പാലക്കാട്: വടക്കന്തറ വലിയ വിളക്കുവേലയുടെ ഭാഗമായ നഗരവേല 13 ന്. ഇക്കുറി നഗരവേലക്ക് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നതെന്ന് നഗരവേല കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മാര്‍ച്ച് 13 നാണു വലിയ വിളക്ക് വേല. ചൊവ്വാഴ്ച പിരായിരി തരവത്തുവീട്ടില്നിന്ന് ദേശക്കാരുടെ വാളും പീഠവും എഴുന്നള്ളത്ത്, അന്ന് വൈകുന്നേരം കരിമരുന്ന് പരിശോധന, 12ന് ദ്രവ്യകലശം തുടങ്ങിയ ചടങ്ങുകളുണ്ട്.
കണ്യാര് കുറിച്ചതോടെ വേലവരവറിയിച്ച് തട്ടകത്തില്‍ കരിവേഷങ്ങള്‍ ഇറങ്ങി. ദേവിയുടെ അനുഗ്രഹം നേടി വടക്കന്തറക്കാര് കൂട്ടം കൂട്ടമായും അല്ലാതെയും കരിവേഷം കെട്ടി വീടുകള്‍ കയറി ഇറങ്ങി വേലയുടെ വരവറിയിക്കുകയാണ് പതിവ്. പലതരത്തില്‍ വേഷം കെട്ടാമെങ്കിലും ദേവിക്കു പ്രിയം കരിവേഷമായതിനാല് ആ വേഷം ധരിക്കുന്നവരാണു കൂടുതല്‍. ഇനി വേല ദിവസം രാവിലെ വരെ തട്ടകം കരിവേഷക്കാരെക്കൊണ്ടുനിറയും.
13 ന് പകല്‍ മൂന്നിന് ആരംഭിക്കുന്ന നഗരവേലയില് ശിങ്കാരമേളം, നാദസവരം, കാളവേല, ചെണ്ടമേളം, പുലികളി, കാവടിയാട്ടം, കരകാട്ടം, തപ്പട്ട, പൊറാട്ടുകളി, റെയ്യാണ്ടിമേളം, ആര്യമാല, പഞ്ചവാദ്യം, തട്ടിന്മേല്ക്കൂത്ത് തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഒരുക്കിയിട്ടുണ്ടെന്ന് നഗരവേല കമ്മറ്റി ഭാരവാഹികളായ എന്‍.ശിവരാജന്, ജി.രാമചന്ദ്രന്, ജി.പെരുമാര്, ഡി.വിജയകമാര്‍ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: