കൊച്ചി: കുഴുപ്പിള്ളിയിലേയും പള്ളത്താം കുളങ്ങരയിലേയും കടലോര നിവാസികളുടെ ഒന്നര മാസത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ കടലാമ മുട്ടകള്‍ വിരിഞ്ഞു. പുറത്തെത്തിയ കുഞ്ഞുങ്ങളെ ആര്‍പ്പു വിളിയും ആഘോഷവുമായി കടലിലേക്ക് യാത്രയാക്കി.
ഇക്കഴിഞ്ഞ ജനുവരി 22 നാണ് പള്ളത്താം കുളങ്ങര ബീച്ചില്‍ മത്സ്യത്തൊഴിലാളികള്‍ കടലാമ മുട്ടകള്‍ കണ്ടെത്തുന്നത്.
വാര്‍ത്തയറിഞ്ഞ് സോഷ്യല്‍ ഫോറസ്ട്രി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും സുരക്ഷിതമായ സ്ഥലത്തേക്ക് മുട്ടകള്‍ മാറ്റുകയും ചെയ്തു. 96 മുട്ടകളാണ് ഇവിടെ നിന്നും കണ്ടെടുത്തത്. കുഴിയില്‍ മുട്ടകള്‍ നിക്ഷേപിച്ച ശേഷം മണ്ണിട്ട് മൂടി മീതെ കമ്പി വലയിടുകയും ചുറ്റുവേലി കെട്ടുകയും ചെയ്തിരുന്നു.
പള്ളത്താംകുളങ്ങര ബീച്ചില്‍ സീലാന്റ് ടര്‍ട്ടില്‍ ക്ലബ്ബ് എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ച് ജനങ്ങളും രാപകലില്ലാതെ നിരീക്ഷണം നടത്തിപ്പോന്നു.കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ എറണാകുളം ജില്ലയില്‍ നിന്നും കടലാമ മുട്ടകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളില്ലെന്നാണ് സോഷ്യല്‍ ഫോറസ്ട്രി ഉദ്യോഗസ്ഥര്‍ പറഞ്ഞത്. മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ കുഴുപ്പിള്ളി ബീച്ചില്‍ നിന്നും 101 മുട്ടകള്‍ കണ്ടെത്തുകയും സമാന രീതിയില്‍ സംരക്ഷിക്കുകയും ചെയ്തു. കുഴുപ്പിള്ളി ബീച്ചില്‍ കടലോര നിവാസികള്‍ ഫ്രണ്ട്സ് ടര്‍ട്ടില്‍ ക്ലബ്ബ് എന്ന പേരിലാണ് കൂട്ടായ്മ രൂപീകരിച്ച് തുടര്‍ നിരീക്ഷണം നടത്തിയത്.
ഇന്നലെ രാവിലെയോടെ കുഴുപ്പിള്ളി ബീച്ചിലെ മുട്ടകള്‍ വിരിഞ്ഞതായി ജനങ്ങള്‍ കണ്ടെത്തുകയും വിവരം അധികൃതരെ അറിയിക്കുകയും ചെയ്തു. ഉടന്‍ സ്ഥലത്തെത്തിയ സോഷ്യല്‍ ഫോറസ്ട്രി ഉദ്യോഗസ്ഥര്‍ വൈകുന്നേരം നാലര മണിയോടെ കടലാമക്കുഞ്ഞുങ്ങളെ കടലിലേക്ക് അയക്കുന്നതിന് സമയം നിശ്ചയിച്ചു.
സോഷ്യല്‍ ഫോറസ്ട്രി അഡീഷണല്‍ പിസിസിഎഫ് വിന്‍സ്റ്റണ്‍ എ സൂട്ടിങ്ങ് ഐഎഫ്എസ്, ഡി.സി.എഫ് ഡി.രാജേന്ദ്രന്, എ.സി.എഫ് ഉണ്ണികൃഷ്ണന്, റേഞ്ച് ഓഫീസര്‍ സി.വൈ മത്തായി, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മുഹമ്മദ് ഹുസൈന്, കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.ജി വിജയന്, വൈസ് പ്രസിഡന്റ് ബീന ജോര്‍ജ്ജ്, സെക്രട്ടറി ലതികാ കുമാരി, പതിമൂന്നാം വാര്‍ഡ് മെമ്പര്‍ തങ്കമണി ശശി, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് കടലാമക്കുഞ്ഞുങ്ങളെ കടലിലേക്ക് യാത്രയാക്കിയത്.
മണ്ണില്‍ നിന്നും കടലിനെ ലക്ഷ്യമാക്കി ഇഴഞ്ഞു നീങ്ങിയ കടലാമക്കുഞ്ഞുങ്ങള്‍ വെള്ളത്തിലേക്ക് ഇറങ്ങുമ്പോഴും ജനം ആര്‍പ്പുവിളിച്ചു. വന്യജീവി സംരക്ഷണനിയമ പ്രകാരം കടലാമകളെ കൊല്ലുന്നതും അവയുടെ മുട്ടകള്‍ നശിപ്പിക്കുന്നതും മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ്.
സോഷ്യല്‍ ഫോറസ്ട്രി ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്കിടയില്‍ നടത്തിപ്പോന്ന ബോധവല്‍ക്കരണ പരിപാടികള്‍ വിജയിച്ചതിന്റെ മികച്ച ഉദാഹരണമാണ് ഇതെന്ന് സോഷ്യസ്്ട്രി ഡപ്യൂട്ടി കണ്‍സര്‍വേറ്ററായ ഡി. രാജേന്ദ്രന് പറഞ്ഞു. കടലാമക്കുഞ്ഞുങ്ങളെ കടലിലേക്ക് അയക്കുന്ന ചരിത്രപരമായ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ ജനങ്ങളോടൊപ്പം എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്ക്കൂളിലെ ടര്‍ട്ടില്‍ ക്ലബ്ബ് വിദ്യാര്‍ത്ഥികളും ഒട്ടേറെ വിദേശികളും എത്തിയിരുന്നു.
പള്ളത്താം കുളങ്ങര ബീച്ചിലെ മുട്ടകളും വിരിഞ്ഞതായി കണ്ടെത്തി. സോഷ്യല്‍ ഫോറസ്ട്രി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മുഹമ്മദ് ഹുസൈനും കടലോര നിവാസികളും ചേര്‍ന്ന് കടലാമക്കുഞ്ഞുങ്ങളെ കടലിലേക്ക് യാത്രയാക്കി. ഫെബ്രുവരി 14 ന് ചെറായി അംബേദ്ക്കര്‍ പാര്‍ക്ക് ബീച്ചില്‍ ലഭിച്ച മുട്ടകള്‍ വിരിയുന്നതിനായി ഉദ്യോഗസ്ഥരും ജനങ്ങളും കാത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: