മാവേലിക്കര: എ.ആര്. രാജരാജവര്‍മ്മയുടെ സ്മാരകമായ ശാരദാമന്ദിരം സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് 20 വര്‍ഷം തികയുന്നു. ഒരു കാലത്ത് മലയാള സര്‍വകലാശാലയുടെ ആസ്ഥാനമായി മാറുമെന്ന് പ്രതീക്ഷിച്ച ശാരദാമന്ദിരം അടഞ്ഞുകിടക്കുന്ന ഒരു സ്മാരകമായി മാറി എന്നല്ലാതെ പ്രത്യേകിച്ച് ഒരു വികസനവും ഉണ്ടായില്ല. സംസ്ഥാന ഭരണ നേതൃത്വത്തില്‍ എത്തുന്നവരുടെ താത്പര്യത്തിന് അനുസരിച്ച് അഞ്ചുവര്‍ഷം കഴിയുമ്പോള്‍ പുതിയ ഭരണസമിതി എത്തുന്നു എന്നതുമാത്രമാണ് ഇവിടെ നടക്കുന്ന മാറ്റം. കവയത്രി സുഗതകുമാരി ചെയര്‍പേഴ്സണായുള്ള ഇപ്പോഴത്തെ ഭരണസമിതി മാത്രമാണ് ഇക്കാര്യത്തില്‍ കുറച്ചെങ്കിലും വ്യത്യസ്ഥത വരുത്തിയത്. ഭരണസമിതിയുടെ ശ്രമഫലമായി രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ചെലവിട്ട് ആധുനിക രീതിയിലുള്ള ലൈബ്രറി സ്ഥാപിച്ചു.
കഴിഞ്ഞ ബജറ്റില്‍ ലഭിച്ച 8.5 ലക്ഷം രൂപ ചെലവഴിച്ച് പുതിയ സാംസ്കാരിക മന്ദിരം മെയ് മാസത്തില്‍ പൂര്‍ത്തിയാകും. എആറിന്റെ കൃതികള്‍ പുനഃപ്രസിദ്ധീകരിച്ചു വരുന്നു. പുസ്തകരൂപത്തില്‍ ഇതുവരെയും അച്ചടിച്ചിട്ടില്ലാത്ത എആറിന്റെ മൂന്നു പുസ്തകങ്ങള്‍ 135 വര്‍ഷങ്ങള്‍ക്കുശേഷം പ്രസിദ്ധീകരിക്കുവാനുള്ള പ്രാരംഭനടപടികള്‍ ആരംഭിച്ചു. എആറിന്റെ പൂര്‍ണകായപ്രതിമ സ്ഥാപിക്കുകയും, എആര്‍ ജങ്ഷന് നാമകരണവും, എആര്സ്മാരക ഭാഷാ ഉദ്യാനവും അക്ഷരശ്ലോക പഠന കേന്ദ്രവുമൊക്കെ ആരംഭിക്കുവാന്‍ കഴിഞ്ഞെങ്കിലും, ഭാഷാസ്നേഹികള്‍ കാത്തിരുന്ന വികസനം യാഥാര്‍ത്ഥ്യമായില്ല.
മലയാള ഭാഷ ഇന്ന് നേടിയ എല്ലാ നേട്ടങ്ങള്‍ക്കും കാരണക്കാരനായ എ.ആര്. രാജരാജവര്‍മ്മ അന്ത്യവിശ്രമം കൊള്ളുന്ന ശാരദാമന്ദിരം അവഗണിക്കപ്പെടുമ്പോള്‍ ശ്രേഷ്ഠഭാഷാപദവി ലഭിച്ച മലയാളം തല കുനിച്ച് നില്ക്കുന്നു. വീണ്ടും പ്രതീക്ഷ ഉണര്‍ത്തി ഭാഷാപഠന ഗവേഷണകേന്ദ്രം എന്ന ആവശ്യം ഇപ്പോള്‍ സജീവ ചര്‍ച്ചയായിരിക്കുകയാണ്. ഇതെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഭാഷാസ്നേഹികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: