കൊട്ടാരക്കര: പതിനെട്ട് മനുഷ്യജീവനുകള്‍ പൊലിഞ്ഞുവീണ കുളക്കടയില്‍ കളക്ടറുടെ നേതൃത്വത്തില്‍ അവലോകനയോഗം. വാഹനാപകടങ്ങള്‍ നിയന്ത്രിക്കാനും അപകടം ഒഴിവാക്കുന്നതിന് അടിയന്തിര നടപടികളെടുക്കാനും തീരുമാനം.
അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും ബന്ധപ്പെട്ടവര്‍ നടപടി എടുക്കാത്തതിലുള്ള നാട്ടുകാരുടെ പ്രതിഷേധത്തിനും വേദി സാക്ഷ്യം വഹിച്ചു. അഞ്ചു തവണ അവലോകനയോഗം കൈകൊണ്ട തീരുമാനങ്ങള്‍ നടപ്പാകാതെ വന്നതിലുള്ള രോഷപ്രകടനമാണ് നാട്ടുകാരുടെ ഭാഗത്തുനിന്നും ഉണ്ടായത്. എംസി റോഡില്‍ എനാത്ത് പാലം മുതല്‍ കലയപുരം വരെയുള്ള പ്രദേശങ്ങളില്‍ നടക്കുന്ന അപകടങ്ങള്‍ക്ക് പരിഹാരം കാണാനാണ് എംഎല്‍എ അയിഷാപോറ്റിയുടെ അദ്ധ്യക്ഷതയില്‍ കുളക്കട സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ യോഗം നടന്നത്. —
ഓവര്‍ സ്പീഡ് നിയന്ത്രിക്കുന്നതിന് സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കുക, പ്രധാന ജംഗ്ഷനുകളില്‍ ഡിവൈഡറുകള്‍, അപകടസാധ്യത കൂടിയമേഖലകളില് സൈന്‍ബോര്‍ഡ്, പ്രധാന ജംഗ്ഷനുകളില്‍ ക്യാമറകള്‍, റോഡ് മുറിച്ചുകടക്കാന്‍ സീബ്രാലൈന്‍, ജംഗ്ഷനുകള്‍ വേര്‍തിരിച്ച് കാണിക്കുന്ന റോഡ് മാര്‍ക്കിംഗ്, ഓടകള്‍ക്ക് സ്ലാബ്, കുളക്കട ഹൈസ്കൂള്‍ ജംഗ്ഷനില്‍ സ്കൂള്‍ കുട്ടികള്‍ക്ക് ക്രോസ് ചെയ്യുന്നതിന് വേണ്ടി ഫ്ളൈ ഓവര്‍ സ്ഥാപിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് യോഗത്തില്‍ പ്രധാനമായും ഉയര്‍ന്നത്.
പദ്ധതികള്‍ നടപ്പാക്കാനാവശ്യമായ ഫണ്ടില്ലെന്ന് കെഎസ്ടിപി നല്കിയ മറുപടി നാട്ടുകാരെ രോഷാകുലരാക്കി. ജില്ലാ റോഡ് സുരക്ഷ അതോറിറ്റിയില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ ലഭിക്കാതെ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പറഞ്ഞു. സംസാരിക്കുന്നതിനേക്കാള്‍ പ്രവര്‍ത്തിച്ചുകാണിക്കുന്നതാണ് നല്ലതെന്നുള്ള കളക്ടറുടെ നിര്‍ദ്ദേശം ഏവരും കയ്യടിയോടെയാണ് സ്വീകരിച്ചത്.
അടിയന്തരമായി പരിഹരിക്കേണ്ടതും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിഹരിക്കേണ്ടതും എന്ന് വിഷയങ്ങളെ തരംതിരിച്ച് പരിഹരിക്കും. ജില്ലാ റോഡ് സുരക്ഷാ സമിതില്‍ ഇത് അവതരിപ്പിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്ന് കളക്ടര്‍ ഉറപ്പ് നല്കി. അവലോകനയോഗത്തില്‍ ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കന്മാര്, വിവിധ വകുപ്പുകളിലെ മേധാവികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കുളക്കട മുതല്‍ കലയപുരം വരെയുള്ള പ്രദേശങ്ങളില്‍ 2013മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെ വാഹനാപകടത്തില്‍ ഇതുവരെ 18 മനുഷ്യജീവനുകളാണ് പൊലിഞ്ഞത്. ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം 100 ലധികം വരും. കെഎസ്ടിപിയുടെ അശാസ്ത്രീയമായ റോഡ് നിര്‍മ്മാണം ആണ് ഇവിടെ അപകടക്കെണിയാകാന്‍ കാരണം എന്ന് മുന്‍പ് തന്നെ പരാതി ഉയര്‍ന്നെങ്കിലും യാതൊരു നടപടിയും ബന്ധപ്പെട്ടവര്‍ സ്വീകരിച്ചില്ല. ഇതാണ് ഇത്രയേറെ മനുഷ്യജീവനുകള്‍ ഈ പ്രദേശത്ത് തന്നെ പൊലിയാന്‍ ഇടയാക്കിയത്.
ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിച്ച് അപകടം ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനൊപ്പം കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുവാനും നാട്ടുകാര്‍ തീരുമാനമെടുത്ത് മുന്നോട്ട് പോകുന്നതിനിടയിലാണ് യോഗം നടന്നത്. ഇപ്പോള്‍ നടന്ന ഈ യോഗത്തിലെങ്കിലും പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. കഴിഞ്ഞ ദിവസം ചടയമംഗലത്ത് നടന്ന ബസപകടവും ചൂണ്ടിക്കാട്ടുന്നത് അശാസ്ത്രീയമായ റോഡ് നിര്‍മ്മാണത്തിലേക്കു തന്നെയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. റോഡ് നിര്‍മ്മാണവേളയില്‍ വേണ്ടവിധത്തിലുള്ള മേല്‍നോട്ടം അധികാരികളുടെ ഭാഗത്തു നിന്നുണ്ടാകാത്തതാണ് വിനയാകുന്നതെന്നും വിലയിരുത്തലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: