ആലപ്പുഴ: കായംകുളം നഗരസഭയില്‍ നിന്നും വിരമിച്ച ശുചീകരണവിഭാഗം ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട പെന്ഷന് കുടിശികയും മറ്റ് ആനുകൂല്യങ്ങളും അടിയന്തരമായി നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം ആര്. നടരാജന്. പെരുങ്ങാല സ്വദേശി തോമസ് ഡിസില്‍വ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കമ്മീഷന് കായംകുളം നഗരസഭയില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
2005ലെ പെന്ഷന് പരിഷ്കരണ കുടിശികവരെ നല്‍കാനുണ്ടെന്ന് നഗരസഭ കമ്മീഷന് മുമ്പാകെ സമ്മതിച്ചു. നഗരസഭയുടെ ദൈനംദിന ആവശ്യങ്ങള്‍ വളരെ ബുദ്ധിമുട്ടിയാണ് നടക്കുന്നതെന്നും 2009 ജൂലൈ ഒന്നു മുതല്‍ പ്രാബല്യം നല്കി കണ്ടിജന്റ് ജീവനക്കാര്‍ക്ക് പെന്ഷന് നല്‍കാനുള്ള ഉത്തരവ് 2013 മേയ് 31 നാണ് ലഭിച്ചതെന്നും നഗരസഭ അറിയിച്ചു. മുനിസിപ്പല്‍ ഫണ്ടിന്റെ ലഭ്യത അനുസരിച്ച് എത്രയും വേഗം കുടിശിക വിതരണം ചെയ്യുമെന്നും വിശദീകരണത്തില്‍ പറയുന്നു.
വിരമിച്ചവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കുന്നത് ക്രൂരതയാണെന്ന് കമ്മീഷന് അംഗം ആര്. നടരാജന് നിരീക്ഷിച്ചു. വിരമിച്ച ജീവനക്കാരില്‍ പലരും മരിച്ചതായി മനസിലാകുന്നു. പലരും വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ അനുഭവിക്കുന്നു. സര്‍വീസിലിരിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് കാണിക്കുന്ന താത്പര്യം വിരമിച്ചവരോടും കാണിക്കണം. നഗരകാര്യ ഡയറക്ട്രേറ്റില്‍ നിന്നും മൂന്നു കോടിയിലധികം രൂപ കിട്ടാനുണ്ടെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്. ഇത് ലഭ്യമാക്കേണ്ട ബാധ്യത നഗരസഭയ്ക്കുണ്ടെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവ് നഗരകാര്യ ഡയറക്ടര്‍ക്ക് അയച്ചതായി കമ്മീഷന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: