ആലപ്പുഴ: കാര്‍ഷിക ഉത്പാദനം വര്‍ദ്ധിപ്പിക്കാനും നൂതന കൃഷിരീതികള്‍ അവലംബിക്കുന്നതിനും വേണ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ സംസ്ഥാനത്ത് ആരംഭിക്കാന്‍ തീരുമാനിച്ച ഹൈടെക് പോളിഹൗസുകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ഗ്രീന്‍ സൊസൈറ്റി ആവശ്യപ്പെട്ടു. 75 ശതമാനം സബ്സിഡി ബാക്കി വരുന്ന തുക കാര്‍ഷിക വായ്പയായി ലഭ്യമാക്കുകയും ചെയ്തിട്ട് നാളിതുവരെ യാതൊരുവിധ പ്രവര്‍ത്തനവും ചെയ്യാതെ കോടിക്കണക്കിന് രൂപ സബ്സിഡിയും ബാങ്ക് വായ്പയും ചിലയാളുകള്‍ തട്ടിയെടുത്തതായി യോഗം ആരോപിച്ചു.
ഇതിനാല്‍ പരമ്പരാഗത കൃഷിക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന പല ആനുകൂല്യങ്ങളും നഷ്ടപ്പെട്ടതായി യോഗം അഭിപ്രായപ്പെട്ടു. കൃത്രിമമായി സബ്സിഡി തുക കൈപ്പറ്റിയവരില്‍ നിന്ന് തുക തിരിച്ചുപിടിക്കാന്‍ കൃഷി വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി.എം. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.സി. ജോഷി, ജയപാലന്, ടി.ടി. സലിംകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: