കൊല്ലം: ചുട്ടുപൊള്ളുന്ന നിരത്തുകളില്‍ നഗ്നപാദരായി പതിനായിരങ്ങള്‍, എരിവെയില്‍മാരിയിലും കുളിരുതേടി ഭക്തസഹസ്രങ്ങള്‍. തിളച്ചുതൂവിയ മഞ്ഞപ്പാലിന് മഞ്ഞുതുള്ളികളുടെ തണുപ്പ്, പുതിയകാവിലമ്മയുടെ അനുഗ്രഹവര്‍ഷത്തില്‍ വിസ്മയം പൂണ്ട് മഹാനഗരം….
കൊല്ലം പട്ടണമാകെ പൊങ്കാലക്കലങ്ങള്‍ നിരന്നു.
തലേരാത്രി മുതലേ നിരത്തുവക്കുകളില്‍ ഇടം പിടിച്ച്, അടുപ്പുകൂട്ടി അമ്മമാര്‍ കാത്തിരുന്നു. പോലീസ് സ്റ്റേഷനുകളില്‍ മുതല്‍ പെട്ടിക്കടകളില്‍ വരെ കര്‍മ്മ വിജയം കൊതിച്ച് അമ്മയുടെ വരപ്രസാദം തേടി പൊങ്കാലയിട്ടു. അഭൂതപൂര്‍വമായ ജനത്തിരക്കിലും നടത്തിപ്പിന്റെ കുശലതയറിഞ്ഞ സംഘാടകരുടെ മികവ് നഗരത്തിന് ആശ്വാസം പകര്‍ന്നു.
പുതിയകാവിലമ്മയുടെ അനുഗ്രഹത്തണലില്‍ കുംഭമാസക്കൊടുംചൂടിനെ കുളിരായേറ്റുവാങ്ങി പതിനായിരങ്ങളുടെ ആത്മസമര്‍പ്പണം. കൊല്ലം നഗരത്തിന്റെ എല്ലാ തെരുവുകളിലും പൊങ്കാലനിവേദ്യത്തിന്റെ മന്ത്രധ്വനി. ദേശിംഗനാടിനെ അക്ഷരാര്‍ത്ഥത്തില്‍ യാഗഭൂമിയാക്കി പുതിയകാവ് ഭഗവതിക്ക് പൊങ്കാല.
നാടും നഗരവും ഇടവഴിയും നടവഴിയും സര്‍ക്കാര്‍ സ്ഥാപനങ്ങളും എന്നു വേണ്ട എവിടെ നോക്കിയാലും പൊങ്കാലക്കലങ്ങളും ഭക്തരും മാത്രം. എല്ലാവരുടെയും മനസില്‍ ഒരേ മന്ത്രവും ഒരേ പ്രാര്‍ത്ഥനയും. ദുഃഖങ്ങളുടെയും ദുരിതങ്ങളുടെയും ഞാനെന്ന ഭാവത്തിന്റെയും ഭാണ്ഡക്കെട്ടുകള്‍ അഴിച്ചുവെച്ച,് പൊങ്കാലക്കലങ്ങള്‍ തിളച്ചു മറിയുമ്പോള്‍ ഉച്ചത്തില്‍ വായ്ക്കുരവ മുഴക്കി അമ്മേ നാരായണ മന്ത്രങ്ങള്‍ ഉരുവിട്ട് സമത്വ സന്ദേശത്തിന്റെ വിശ്വമോഹനരൂപം.
റയില്‍വെ സ്റ്റേഷന് പരിസരം, ഹെഡ് പോസ്റ്റോഫീസ്, ചിന്നക്കട, മെയിന്‍ റോഡ്, ദേശീയപാത, താമരക്കുളം തുടങ്ങി പ്രധാന പാതകളും ഇടറോഡുകളും വീടുകളും ഗ്രൗണ്ടുകളുമെല്ലാം അതിരാവിലെ തന്നെ പൊങ്കാലയ്ക്കെത്തിയ ഭക്തരാല്‍ നിറഞ്ഞു. രാവിലെ 10ന് ശ്രീകോവിലില്‍ നിന്നും ക്ഷേത്രമേല്‍ശാന്തി ഇടമന ഇല്ലത്ത് എന്‍. ബാലമുരളി കൊണ്ടുവന്ന ദീപം ക്ഷേത്രത്തിനു മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ വിളക്കിലും പിന്നീട് പണ്ടാര അടുപ്പിലും ജ്വലിപ്പിച്ചതോടെ നഗരം നിറഞ്ഞ ആയിരക്കണക്കിന് അടുപ്പുകളിലേക്ക് ദീപങ്ങള്‍ പകര്‍ന്നു.
നിശ്ചിത ഇടവേളകളില്‍ പൊങ്കാലക്കലങ്ങള്‍ നിറഞ്ഞു തൂകിയതോടെ ഒരു വര്‍ഷം നീണ്ട വ്രതശുദ്ധിയുടെ നിറവില്‍ ഭക്തര്‍ക്ക് ആത്മസായൂജ്യം. 11.30ഓടെ ക്ഷേത്രത്തിനു മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ പണ്ടാര അടുപ്പിലേയും മഞ്ഞനീരാട്ടിനായി തയ്യാറാക്കിയ അടുപ്പിലേയും പൊങ്കാലകള്‍ നിറഞ്ഞുകവിഞ്ഞു. ഭക്തമിഴികള് കാത്തിരുന്ന മഞ്ഞനീരാട്ടിനായുള്ള ചടങ്ങുകളായി. തുടര്‍ന്ന് കാപ്പ്കെട്ടി ദ്വാദശാഹവ്രതം നോറ്റ് തിളയ്ക്കുന്ന മഞ്ഞപ്പാലില്‍ പൂങ്കുലനീരാട്ടാടി ദേവിയുടെ അനുഗ്രഹം സിദ്ധിച്ച യാഗപുരുഷന്മാരുടെ എഴുന്നള്ളത്ത്.
നാല്പത്തൊന്ന് ദിവസത്തെ കഠിനവ്രതവുമായി മുപ്പത് രാപ്പകലുകള്‍ ക്ഷേത്രത്തില്‍ പാര്‍ത്തിരുന്ന പത്തോളം ഗുരുസ്വാമിമാര്‍ ഗുരുഭൂതന് വിശ്വനാഥന്റെ നേതൃത്വത്തില്‍ മഞ്ഞനീരാട്ടിനായെത്തി. തിളച്ചുതൂവുന്ന മഞ്ഞപ്പാല് അവര്‍ക്ക് കുളിര്‍മഴയായി, സമസ്തപ്രപഞ്ചത്തിനും കുളിര്തണലായിത്തീര്ന്ന ദേവിഭദ്രയുടെ അനുഗ്രഹത്തില്‍ തിളച്ചു മറിയുന്ന പൊങ്കാല അടുപ്പിലെ പായസവും മഞ്ഞ ജലവും മഞ്ഞുകണം പോലെ മേനിയിലണിഞ്ഞ് ഗുരുസ്വാമിമാര്‍ ആറാടി. ദേവീപ്രസാദം പോലെ അവര്‍ ചീന്തിയെറിഞ്ഞ പൂക്കുലക്കഷ്ണങ്ങള് ഭവ്യമായേറ്റുവാങ്ങി
ഭക്തസഹസ്രങ്ങള്‍ ധന്യരായി. ദേവീകടാക്ഷമേറ്റ ചിലര്‍ ക്ഷേത്രാങ്കണത്തില്‍ ആനന്ദനൃത്തമാടി. ഭക്തരുടെ കണ്ഠങ്ങളില്‍ നിന്നും ദേവീമന്ത്രങ്ങള്‍ ഉതിര്‍ന്നു. മഞ്ഞനീരാട്ടിനുശേഷം പൊങ്കാല അര്‍പ്പിച്ച സ്ഥലങ്ങളിലേക്ക് അമ്പത് തിരുമേനിമാര് കലങ്ങളില്‍ തീര്‍ത്ഥം തളിച്ച് ദേവിക്ക് പൊങ്കാല സമര്‍പ്പിച്ചതോടെ പന്ത്രണ്ട് ദിവസമായി നീണ്ടുനിന്ന പൊങ്കാല ഉത്സവത്തിന് പരിസമാപ്തി.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ആയിരക്കണക്കിന് ഭക്തരാണ് പൊങ്കാല അര്‍പ്പിക്കാനായി ഇത്തവണ എത്തിയത്. ഭക്തജനങ്ങള്‍ക്കായി കൊല്ലം കോര്പ്പറേഷന്, സിറ്റി പോലീസ്, ഫയര്‍ ഫോഴ്സ്, ജില്ലാ ആശുപത്രി, ഉപാസന ആശുപത്രി, ഡോ. നായേഴ്സ് ആശുപത്രി, ശങ്കേഴ്സ് ആശുപത്രി, അമൃതാഞ്ജലി ആശുപത്രി, സേവാഭാരതി, ഛത്രപതി ശിവജി സേവാസമിതി തുടങ്ങിയ സ്ഥാപനങ്ങള്‍ സൗജന്യവൈദ്യസഹായവും ആംബുലന്‍സ് സൗകര്യവും ഒരുക്കിയിരുന്നു.
ഇരുനൂറോളം സന്നദ്ധപ്രവര്‍ത്തകരാണ് ഭക്തജനങ്ങള്‍ക്ക് സഹായവുമായി ഒപ്പമുണ്ടായിരുന്നത്. വൈകിട്ട് 4ന് കൊച്ചുപിലാംമൂട് മുനീശ്വരന്ക്ഷേത്രത്തില് നിന്നും ആരംഭിച്ച ശക്തികുംഭം എഴുന്നെള്ളത്ത് ക്ഷേത്രത്തിലെത്തിയ ശേഷം രാത്രി ഒന്നിന് നടന്ന കുരുതി തര്‍പ്പണത്തോടെ പൊങ്കാല ചടങ്ങുകള്‍ സമാപിച്ചു. ദക്ഷിണ മഹാസമുദ്രതീരത്തു നിന്ന് ജലദേവതയെ പൂജിച്ച് കലശങ്ങളിലാക്കി പൂക്കളും ഫലങ്ങളും കൊണ്ട് അലങ്കരിച്ച് ഉപാസകരായ ഭക്തന്മാര് ശിരസ്സിലേറ്റി പുതിയകാവിലമ്മയുടെയും പരിവാരങ്ങളുടെയും അകമ്പടിയോടെ നഗരപ്രദക്ഷിണം നടത്തി.
ശക്തികുംഭം എഴുന്നെള്ളത്ത് കൊച്ചുപിലാംമൂട് മുനീശ്വരസ്വാമിക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് താമരക്കുളം ഗണപതിക്ഷേത്രം, ഹനുമാന് ക്ഷേത്രം, ചിറ്റടീശ്വരം ക്ഷേത്രം, മുത്തുമാരിഅമ്മന്‍ കോവില്‍, ലക്ഷ്മിനട, കോട്ടമുക്ക് മാടന്‍സ്വാമി ക്ഷേത്രം, ദുര്‍ഗാക്ഷേത്രം, ചാമക്കട, മെയിന്‍ റോഡ് വഴി ചിന്നക്കട, ഉപാസന, കുറവന്‍പാലം, എസ്എന്‍ഡിപി ശാഖാ സ്കൂള്‍, പുന്നത്താനം, വൈദ്യശാല ജംഗ്ഷന്, കൂട്ടാണി മുക്ക്, പഴയത്ത് മുക്ക്, തൊഴിലാളി ജംഗ്ഷന്, കടപ്പാക്കട ശ്രീധര്‍മ്മശാസ്താക്ഷേത്രം, കര്‍ബല, ആറ്റിന്‍കുഴി, അരശരടി വിനായക ക്ഷേത്രം, എസ്.എം.പി. മാരിയമ്മന്‍ കോവില്‍, ചിന്നക്കട, വഴി ക്ഷേത്രത്തില്‍ തിരികെ എത്തിച്ചേര്‍ന്നു. കുരുതിക്ക് ശേഷം അടച്ച നട ഇനി തിങ്കളാഴ്ച മാത്രമെ തുറക്കൂ.
പൊങ്കാല ചടങ്ങുകള്‍ക്ക് ഉത്സവാഘോഷസമിതി ചെയര്മാന് സതീഷ്നായര്‍, ഭരണസമിതി പ്രസിഡന്റ് ഡോ.ജി. മോഹന്‍, സെക്രട്ടറി എം.വി. സോമയാജി, ട്രഷറര്‍ വി. മുരളീധരന്, ആഘോഷസമിതി ജനറല്‍ കണ്‍വീനര്‍ ചിറ്റയം ഗോപകുമാര്‍, പൊങ്കാലപ്രമുഖ് സി.എസ്. ശൈലേന്ദ്രബാബു, ഭാരവാഹികളായ മുണ്ടയ്ക്കല്‍ രാജു, മീനാട് ഉണ്ണി, പുതിയകാവ് സതീഷ്കൃഷ്ണ, ജി. ശ്രീകേശ്പൈ, എ.ജി. ശ്രീകുമാര്‍, ബി. ഉണ്ണിക്കണ്ണന്, ശിവജിസുദര്‍ശനന്‍, എംഎസ്.ശ്യാംകുമാര്‍, എസ്. ഗോപകുമാര്‍, ആര്. അജയകുമാര്‍, പി. രമേശ്ബാബു, കെ.ആര്. ഉണ്ണിത്താന്, എന്‍.ജി. അമര്‍നാഥ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: