അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്ത മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പോലീസില്‍ കീഴടങ്ങിയില്ല. മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഏരിയ കമ്മറ്റി അംഗവുമായ എം. ത്യാഗരാജന് മാര്‍ച്ച് 11ന് പുന്നപ്ര പോലീസില്‍ കീഴടങ്ങണമെന്ന് ജില്ലാക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാതെ ത്യാഗരാജന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു. തിങ്കളാഴ്ച ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കും.
പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഐക്കാരിയുമായ പി. ജയയാണ് ത്യാഗരാജനെതിരെ അമ്പലപ്പുഴ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്. ത്യാഗരാജനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാന്‍ അമ്പലപ്പുഴ കോടതി പുന്നപ്ര പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ത്യാഗരാജന് ജില്ലാക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു. ഇതു തള്ളിയ കോടതി മാര്‍ച്ച് 11ന് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങാന്‍ ഉത്തരവിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: