കൊല്ലം: പുതിയകാവിലമ്മയുടെ പൊങ്കാല നിവേദ്യത്തിന് ശേഷം നടന്ന ശക്തികുംഭം എഴുന്നള്ളത്ത് നഗരത്തിന് ദിവ്യാനുഭൂതി പകര്‍ന്നു. ദേവിയുടെ പ്രതിപുരുഷന്മാരായി അമ്മയുടെ സന്നിധിയില്‍ 41നാള് കഠിനതപമനുഷ്ഠിച്ച ഭക്തരാണ് ശക്തികുംഭം എഴുന്നള്ളത്തുമായി നഗരം ചുറ്റിയത്.
ഉച്ചസൂര്യന് കത്തിജ്വലിക്കുന്ന മുഹൂര്‍ത്തത്തിലാണ് ദേവീസങ്കേതത്തില് നിന്നും മഹാകാളിയുടെ ഉടവാളായ നാന്തകവും ചിലമ്പും ത്രിശൂലവുമായി പരിവാരസമേതം പ്രതിപുരുഷന്മാര് ഉച്ചക്കുടയും ചൂടി ഊരുവലത്തിനിറങ്ങിയത്. ദേവീചൈതന്യത്തെ നഗര ഹൃദയങ്ങളിലേക്ക് പകരുകയായിരുന്നു ശക്തികുംഭം എഴുന്നള്ളത്തിലൂടെ.
ശക്തികുംഭം എഴുന്നെള്ളത്ത് കൊച്ചുപിലാംമൂട് മുനീശ്വരസ്വാമി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് താമരക്കുളം ഗണപതിക്ഷേത്രം, ഹനുമാന്‍ക്ഷേത്രം, ചിറ്റടീശ്വരം ക്ഷേത്രം, മുത്തുമാരിഅമ്മന്‍ കോവില്‍, ലക്ഷ്മിനട, കോട്ടമുക്ക് മാടസ്വാമി ക്ഷേത്രം, കോട്ടയ്ക്കകം ദുര്‍ഗാക്ഷേത്രം, ചാമക്കട, മെയിന്‍ റോഡ് വഴി ചിന്നക്കട, ഉപാസന ഗണപതിക്ഷേത്രം, കുറവന്‍പാലം, എസ്എന്‍ഡിപി ശാഖാ സ്കൂള്‍, പുന്നത്താനം, വൈദ്യശാല ജംഗ്ഷന്, കൂട്ടാണിമുക്ക്, പഴയത്ത് മുക്ക്, തൊഴിലാളി ജംഗ്ഷന്, കടപ്പാക്കട ശ്രീധര്‍മ്മശാസ്താക്ഷേത്രം, കര്‍ബല, ആറ്റിന്‍കുഴി, അരശരടി വിനായകക്ഷേത്രം, എസ്എംപി മാരിയമ്മന്‍ കോവില്‍, ചിന്നക്കട, വഴി രാത്രി ഒരുമണിക്ക് ക്ഷേത്രത്തില്‍ തിരികെ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് കുരുതിതര്‍പ്പണത്തോടുകൂടി പൊങ്കാല ഉത്സവത്തിന് പരിസമാപ്തി കുറിച്ചു. ഇനി രണ്ടുനാള്‍ ക്ഷേത്രനട തുറക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: