കൊച്ചി: സംസ്ഥാനത്തെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി ബംഗ്ലാദേശില്‍ നിന്ന് പത്തംഗ സംഘമെത്തി. ജില്ലയില്‍ കളക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്നതിനായി കളക്ടറേറ്റില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംഘം പങ്കെടുത്തു.
ഭോപ്പാല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ഡോ. രാകേഷ് ദുബെയുടെ നേതൃത്വത്തിലാണ് സംഘമെത്തിയത്. ദുരന്ത നിവാരണ രംഗത്ത് കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണെന്നും സാങ്കേതിക തലത്തിലും ഭരണതലത്തിലും വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ ഈ രംഗത്ത് കേരളത്തെ വളരെ മുന്നിലെത്തിച്ചുവെന്നും സെമിനാറില്‍ ദുബെ അഭിപ്രായപ്പെട്ടു.
എല്ലാ പഞ്ചായത്തുകളിലും സജീവമായി പ്രവര്‍ത്തിക്കുന്ന ദുരന്ത നിവാരണ വിഭാഗം, നേവി, പോലീസ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ തുടങ്ങിയ ദ്രുതകര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ കഴിയുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് കളക്ടര്‍ എം.ജി. രാജമാണിക്യം പറഞ്ഞു.
ജില്ലയില്‍ ദുരന്ത നിവാരണ അതോറിറ്റി ഓരോ പ്രദേശങ്ങളുടെയും പ്രത്യേകത അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പ്രകൃതി ക്ഷോഭങ്ങളുണ്ടാകുമ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നതിനായി 26 തീരദേശ ഗ്രാമങ്ങളിലും ഏഴു താലൂക്കുകളിലും സ്ഥാപിച്ചിട്ടുള്ള ഹൈ ഫ്രീക്വന്‍സി റേഡിയോ സിസ്റ്റം മികച്ച സാങ്കേതിക മികവാണെന്ന് സെമിനാര്‍ നയിച്ച ദുരന്ത നിവാരണ അതോറിറ്റിയിലെ വിദഗ്ധന്‍ കെ.എസ്. ശരണ്‍ പറഞ്ഞു.
കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ ബംഗ്ലാദേശ് സാങ്കേതികമായി ഇനിയുമേറെ മുന്നോട്ടുപോകാനുണ്ടെന്ന് ബംഗ്ലാദേശ് മിനിസ്ട്രി ഓഫ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആന്‍ഡ് റിലീഫ് ഡെപ്യൂട്ടി സെക്രട്ടറി സല്‍മ ജഹാന് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, എച്ച്എസ്ഇ, കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗണ്‍സില്‍, എന്നിവ സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. എറണാകുളം ഡിആര്‍ഡിഎ, ഐസിഡിഎസ്, സാമൂഹ്യ നീതി വകുപ്പ്, സ്പ്ലൈക്കോ എന്നീ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സെമിനാറില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: