കൊച്ചി: വൈറ്റില മേജര്‍ റോഡില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന എമറാള്‍ഡ് ഹോട്ടല്‍ നഗരസഭാ അധികൃതര്‍ അടച്ചുപൂട്ടി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. വൈറ്റിലയില്‍ പാര്‍പ്പിട സമുച്ചയമെന്ന പേരില്‍ അനുമതി വാങ്ങിയ കെട്ടിടം ഹോട്ടലാക്കി മാറ്റുകയായിരുന്നു. ഹോട്ടലിന് ആവശ്യമായ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, പാര്‍ക്കിങ് സൗകര്യം എന്നീ സൗകര്യങ്ങളില്ലായിരുന്നു.
ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ പരിസര മലിനീകരണമുണ്ടാവുകയും സമീപവാസികള്‍ രംഗത്തെത്തുകയും ചെയ്തു. മലീനീകരണനിയന്ത്രണബോര്ഡിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്ലാത്തതിനാല്‍ ലൈസന്‍സും ഹോട്ടലിന് നല്‍കിയിരുന്നില്ല. സിഎ ജി റിപ്പോര്‍ട്ടിലും ഹോട്ടലിനെതിരെ പരാമര്‍ശമുണ്ടായിരുന്നു. ലൈസന്‍സില്ലാത്തതിനാല്‍ ഹോട്ടല്‍ അടച്ചുപൂട്ടണമെന്ന് നഗരസഭയുടെ സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ചുള്ള നോട്ടീസ് ഹോട്ടലിന്റെ ഉടമസ്ഥര്‍ക്ക് കൈമാറാതെ മേയറടക്കമുള്ളവര്‍ ഒത്തുകളിച്ചതായി ആരോപണമുയര്‍ന്നിരുന്നു. 13 നിലകളുള്ള ഹോട്ടലിന്റെ രണ്ടു നിലകള്‍ക്ക് മാത്രമാണ് നികുതി ഈടാക്കിയിരുന്നത്.
നഗരസഭ അടച്ചു പൂട്ടാന്‍ ഉത്തരവിട്ട ഹോട്ടലില്‍ ദേശീയ ഗെയിംസ് കായികതാരങ്ങള്‍ക്ക് താമസിക്കാന്‍ സൗകര്യമൊരുക്കിയത് വിവാദമായിരുന്നു. മേയര്‍ ടോണി ചമ്മണിയുടെ നേതൃത്വത്തിലുള്ള അക്കോമഡേഷന്‍ കമ്മറ്റിയാണ് 18.5 ലക്ഷം രൂപ വാടക നല്കി അനധികൃതഹോട്ടലിലെ 144 മുറികള്‍ വാടകയ്ക്ക് എടുത്തത്. തുടര്‍ന്ന് എമറാള്‍ഡില്‍ നിന്ന് താരങ്ങളെ ഒഴിപ്പിക്കാന്‍ നഗസരസഭാ സെക്രട്ടറി നോട്ടീസ് നല്‍കിയിരുന്നു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലിനെതിരെ വൈറ്റില മേജര്‍ റോഡ്സ് റസിഡന്റ്സ് അസോസിയേഷന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്നുള്ള വിധിയുടെ അടിസ്ഥാനത്തിലാണ് ഹോട്ടല്‍ അടച്ചു പൂട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: