കോട്ടയം: തിരുനക്കര ശ്രീമഹാദേവക്ഷേത്രത്തിലെ ഉത്സവത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ വൈകിട്ട് 7 ന് താഴ്മണ്‍മഠം കണ്ഠരര് മഹേശ്വരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും. തുടര്‍ന്നുള്ള ദിനങ്ങളിലെല്ലാം കൂടി നൃത്തസംഗീതകലകളില് ഇരുനൂറില്പരം കലാകാരന്മാരും കലാകാരികളുമാണ് അരങ്ങിലെത്തുന്നത്. മൂന്ന് ദിവസത്തെ കഥകളിയും ക്ഷേത്രാനുഷ്ഠാന കലകളും വ്യത്യസ്തത പുലര്‍ത്തുന്ന കലാരൂപങ്ങളുമൊക്കെക്കൊണ്ടാണ് തിരുവരങ്ങ് ഉണരുന്നത്.
നാളെ രാത്രി 8 ന് നടക്കുന്ന സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് സി.എന്‍ സുഭാഷ് അധ്യക്ഷതവഹിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി ഗോവിന്ദന് നായര്‍ മുഖ്യപ്രഭാഷണം നടത്തും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ പി.വേണുഗോപാല്‍ കലാപരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. മുനിസിപ്പല്‍ ചെയര്മാന് കെ.ആര്.ജി വാര്യര്‍ സുവനീര്‍ പ്രകാശനം നടത്തും. രാത്രി 10 ന് ഗാനമേള. രണ്ടാം ഉത്സവദിനമായ 16 മുതല്‍ നാലാം ഉത്സവദിനമായ 18 വരെ അരങ്ങില്‍ കഥകളി മഹോത്സവം നടക്കും. സീതാസ്വയംവരം, ദക്ഷയാഗം, കര്‍ണ്ണശപഥം, ദുര്യോധനവധം, കചേലവൃത്തം, താരകാസുരവധം എന്നീ കഥകളാണ് ഈ ദിവസങ്ങളില്‍ അരങ്ങിലെത്തുന്നത്. കലാമണ്ഡലം ഗോപി, മാത്തൂര്‍ ഗോവിന്ദന്‍കുട്ടി, മാര്‍ഗ്ഗി വിജയകുമാര്‍, കലാമണ്ഡലം രാമകൃഷ്ണന് തുടങ്ങിയ കഥകളി ആചാര്യന്മാര് അരങ്ങുണര്‍ത്തും. 19 ന് ചലച്ചിത്ര പിന്നണിഗായകന്‍ ബിജുനാരായണനും, എട്ടാം ഉത്സവദിനമായ 22 ന് ചെറുതുരുത്തി കേരള കലാമണ്ഡലവും 23 ന് പിന്നണി ഗായകന് അനൂപ്ശങ്കറും അരങ്ങിന് ഉണര്‍വ്വേകും. ചെന്നൈ കലാക്ഷേത്രത്തിലെ രഞ്ജിത ശ്രീനാഥിന്റെ ഭാരതനാട്യകച്ചേരി ആസ്വാദകര്‍ക്ക് പുത്തന്‍ അനുഭവമാകും. 21 ന് പകല്‍പ്പൂരവും 23 ന് പള്ളിവേട്ടയും 24 ന് ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.
ഒരുക്കങ്ങള്‍ അവലോകനം ചെയ്തു
കോട്ടയം: തിരുനക്കര ശ്രീ മഹാദേവക്ഷേത്രോത്സവത്തിന്റെ ഭാഗമായി 21ന് പകല്‍പ്പൂരം നടത്തുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഒരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ യു.വി. ജോസ് അവലോകനം ചെയ്തു. പകല്‍പ്പൂരത്തിന് എഴുന്നെള്ളിക്കുന്ന 22 ആനകള്‍ക്കും പൂരം കാണാനെത്തുന്ന ജനങ്ങള്‍ക്കും വേണ്ടത്ര സൗകര്യങ്ങള്‍ ഒരുക്കും. രാവിലെ 11നും ഉച്ചകഴിഞ്ഞ് മൂന്നിനും ഇടയ്ക്ക് ആനകളെ എഴുന്നെള്ളിക്കരുത്. ഫോറസ്റ്റ്, മൃഗസംരക്ഷണ വകുപ്പുകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ലാത്ത ആനകളെ എഴുന്നെള്ളിപ്പില്നിന്ന് വിലക്കും. ആനകളെ എഴുന്നെള്ളിക്കുമ്പോള്‍ നിശ്ചിത അകലം പാലിക്കണമെന്നും അവയ്ക്ക് ആവശ്യമായ വിശ്രമം നല്‍കണമെന്നും നനഞ്ഞ ചാക്കുകള്‍ വിരിച്ച് ഇടയ്ക്കിടെ നനച്ച് കൊടുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇത് പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ വനം, മൃഗസംരക്ഷണ വകുപ്പുകളെ ചുമതലപ്പെടുത്തി.
ഉത്സവസ്ഥലത്ത് ഇരുന്നൂറോളം പോലീസ് ഉദേ്യാഗസ്ഥരെ വിന്യസിക്കും. വനിതാ പോലീസുകരെ കൂടുതലായി ഉള്‍പ്പെടുത്തും. എക്സൈസ് പട്രോളിംഗും ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തും. നഗരത്തിലെ തെരുവു വിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കാനും ക്ഷേത്ര പരിസരവും റോഡുകളും ശുചീകരിക്കാനും മുനിസിപ്പാലിറ്റിയെ ചുമതലപ്പെടുത്തി. അടിയന്തര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പുകള്‍ക്ക് ഫയര്‍ ആന്റ് റസ്ക്യൂ, മെഡിക്കല്‍ വകുപ്പുകളെ ചുമതലപ്പെടുത്തി. യോഗത്തില്‍ ജില്ലാതല ഉദേ്യാഗസ്ഥരും ക്ഷേത്രഭാരവാഹികളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: