വെള്ളാംങ്ങല്ലൂര്‍: കഴിഞ്ഞ എട്ട് ദിവസങ്ങളിലായി കോണത്തുകുന്ന് കൊടയ്ക്കാപറമ്പ് മഹാദേവക്ഷേത്രത്തിലെ നവീകരണകലശത്തിന് ബ്രഹ്മകലശത്തോടെ സമാപനമായി. രാവിലെ പരികലശാഭിഷേകം, പ്രതിഷ്ഠകള്‍, അഷ്ടബന്ധം ഇട്ട് ചാര്‍ത്തല്‍ എന്നീ ചടങ്ങുകള്‍ക്കുശേഷം ബ്രഹ്മകലശാഭിഷേകം നടത്തി. ആയിരത്തിഒന്ന് കുടങ്ങളിലെ കലശം പൂജക്കുശേഷം കലശകുടം വാദ്യമേളങ്ങളുടേയും പട്ടുകുട, ആലവട്ടം, വെണ്‍ചാമരം എന്നിവയുടെ അകമ്പടിയോടെ ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ച് മഹാദേവന് അഭിഷേകം നടത്തി.
തുടര്‍ന്ന് ക്ഷേത്രത്തില്‍ വലിയ ബലികല്ലില് അഭിഷേകം നടത്തിയ ശേഷം പ്രദക്ഷിണ വഴിയിലെ ബലികല്ലില് അഞ്ച് പ്രാവശ്യം പ്രദക്ഷിണം നടത്തി ഹവിസ് തൂകി. ഉച്ചപൂജക്കുശേഷം നവീകരണകലശത്തില്‍ പങ്കെടുത്ത തന്ത്രിമാര്‍ക്കും ശാന്തിക്കാര്‍ക്കും മറ്റു അമ്പലവാസികള്‍ക്കും ദക്ഷിണ നല്കി. തന്ത്രിമുഖ്യരായ നകരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരിപ്പാട്, തൃപ്രയാര്‍ ക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ പടിഞ്ഞാറെ മന പത്മനാഭന് നമ്പൂതിരിപ്പാട്, ശാന്തിക്കാരായ മേച്ചേരി സുനില്‍ നമ്പൂതിരിപ്പാട്, നാരായണന് നമ്പൂതിരിപ്പാട് എന്നിവരുടെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍.
വൈകീട്ട് പായിക്കാട്ട് കൃഷ്ണന് നമ്പൂതിരിപ്പാടിന്റെ പ്രഭാഷണം തുടര്‍ന്ന് ഭക്തര്‍ ക്ഷേത്രത്തിന് മുന്നില്‍ നിലവിളക്ക് കൊളുത്തി കൂട്ടപ്രാര്‍ത്ഥന നടത്തി. ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, അത്താഴപൂജ എന്നിവയായിരുന്നു പരിപാടികള്‍. നവീകരണകലശസമാപനത്തോടനുബന്ധിച്ച് ഉച്ചക്ക് നടക്കുന്ന പ്രസാദഊട്ടില്‍ ആയിരത്തോളം ഭക്തര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: