പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസികളുടെ ആരോഗ്യ സംരക്ഷണത്തിനായി സൗകര്യങ്ങളുണ്ടെങ്കിലും രണ്ടുവര്‍ഷമായി പ്രവര്‍ത്തങ്ങളൊന്നും നടക്കുന്നില്ല. ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി, ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, മൂന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ 36 ആരോഗ്യസംരക്ഷണ കേന്ദ്രങ്ങളാണ് അട്ടപ്പാടിയിലുള്ളത്.
കൂടാതെ രണ്ടു ഔട്ട്പേഷ്യന്റ് വിഭാഗങ്ങള്‍ ഐടിഡിപിയുടെ കീഴിലും, 85 ആശാവര്‍ക്കര്‍മാര്‍ എന്‍ആര്‍എച്ച്എമ്മിനു കീഴിലും പ്രവര്‍ത്തിക്കുന്നു.കഴിഞ്ഞ പതിനാറുമാസമായി 52 നവജാതശിശുക്കളാണ് പോഷകാഹാരക്കുറവുംരക്തക്കുറവുംമൂലം മരിച്ചത്. ആദിവാസി മേഖലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ലാഭകരമെല്ലന്ന് കാണിച്ച് സ്വകാര്യവ്യക്തികള്‍ക്ക് പാട്ടത്തിന് കൊടുക്കുന്നതിനുളള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം നവജാതശിശുക്കളുടെ മരണനിരക്ക് വര്‍ധിക്കുന്നതിനു കാരണമായി.
പോഷകാഹാര കുറവും വിളര്‍ച്ചയും അട്ടപ്പാടിയിലെ ആദിവാസികള്‍ക്കിടയില്‍ സാധാരണമായി. നവജാത ശിശുക്കളുടെ മരണനിരക്ക് വര്‍ധിക്കുമ്പോഴും സംയോജിത പട്ടികവര്‍ഗ വികസനപദ്ധതിപ്രകാരം 2012-13 വര്‍ഷത്തില്‍ ആകെ 12.55 കോടി രൂപ ചെലവഴിച്ചപ്പോള്‍ 35 ലക്ഷം രൂപ മാത്രമാണ് ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്.
2012-13-ലെ വാര്‍ഷിക പദ്ധതിയനുസരിച്ച് 24.12 ലക്ഷം രൂപ ആംബുലന്‍സിന്റെ മെയിന്റനന്‍സ് പ്രവര്‍ത്തനത്തിനും 1328 ട്രൈബല്‍ രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനായി 8.5 ലക്ഷം രൂപ ചെലവഴിച്ചുവെന്നുമാണ് കണക്കുകള്‍ കാണിക്കുന്നത്.
അട്ടപ്പാടി മേഖലയില്‍ 172 അംഗന്‍വാടികളുണ്ടെങ്കിലും നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നവ ചുരുക്കമാണ്. ഐസിഡിഎസ് വഴിയുളള അട്ടപ്പാടിയിലെ പോഷകാഹാരവിതരണം സ്വകാര്യ കരാറുകാരന് ഏല്പിച്ചു നല്‍കിയിരിക്കുകയാണ് ഐസിഡിഎസ് ഉദ്ദ്യോഗസ്ഥര്‍. കരാറുകാരന് ഗുണമേന്മയുളള പോഷകാഹാരം കരിഞ്ചന്തയില്‍ വില്പനനടത്തുകയും ആദിവാസിമേഖലയില്‍ ഗുണമേന്മ കുറഞ്ഞ പോഷകാഹാരം നല്കുന്നതുമാണ് നവജാത-ഗര്‍ഭസ്ഥ ശിശുക്കളുടെ മരണത്തിനടയാക്കുന്നതിനു ഒരു കാരണം.
ശിശുമരണങ്ങളുടെ മൂലകാരണങ്ങള്‍ പോഷകാഹാരകുറവും ആരോഗ്യ സൗകര്യങ്ങളുടെ അപര്യാപ്തതയും ആദിവാസികള്‍ സ്വന്തംഭൂമിയില്‍നിന്ന് ആട്ടിയിറക്കപ്പെട്ടതുമാണ്. 2006- ലെ വനനിയമം അട്ടപ്പാടിയില്‍ ശരിയായി നടപ്പാക്കിയിട്ടില്ല. അട്ടപ്പാടിയിലെ ആദിവാസിവിഭാഗം ഏറിയ പങ്കും താമസിക്കുന്നത് കുന്നിന്‍ചെരുവുകളിലാണ്. സാമ്പത്തിക പരാധീനതമൂലം ആദിവാസി വിഭാഗങ്ങള്‍ കഞ്ചാവ് വില്പനനയിലേക്കും, വ്യാജമദ്യം വില്പനയിലേക്കും ആകര്‍ഷിക്കപ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: