പൊന്‍കുന്നം: കാഞ്ഞിരപ്പള്ളിയിലും കൊടുങ്ങൂരും എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം. കൊടുങ്ങൂരില്‍ ഇന്നലെ ഇരുകൂട്ടരും തമ്മില്‍ ഉന്തും തള്ളും കല്ലേറും നടന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഒരു മണിക്കൂറിലധികം ഗതാഗതം തടസപ്പെട്ടു. ദൃശ്യം പകര്‍ത്താനെത്തിയ മാധ്യമപ്രവര്ത്തകന് കല്ലേറില്‍ പരിക്കേറ്റു.
മന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ ഇടതുപക്ഷം സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കൊടുങ്ങൂരിലെ പൊതുമരാമത്ത് ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. സമരം ആരംഭിക്കുന്നതിനു മുമ്പുതന്നെ കൊടുങ്ങൂരിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസിലെ ജനല്‍ ചില്ലകളും കസേരയും അടിച്ചു തകര്‍ത്ത അവസ്ഥയിലായിരുന്നു. ടൗണിലെ മൂന്നാം നിലയില്‍ പൂട്ടിയിട്ടിരുന്ന ഓഫീസാണ് തകര്‍ക്കപ്പെട്ടത്. എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് ആരോപിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ 11 മണിയോടെ പഞ്ചായത്ത് ഓഫീസിനു മുന്‍വശം ദേശീയ പാത ഉപരോധിച്ചു. ദേശിയ പാത ഉപരോധത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ എത്തിയതോടെ കൊടുങ്ങൂര്‍ ടൗണ്‍ സംഘര്‍ഷഭരിതമായി. ഇരുവിഭാഗവും മുദ്രാവാക്യം വിളിയും അസഭ്യവര്‍ഷവും ആരംഭിച്ചു. ഇതിനിടയില്‍ ഉണ്ടായ കല്ലേറില്‍ എസിവി ക്യാമറാമാന് രതീഷിന് പരിക്കേറ്റു. ക്യാമറയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. ദേശിയപാതയില്‍ ഒരുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഇരുവിഭാഗത്തെയും അറസ്റ്റ് ചെയ്ത് മാറ്റിയതോടെയാണ് സംഘര്‍ഷത്തിന് അയവുവന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസ് കെ. ചെറിയാന്, ജില്ലാ പഞ്ചായത്തംഗം ടി.കെ. സുരേഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് യുഡിഎഫ് ഉപരോധം നടത്തിയത്. കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി. വി.യു. കുര്യാക്കോസ്, പൊന്‍കുന്നം സി.ഐ. ആര്. ജോസ്, പൊന്‍കുന്നം എസ്.ഐ. വി.വി. ദിപിന്, പള്ളിക്കത്തോട് എസ്.ഐ. കെ.കെ. രമേശ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു.
കാഞ്ഞിരപ്പള്ളി: കെ.എം. മാണിക്ക് അഭിവാദ്യം അര്‍പ്പിച്ച് കാഞ്ഞിരപ്പള്ളിയില്‍ യുഡിഎഫ് നടത്തിയ പ്രകടനത്തിലേക്ക് സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഇരച്ചുകയറിയത് സംഘര്‍ഷത്തിന് ഇടയാക്കി. കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ നിന്നും യൂഡിഎഫ് നടത്തിയ പ്രകടനം പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപത്ത് എത്താറായപ്പോള്‍ പിന്നില്‍ നിന്ന് പ്രകടനമായെത്തിയ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തരുമായി നടന്ന വാക്കേറ്റം സംഘര്‍ഷത്തിലേക്ക് വഴിമാറി. സംഘര്‍ഷത്തില്‍ 2 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്.ഐ. ഷിന്റോ പി. കുര്യന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: