ആലപ്പുഴ: പാറ്റൂര്‍ ശ്രീബുദ്ധ എന്‍ജിനീയറിങ് കോളേജിനെ തകര്‍ക്കാന്‍ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം ആസൂത്രിത ശ്രമം നടത്തുന്നു. ഹോളി ആഘോഷത്തിന്റെ മറവില്‍ പെണ്‍കുട്ടികളെ ഉപദ്രവിക്കാന്‍ വരെ എസ്എഫ്ഐക്കാര്‍ തയ്യാറായതായി കോളേജ് ചെയര്മാന് പ്രൊഫ. കെ. ശശികുമാറും സെക്രട്ടറി പ്രൊഫ. വി. പ്രസാദും പത്രസമ്മേളനത്തില്‍ പറഞ്ഞു.
കോളേജിന് പുറത്തുവച്ച് വിദ്യാര്‍ത്ഥിനികളെ കൈയേറ്റം ചെയ്ത വിദ്യാര്‍ത്ഥികളെ നാട്ടുകാര്‍ ആരോ ആക്രമിച്ചതിന്റെ പേരില്‍ എസ്എഫ്ഐയിലെ ഒരുവിഭാഗം മാനേജ്മെന്റിനെതിരെ ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് ആഷിഖാണ് പ്രശ്നം മുഴുവന്‍ സൃഷ്ടിക്കുന്നത്. ചില വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ച് കോളേജിന് നേരെ എസ്എഫ്ഐക്കാര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.
കോളേജിന്റെ പ്രവര്‍ത്തനം സുഗമമായി നടക്കണമെന്ന നിലപാട് മാത്രമേ മാനേജ്മെന്റിനുള്ളൂ. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേകമായി അടുപ്പമോ അകല്‍ച്ചയോ ഇല്ല. വിദ്യാര്‍ത്ഥികളെ അക്രമിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ള കോളേജിലെ പ്യൂണ്‍ രാഹുല്‍ സിപിഎമ്മുകാരനാണെന്നും അവര്‍ പറഞ്ഞു. അക്രമികള്‍ക്ക് ഒത്താശ ചെയ്യുന്ന നിലപാടാണ് നൂറനാട് എസ്ഐ സ്വീകരിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.
കോളേജ് വാര്‍ഷികത്തില്‍ ഡിജെ ഡാന്‍സ് നടത്തണമെന്ന ചില വിദ്യാര്‍ത്ഥികളുടെ ആവശ്യം കോളേജ് മാനേജ്മെന്റ് അംഗീകരിച്ചില്ല. ഇതേത്തുടര്‍ന്ന് ഒരുവിഭാഗം വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ച് എസ്എഫ്ഐക്കാര്‍ കോളേജിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. പഠന നിലവാരത്തിലും അടിസ്ഥാന സൗകര്യങ്ങളിലും ഉന്നത മാനദണ്ഡം പുലര്‍ത്തുന്ന കോളേജിനെതിരെ ഇതുവരെ ഒരു വിദ്യാര്‍ത്ഥിക്കും രക്ഷാകര്‍ത്താവിനും പരാതി പറയാന്‍ കഴിഞ്ഞിട്ടില്ല.
എസ്എഫ്ഐക്കാരായ ഒരുവിഭാഗത്തിന്റെ അഴിഞ്ഞാട്ടം അനുവദിക്കാന്‍ കഴിയില്ലെന്നും വിദ്യാര്‍ത്ഥിനികളെ ഉപദ്രവിക്കാന്‍ ശ്രമിച്ചവര്‍ക്കും കോളേജില്‍ നാശനഷ്ടമുണ്ടാക്കിയവര്ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എസ്എഫ്ഐ നേതാവ് ആഷിഖിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം സ്ഥിരമായി ഗുണ്ടാപിരിവ് ആവശ്യപ്പെടുന്നതായും അവര്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: