലമാണ് ഇന്നത്തെ തെളിഞ്ഞ തെംസ് നദി. ഗംഗ മാത്രമല്ല, മറ്റുവന്‍ നദികളും നഗരങ്ങളും ഗ്രാമങ്ങളും ജനങ്ങളുടെ ബോധപൂര്‍വമായ പരിശ്രമംകൊണ്ട് സ്വച്ഛത വിളയുന്നിടങ്ങളായി മാറും. ആബാലവൃദ്ധം ജനങ്ങള്‍ ആ പ്രയത്നം ഏറ്റെടുത്തതായി നമുക്ക് കാണാന്‍ കഴിയുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: