പെരുമ്പാവൂര്‍: ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്കുന്ന മൗലീകാവകാശങ്ങള്‍ നാം അനുഭവിക്കുന്നതോടൊപ്പം മൗലീകമായ ചില കടമകള്‍ കൂടി നിര്‍വ്വഹിക്കേണ്ടതുണ്ടെന്നും, ഈ കടമകള്‍ ഏറ്റെടുക്കുന്നതിനും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനും നാം മുന്നോട്ടു വരണമെന്നും സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന് ജോസഫ് അഭിപ്രായപ്പെട്ടു.
മറ്റുള്ളവരെ സഹായിക്കുക എന്നത് നമ്മുടെ ഉച്ഛിഷ്ഠം നല്‍കുകയും നമ്മുടെ ആവശ്യം കഴിഞ്ഞ് ഉപേക്ഷിക്കുന്ന വസ്തുക്കള്‍ ദാനം ചെയ്യുന്നതുമല്ല എന്നും അവനവന്റെ ജീവിതത്തിന്റെ ഒരു ഭാഗം പകുത്തു നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പെരുമ്പാവൂര്‍ ഫൗണ്ടേഷന് അത്തരത്തിലുള്ള ഒരു പ്രസ്ഥാനമാണെന്ന് തനിക്ക് ബോദ്ധ്യപ്പെട്ടതിനാല്‍ ഇതില്‍ അംഗത്വമെടുക്കുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ആതുര സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നതിനായി രൂപം കൊണ്ട പെരുമ്പാവൂര്‍ ഫൗണ്ടേഷന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍എസ്എസ് കരയോഗം ഹാളില്‍ ഫൗണ്ടേഷന് പ്രസിഡന്റ് അഡ്വ.പി.കെ.ബൈജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രക്ഷാധികാരി കെ.ശ്രീകുമാര്‍ സ്വാഗതം ആശംസിച്ചു.
ഫൗണ്ടേഷന്റെ ജീവ കാരുണ്യ പദ്ധതിയായ അറിവിന്റെ ഉദ്ഘാടനം കൂവ്വപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റജി ഇട്ടൂപ്പ് നിര്‍വ്വഹിച്ചു. നിറവ് പദ്ധതിയുടെ ഉദ്ഘാടനം വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ.പി.ഷമീര്‍ നിര്‍വ്വഹിച്ചു.
കനിവ് പദ്ധതിയുടെ ഉദ്ഘാടനം കൂവപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വൈ.പൗലോസും, രക്തദാന ഫോറത്തിന്റെ ഉദ്ഘാടനം കേരള യുക്തിവാദിസംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എന്‍.അനില്‍കുമാറും നിര്‍വ്വഹിച്ചു. അംഗത്വ വിതരണത്തിന്റെ ഉദ്ഘാടനം എന്‍എസ്എസ് കരയോഗം പ്രസിഡന്റ് ടി.എന്‍.അശോക് കുമാര്‍ നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: