കോട്ടയം: വൃക്കരോഗം മുന്‍കൂട്ടി കണ്ടുപിടിച്ച് ചികിത്സിക്കുന്നതിനായി ബോധവത്കരണ ക്ലാസുകളും പരിശോധന ക്യാമ്പുകളും വ്യാപകമാക്കണമെന്ന് ജില്ലാ കളക്ടര്‍ യു.വി. ജോസ്. കിഡ്നി ഫെഡറേഷന് ഓഫ് ഇന്ത്യയുടെയും ബി.സി.എം കോളജിന്റെയും ആഭിമുഖ്യത്തില്‍ കോളജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ലോകവൃക്കദിനാചരണവും ബോധവത്കരണ ശില്പശാലയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രോഗം മുന്‍കൂട്ടി കണ്ടുപിടിച്ചാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സൗകര്യങ്ങളുണ്ടായിരിക്കെ ഇതിനാവശ്യമായ ബോധവത്കരണമാണ് ഇന്നാവശ്യം. കിഡ്നി ഫെഡറേഷന് പോലെയുള്ള സന്നദ്ധ സംഘടനകള്‍ ഈ രംഗത്തു ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നു കളക്ടര്‍ പറഞ്ഞു. പാവപ്പെട്ട ഒരു യുവതിക്ക് വൃക്കനല്‍കിയ മിനി ടീച്ചറിന്റെ മാതൃക അനുകരണീയവും പ്രശംസനീയവുമാണെന്ന് അദ്ദേഹം പറഞ്ഞു. മാലിന്യനിര്‍മ്മാര്‍ജനം, കുടിവെള്ള പ്രശ്നം പരിഹരിക്കല്‍ എന്നിവയ്ക്കാണ് ജില്ലയില്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ബി.സി.എം കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. കരുണ അധ്യക്ഷത വഹിച്ചു.
കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടിജി തോമസ് ജേക്കബ്, കിഡ്നി ഫെഡറേഷന് ഓഫ് ഇന്ത്യ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മാത്യു കൊല്ലമലക്കരോട്ട്, വൃക്കദാനത്തിലൂടെ മാതൃകകാട്ടിയ മിനി എം. മാത്യു, നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്‍സി പാറയില്‍, ബി.സി.എം കോളജ് മാഗസിന് എഡിറ്റര്‍ അനീസ എം. താഹ എന്നിവര്‍ പ്രസംഗിച്ചു. വൃക്കദാനം ചെയ്ത പാറമ്പുഴ ഹോളി ഫാമിലി എച്ച്.എസിലെ മിനി എം. മാത്യുവിനെ ചടങ്ങില്‍ കളക്ടര്‍ പൊന്നാടയണിയിച്ച് ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: