ആലപ്പുഴ: നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് നിലം നികത്തി നിര്‍മ്മിച്ചതിനാല്‍ കെട്ടിടം പൊളിച്ചു മാറ്റണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ട സ്കൂളിന്റെ വാര്‍ഷിക ആഘോഷങ്ങള്‍ക്ക് എംപിയും എംഎല്‍എയും പങ്കെടുക്കുന്നത് വിവാദമാകുന്നു. പറവൂര്‍ ഭഗവതിക്കല്‍ ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ബ്രൈറ്റ്ലാന്‍ഡ് ഡിസ്കവറി സ്കൂളിന്റെ മാര്‍ച്ച് 14ന് നടക്കുന്ന വാര്‍ഷികാഘോഷ പരിപാടികളിലാണ് കെ.സി. വേണുഗോപാല്‍ എംപിയും ജി. സുധാകരന് എംഎല്‍എയും പങ്കെടുക്കുന്നത്. നിലം നികത്തി നിര്‍മ്മിച്ച സ്വകാര്യ സ്കൂളിന്റെ ബഹുനില കെട്ടിടം അടിയന്തരമായി പൊളിച്ചുനീക്കി നിലം പൂര്‍വസ്ഥിതിയിലാക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഉടമ നല്കിയ ഹര്‍ജി ഹൈക്കോടതിയും തള്ളി.
കഴിഞ്ഞദിവസം നിലം നികത്തുന്നതിനെതിരെ സുപ്രീം കോടതി വിധിയുടെ ചരിത്ര പ്രധാനമായ വിധിയും വന്നതോടെ നിലം നികത്തി നിര്‍മ്മിച്ച സ്കൂളിനെതിരെ സര്‍ക്കാരിന് കര്‍ശന നടപടിയെടുക്കേണ്ടിവരും. ഈ സാഹചര്യത്തിലാണ് നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയ സ്കൂളിന്റെ ആഘോഷ പരിപാടികള്‍ക്ക് ജനപ്രതിനിധികള്‍ക്ക് പങ്കെടുക്കുന്നത് വിവാദമാകുന്നത്.
നിലം നികത്തിനെതിരെ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്ന് കഴിഞ്ഞദിവസം സിപിഎം ജില്ലാ കമ്മറ്റി പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഒരുവശത്ത് ഇത്തരത്തില്‍ പ്രസ്താവനകളിറക്കുകയും മറുവശത്ത് ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാവായ ജി. സുധാകരന് നിലം നികത്തിയവരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും പാര്‍ട്ടിയുടെ ഈ വിഷയത്തിലെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: