പാലക്കാട്: വാട്ടര്‍ അഥോറിറ്റി പബ്ലിക് ഹെല്‍ത്ത്(പി.എച്ച്) നെന്മാറ സെക്ഷനില്‍ വിജിലന്‍സ് പരിശോധന. 2014-15 കാലഘട്ടത്തില്‍ പി.എച്ച് സെക്ഷന്‍ മുഖേന ആയിരത്തോളം കുടിവെള്ള കണക്ഷന് നല്‍കിയതില്‍ അഴിമതി നടന്നതായി മനുഷ്യാവകാശ കമ്മിഷന് ജനറല്‍ കൗണ്‍സിലര്‍ സത്യദാസ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രാവിലെ 10.30ന് നടത്തിയ പരിശോധന വൈകീട്ട് നാല് വരെ നീണ്ടു.
കുടിവെള്ള കണക്ഷനെടുത്ത ഉപഭോക്താക്കളെ നേരില്‍ കണ്ടും രേഖകള്‍ പരിശോധിച്ചതിലും ലൈസന്‍സ്ഡ് പ്ലംബര്‍മാര്‍ എസ്റ്റിമേറ്റ് തുകയേക്കാള്‍ 3000 രൂപ അധികം കൈപ്പറ്റിയതായി തെളിഞ്ഞു. യഥാര്‍ഥ തുകയേക്കാള്‍ വര്‍ധിപ്പിച്ചു കാണിച്ചാണ് എസ്റ്റിമേറ്റ് തുക തയാറാക്കിയതെന്നും അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. ഇക്കാര്യം പി.എച്ച് സെക്ഷനിലെ ജീവനക്കാരും അംഗീകരിച്ചിട്ടുണ്ട്. ലൈസന്‍സ്ഡ് പ്ലംബര്‍മാരെ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് സ്വന്തം നിലയില്‍ പ്ലംബിങ് ഉപകരണങ്ങള്‍ വാങ്ങി വാട്ടര്‍ കണക്ഷന് എടുക്കാമെന്നിരിക്കേ പി.എച്ച് സെക്ഷനില്‍ നിന്ന് നിര്‍ദേശിച്ച പ്ലംബര്‍മാരാണ് അധികതുക ഈടാക്കി ഉപഭോക്താക്കളെ ചൂഷണം ചെയ്തതായി കണ്ടെത്തിയിട്ടുള്ളത്.
സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ പങ്ക് കൂടുതല്‍ വ്യക്തമാക്കുന്നതിനുള്ള അന്വേഷണം നടത്തുമെന്ന് വിജിലന്‍സ് അധികൃതര്‍ അറിയിച്ചു. എസ്റ്റിമേറ്റിനേക്കാള്‍ കൂടുതല്‍ തുക നല്‍കിയവര്‍ക്ക് നെന്മാറ വാട്ടര്‍ അഥോറിട്ടി എക്സിക്യുട്ടീവ് എന്‍ജിനീയര്‍ മുമ്പാകെ പരാതി നല്‍കാമെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.
വിജിലന്‍സ് സി.ഐ എസ്. സുനില്‍കുമാര്‍, എസ്.സി. പി.ഒ സി. ജയപ്രകാശ്, എ. സക്കീര്‍ ഹുസൈന്, രതീഷ് എന്നിവരാണ് പരിശോധന നടത്തിയത്. ഗസറ്റഡ് ഓഫീസറായ വാട്ടര്‍ അഥോറിട്ടി സബ്ഡിവിഷന് എ.എക്സ്.ഇ കെ. കൃഷ്ണന്‍കുട്ടിയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: