ഇന്ന് ലോകവനിതാ ദിനം. വനിതകള്‍ക്കായുള്ള ദിനത്തില്‍ പുരുഷനെന്താണ് പ്രസക്തിയെന്ന് ഓര്‍ത്തുപോയോ? സ്ത്രീകള്‍, അവര്‍ക്കുവേണ്ടി സംസാരിക്കുകയും വാദിക്കുകയും ചെയ്യുമ്പോള്‍ പുരുഷന്റെ മനസ്സില്‍ സ്ത്രീക്കുള്ള സ്ഥാനമെന്താണെന്നും ഒന്നറിയേണ്ടേ?. അമ്മയായും ഭാര്യയായും മകളായും സഹോദരിയായും സുഹൃത്തായും നിന്നുകൊണ്ടു തങ്ങളുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറുന്ന പെണ്മയുടെ വ്യത്യസ്ത ഭാവങ്ങളെക്കുറിച്ച് പുരുഷനും പറയാനുണ്ട് ചിലത്…
ജോണ്‍ പോള്‍, തിരക്കഥാകൃത്ത്
സ്ത്രീത്വത്തെക്കുറിച്ചുപറയുമ്പോള്‍ അതിന്റെ മൂന്ന് മുഖങ്ങളെക്കുറിച്ചേ പറയാന്‍ പറ്റൂ. അതെന്റെ അമ്മ റബേക്കയും ഭാര്യ ഐഷ എലിസബത്തും മകള്‍ ജിഷയുമാണ്. അമ്മതന്ന സ്നേഹവും വാത്സല്യവും ഭാര്യനല്കിയ പ്രണയവും കരുതലും എന്നെ വീണ്ടും എന്റെ ബാല്യത്തിലേക്കുകൂട്ടിക്കൊണ്ടുപോയ മകളും-ഇതില്‍ കൊച്ചുമകളും ഉള്‍പ്പെടും. ഇതെല്ലാം സ്ത്രീത്വത്തിന്റെ വ്യത്യസ്ത തലങ്ങള്‍ കാണിച്ചുതരുന്നവരാണ്. എനിക്ക് നഷ്ടപ്പെട്ട പ്രതീക്ഷ നേടിത്തരുന്നതില്‍ മകള്‍ കാണിച്ച ആര്‍ജ്ജവവും ചെറുതല്ല. മകളിലായാലും ഭാര്യയിലായാലും എനിക്ക് എന്റെ അമ്മയെത്തന്നെ കാണാന്‍ സാധിച്ചു. മകളുടേയും കൊച്ചുമകളുടേയും ചില ചേഷ്ടകള്‍പോലും അമ്മയെ അനുസ്മരിപ്പിക്കുന്നതാണെന്ന് തോന്നിയിട്ടുണ്ട്. അസുഖം വന്ന് ഞാന്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ അമ്മയുടെ മുഖത്തുകണ്ട വ്യഥ ഭാര്യയുടേയും മകളുടേയും കൊച്ചുമകളുടേയും മുഖത്ത് കാണാന്‍ കഴിഞ്ഞു. ആശുപത്രിയില്‍വന്ന് എന്നെ കാണാന്‍ സാധിക്കാതിരുന്ന കൊച്ചുമകള്‍ ജിയയുടെ പ്രാര്‍ത്ഥനയിലും കണ്ടത് അമ്മയെത്തന്നെ. അങ്ങോട്ടും ഇങ്ങോട്ടുമുള്ള കരുതലാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്. ജീവിതത്തില്‍ ആകര്‍ഷണം എന്ന ഘട്ടം കഴിയുമ്പോള്‍ അതിനുമപ്പുറത്തേക്ക് ജീവിതം നീളുമ്പോള്‍ പിന്നെയും ബാക്കി എന്തോ തെളിഞ്ഞുവരുന്നുണ്ട്. ആയുസ് പൂരിപ്പിക്കുന്നതിനുള്ള, ആത്മാവില്‍നിന്നും ഉയര്‍ന്നുവരുന്ന സൂത്രവാക്യമാണത്. സ്ത്രീത്വത്തെക്കുറിച്ച് ഞാന്‍ അര്‍ത്ഥമാക്കുന്നതും ഇതുതന്നെ.
ഒ. രാജഗോപാല്‍, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം
എന്നെ ഏറെ സ്വാധീനിച്ച വ്യക്തി മറ്റാരുമല്ല, അത് ആത്മീയ ഗുരു മാതാ അമൃതാനന്ദമയീദേവി തന്നെയാണ്. കുട്ടിക്കാലത്ത് ജ്യോതിഷ പണ്ഡിതന് ഒരിക്കല്‍ പറഞ്ഞിരുന്നു അമ്മയല്ലാത്ത മറ്റൊരു സ്ത്രീയായിരിക്കും ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തുകയെന്ന്. ഞാന്‍ ഇഷ്ടപ്പെട്ട സ്ത്രീയെയാണ് വിവാഹം ചെയ്തത്. ഡോ.ശാന്ത. അവര്‍ എന്റെ കുടുംബം ഭംഗിയായി നോക്കിയിരുന്നു. 1999ല്‍ അഖിലേന്ത്യാ സെക്രട്ടറിയായശേഷം ആലപ്പുഴയില്‍വച്ചു നടന്ന സ്വീകരണത്തില്‍ ഒരു ബിജെപി പ്രവത്തകനായ അഡ്വ. ജയദേവനാണ് എനിക്ക് ‘അമ്മയുടെ മൊഴികള്‍’ എന്ന പുസ്തകം തന്നത്. അത് ശ്രദ്ധിച്ചു വായിച്ചശേഷമാണ് അമ്മയെന്ന മഹദ്വ്യക്തിയെ അറിയാന്‍ കഴിഞ്ഞത്. നമ്മോടു പറയേണ്ട കാര്യങ്ങള്‍ വളരെ ലളിതമായി അമ്മ പറഞ്ഞുതരുന്നത് ഒരു വലിയ അനുഭവം തന്നെയായിരുന്നു. ജീവിതസാക്ഷാത്ക്കാരം ലഭിച്ചവര്‍ക്കുമാത്രമേ ഇത്ര ലളിതമായി കാര്യങ്ങള്‍ അവതരിപ്പിക്കാനാകൂ. ഞാനും രാമന്‍പിള്ളയും കെ.ജി. മാരാര്‍ക്കൊപ്പം അമ്മയെ ആദ്യമായി ചെന്നു കണ്ടു. അന്ന് അമ്മയെ കൂടുതല്‍ അടുത്തറിയാനായി. പിന്നീട് അമ്മയെ കൂടുതല്‍ അറിയാനായി ധാരാളം വായിച്ചു. അമ്മയെ കൂടുതല്‍ നിരീക്ഷിച്ചു. അങ്ങനെ അമ്മയെക്കണ്ട് ആറുവര്‍ഷത്തിനുശേഷം ഗുരുവായി അംഗീകരിച്ച് ഔപചാരികമായി മന്ത്രദീക്ഷ സ്വീകരിച്ചു. മന്ത്രദീക്ഷ തന്നതാകട്ടെ എന്നെ നരീക്ഷിച്ച് ആറുമാസത്തിനുശേഷവും. അതിനുശേഷം ജീവിതത്തിലെ എല്ലാ കാര്യവും ചെയ്യന്നതിനുമുമ്പ് അമ്മയുടെ അനുവാദം വാങ്ങാറുണ്ട്. അത് ഇന്നും തുടരുന്നു. എന്റെ അമ്മയുടെ മരണശേഷം എന്റെ എല്ലാ പിറന്നാളും തിരുവോണവും അമ്മയോടൊപ്പമാണ് ആഘോഷിക്കാറുള്ളത്. പിറന്നാളിന് അമ്മയുടെ പാദപൂജ ചെയ്തുവരുന്നു. അമ്മ ഹിന്ദുമതത്തെപ്പറ്റി ഗൗരവമായി ചിന്തിക്കാന്‍ തുടങ്ങിയത് ഈ മോനെ കണ്ടതിനുശേഷമാണ് എന്ന് ഒരിക്കല്‍ മുന്‍ കേന്ദ്രമന്ത്രി ഡോ. മുരളീ മനോഹര്‍ ജോഷിയോട് ദല്‍ഹിയില്‍വച്ചു പറഞ്ഞിരുന്നത് ഞാന്‍ നന്ദിയോടെ സ്മരിക്കുന്നു.
ജയരാജ് വാര്യര്‍, നടന്
ഭാരതീയ സംസ്കാരത്തില്‍ സ്ത്രീക്ക് ഉന്നത സ്ഥാനമാണുള്ളത്. അമ്മയാണ് എല്ലാം. അച്ഛന് കാഴ്ചകള്‍ കാണിച്ച് തന്നിട്ടുണ്ട്, സ്നേഹത്തോടെ വിമാനവും പൂരവുമെല്ലാം കൈപിടിച്ച് കാണിച്ചത് അച്ഛനാണെങ്കിലും അമ്മ നല്കിയ സ്നേഹം മരണം വരെ നമ്മുടെ മനസില്‍ അലിഞ്ഞുചേരും. എല്ലാത്തിന്റെയും പ്രതീകം സ്ത്രീയാണ്. സ്ത്രീ ശക്തിയും പ്രകൃതിയുടെ ഭാഗവുമാണ്. അമ്മ കഴിഞ്ഞാല്‍ സ്ത്രീയെന്ന സങ്കല്പത്തില് നില്ക്കുന്ന ഭാര്യ നമ്മുടെ കരുത്താണ്. ഭാര്യ എന്നത് ഒരു ദിവ്യ തേജസാണ്. സുഖവും ദു:ഖവുമെല്ലാം ഒരേ വികാരത്തോടെ കാണുന്നതാണ് ഭാര്യ. നിലവില്‍ സ്ത്രീകള്‍ ഏറെ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കിലും അത്തരം വിഷയം എടുത്തുയര്‍ത്താന്‍ ഞാന്‍ താല്പര്യപ്പെടുന്നില്ല. കാരണം നിലനില്‍ക്കുന്ന എല്ലാ പ്രശ്നങ്ങളെയും വളരെ പക്വതയോടെ നേരിടാന്‍ സ്ത്രീക്ക് കഴിവുണ്ട്. സിനിമയില്‍ 17 ഉം 18 ഉം വയസുള്ള കുട്ടികള്‍ പോലും വളരെ മികച്ച അഭിനയം കാഴ്ച്ച വെയ്ക്കുന്നത് അവരുടെ പക്വതയാണ് തെളിയിക്കുന്നതും.
സി.രാധാകൃഷ്ണന്, നോവലിസ്റ്റ്
ജീവിതത്തില്‍ ഏറ്റവും വലിയ പങ്ക് വഹിച്ചത് എന്റെ കുടുംബിനിയാണ്. അമ്മയ്ക്ക് വലിയ സ്ഥാനം ഉണ്ടെങ്കിലും പ്രസവിക്കാതിരിക്കാന് കഴിയുമായിരുന്നില്ല. എന്നാല്‍ ഭാര്യയ്ക്ക് ഏത് നിമിഷവും ഉപേക്ഷിച്ച് പോകാമായിരുന്നു. എന്നാല്‍ മനസ്സറിഞ്ഞ് ഇന്നും അവര്‍ എന്റെ ജീവിതഗതിയെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു. ഏത് വിഷമഘട്ടത്തിലും ക്ഷമയും ശുഭാപ്തിയും കൈവിടാതെ എനിക്ക് തുണയായിരിക്കുന്നു. അലോസരം ഉണ്ടാക്കാതെ സഹകരിക്കുന്നു. ഒരു നിയോഗമെങ്കിലും യജ്ഞം പോലെ ഈ പരിരക്ഷാകര്‍മ്മം അവര്‍ നിര്‍വ്വഹിച്ചു പോരുന്നു. ഒരുവേള ഇതൊരു വീട്ടാക്കടമായി ജന്മാനന്തര ശേഷിപ്പാകുമായിരിക്കാം.
മേജര്‍ രവി, സംവിധായകന്
എ.ടി. സത്യഭാമയാണ് എന്റെ അമ്മ. എന്റെ ജീവിതത്തില്‍ അമ്മയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. അമ്മയുടെ വിദ്യാഭ്യാസമോ പദവിയോ ഒന്നുമല്ല പ്രധാനം. മാതൃത്വം തന്നെയാണ് ഏറ്റവും വലിയ യോഗ്യത. അവരില്‍ നിന്നും കിട്ടിയതാണ് എന്നിലുള്ളതെല്ലാം. അമ്മയുടെ ശകാരമായാലും സാന്ത്വനമായാലും എല്ലാം എന്റെ വ്യക്തിത്വത്തെ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ വനിതാദിനം എല്ലാ അമ്മമാര്‍ക്കുമാണ് ഞാന്‍ സമര്‍പ്പിക്കുന്നത്. വീട്ടിലേക്ക് ഞാന്‍ ഗേറ്റുകടന്നെത്തുന്നതിനുമുമ്പുതന്നെ അമ്മ എനിക്ക് വേണ്ടുന്നതെന്താണെന്ന് മനസ്സിലാക്കിയിരുന്നു. വീടിന്റെ വാതില്‍ തുറന്നാലുടന്‍ കെട്ടിപ്പിടിച്ച് നെഞ്ചത്ത് ഒരുമ്മ തരും. അമ്മയുടെ ഉയരം എന്റെ നെഞ്ചോളമേ ഉണ്ടായിരുന്നുള്ളു. അതുകഴിഞ്ഞാലുടന്‍ വേഗം അകത്തേക്കു മറയും. തിരികെ വരുന്നത് കൈയില്‍ ചായയോ നാരങ്ങാവെള്ളമോ ആയിട്ടായിരിക്കും. ഞാന്‍ എന്ത് കുടിക്കണമെന്നാണോ മനസ്സില്‍ ആഗ്രഹിച്ചത്, അതാവും അമ്മയുടെ കൈയില്‍. അമ്മ ജീവിച്ചിരുന്നപ്പോള്‍ അമ്മയോട് ദേഷ്യപ്പെടുകയും പിണങ്ങുകയും ഒക്കെ ചെയ്തിട്ടുണ്ട്.
ഒമ്പത് വര്‍ഷം മുമ്പ് അമ്മയെ നഷ്ടപ്പെട്ടപ്പോഴാണ് എന്റെ ജീവിതത്തില്‍ അമ്മ എത്രമാത്രം സ്വാധീനം ചെലുത്തിയിരുന്നു എന്ന് മനസ്സിലാകുന്നത്. ആ വ്യക്തിയുടെ അഭാവം സൃഷ്ടിച്ച വിടവ് എത്രവലുതാണെന്ന് അറിയുന്നത്. ജീവിച്ചിരിക്കുന്ന സമയത്ത് അവരുടെ വില നമുക്ക് മനസ്സിലാവില്ല. അത് ആരായാലും അങ്ങനെതന്നെ. നഷ്ടപ്പെട്ട ശേഷം അതോര്‍ത്ത് പശ്ചാത്തപിക്കുന്നതിനേക്കാള്‍ നല്ലത് അവരുള്ളപ്പോള്‍ അവരെ സ്നേഹിക്കുകയെന്നതാണ്. നമ്മുടെ അനുഭവം മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുക. അത് മനസ്സിലാക്കിയെങ്കിലും നമ്മുക്ക് വേണ്ടപ്പെട്ടവര്‍ക്കെല്ലാം അവരുടെ ജീവിതകാലത്തുതന്നെ, ഭാവിയില്‍ പ്രായശ്ചിത്തത്തിന് ഇടനല്‍കാതെ സ്നേഹം നല്കാന് എല്ലാവര്ക്കും സാധിക്കണം.
ശ്രീകുമാരന്‍ തമ്പി, കവി, ഗാനരചയിതാവ്, സംവിധായകന്
എന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ചിരിക്കുന്നത് അമ്മ ഭവാനിയമ്മ തങ്കച്ചിയാണ്. ഞാന്‍ രചിച്ച ‘ആത്മകഥയിലെ പെണ്മനസ്സുകള്’ തന്നെ എന്റെ ജീവിതത്തെ സ്വാധീനിച്ച സ്ത്രീകളെക്കുറിച്ചുള്ള സ്മരണകളാണ്. എന്നെ ഞാനാക്കിയത് അമ്മയാണ്. ഏതൊരു പുരുഷന്റേയും വിജയത്തിനുപിന്നില്‍ സ്ത്രീയുണ്ടാവും. പുരുഷന്റെ സ്വഭാവരൂപീകരണം നടത്തുന്നത്, പുരുഷത്വത്തിന് ഗരിമവരുത്തുന്നത് സ്ത്രീയാണ്. അമ്മയെപ്പോലെതന്നെ എന്റെ മകളും എന്നില്‍ സ്വഭാവരൂപീകരണം വരുത്തിയിട്ടുണ്ട്. പുരുഷന് സ്ത്രീയോട് അല്ലെങ്കില്‍ അമ്മയോടുള്ള കടപ്പാട് ഏറെയാണ്. എന്നാല്‍ ഇത്തരത്തിലൊന്ന് മകള്‍ക്ക് അമ്മയോടുണ്ടാവില്ല. പ്രസവിച്ചതിന്റെയും വളര്‍ത്തിയതിന്റേയും കണക്കുകള്‍ പറഞ്ഞാല്‍ അതൊന്നും മകളുടെ അടുത്ത് വിലപ്പോവില്ല. അവര്‍ പറയും, അമ്മ എന്നെ പ്രസവിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ എന്റെ മക്കളെ പ്രസവിച്ച് ആ കടം വീട്ടും. മകന് ഒരിക്കലും ഇങ്ങനെ പറയാന്‍ സാധിക്കില്ല.
”പേറ്റുനോവാല്‍ കടംവീട്ടുന്നു പുത്രിമാര്‍
ഓര്‍ത്താല്‍ അധമര്ണന് ആണ്മക്കള് എന്നുമേ” എന്ന് പറയേണ്ടിയിരിക്കുന്നു. അമ്മയോടുള്ള കടം മരണംവരെ ആണ്മക്കള്ക്ക് വീട്ടാന്‍ സാധിക്കില്ല. എന്നാല്‍ അമ്മമാരെ പുറത്താക്കുന്നതില്‍ കൂടുതലും ആണ്‍മക്കള്‍ത്തന്നെ. സ്ത്രീ ജനിക്കുന്നതുതന്നെ അമ്മയാവാന്‍ വേണ്ടിയാണ്. ഈ പ്രപഞ്ചം നിലനില്ക്കുന്നതുതന്നെ അമ്മയിലൂടെയാണ്. പ്രപഞ്ച ശക്തിയെ ആദിപരാശക്തിയെന്നാണ് വിശേഷിപ്പിക്കുന്നതുപോലും. പുരുഷന് ബീജം ദാനം ചെയ്യുകമാത്രമാണ് ചെയ്യുന്നത്. കുഞ്ഞിനെ ഉദരത്തില്‍ ചുമക്കുന്നതും സൃഷ്ടിയുടെ വേദന അനുഭവിക്കുന്നതും സ്ത്രീയാണ്. ഉപനിഷത് കാലത്തുതന്നെ സ്ത്രീക്ക് പുരുഷനുതുല്യമായ സ്ഥാനം സമൂഹത്തിലുണ്ടായിരുന്നു. പുരുഷന്മാര്ക്കൊപ്പം അവരും വേദി പങ്കിട്ടിരുന്നു. അവര്‍ അന്നേ വിമോചിതരായിരുന്നു. സ്ത്രീയുടെ ശത്രു സ്ത്രീതന്നെയാണ്. സ്ത്രീ-പുരുഷമേധാവിത്തം എന്നത് സത്യമാണ്. എന്നാല്‍ സ്ത്രീപക്ഷവാദിയായ പുരുഷനാണ് ഞാന്‍.
ഞാന്‍ ജനിക്കുന്ന കാലത്ത് ഉച്ചനീചത്വം പൂര്‍ണമായും ഇല്ലാതായിട്ടില്ല. കീഴ്ജാതിക്കാര്‍ക്ക് വീട്ടിലേക്ക് പ്രവേശനം പോലും ഇല്ലായിരുന്നു. പക്ഷേ അക്കാലത്ത് കീഴ്ജാതിക്കാര്‍ക്ക് വന്നിരിക്കുന്നതിനുവേണ്ടി അമ്മ ചാവടി പണിയിപ്പിച്ചിരുന്നു. കീഴ്ജാതിക്കാരുടെ കുട്ടികളെ എടുത്ത് നാലുകെട്ടില്‍ കൊണ്ടുവന്ന് അവര്‍ക്കാവശ്യമായതെല്ലാം സ്വയം നല്‍കിയിരുന്നു. കുഞ്ഞുങ്ങള്‍ ഈശ്വരനാണ്, അവര്‍ക്ക് ജാതിയില്ല എന്നായിരുന്നു അമ്മയുടെ ആദര്‍ശം. എന്റെ അടിത്തറതന്നെ അമ്മയുടെ ഈ നന്മയും ആശയവുമാണ്.
”ജനിക്കുമ്പോള്‍ നമ്മള് ദൈവങ്ങള്‍
സ്നേഹം പകര്‍ന്നു മോഹം നുകര്‍ന്നു
വളര്‍ന്നുകഴിഞ്ഞാല്‍ വെറും മൃഗങ്ങള്‍” എന്നാണ് ഇതേക്കുറിച്ച് പറയേണ്ടത്. പെെട്ടന്ന് ദേഷ്യം വരികയും അതേപോലെ തണുക്കുകയും ചെയ്യുന്നതാണ് അമ്മയുടെ പ്രകൃതം. അമ്മയുടെ ആ സ്വഭാവവും എനിക്ക് കിട്ടിയിട്ടുണ്ട്. സ്ത്രീത്വം ആദരിക്കപ്പെടുകതന്നെ വേണം. യഥാര്‍ത്ഥത്തില്‍ വനിതാദിനം ആചരിക്കേണ്ടത് പുരുഷന്മാരാണ്. അമ്മയെ വന്ദിക്കുന്നതിനും സ്ത്രീയോട് മാന്യമായി പെരുമാറാനും ആ ദിവസമെങ്കിലും പുരുഷന് സാധിക്കണം.
പി.ജയചന്ദ്രന്, ഗായകന്
സ്ത്രീ എന്നാല്‍ ആദ്യം മനസ്സിലേക്ക് എത്തുക ക്ഷമ എന്ന വാക്കാണ്. അതുകൊണ്ട് തന്നെ അവര്‍ പുരുഷനേക്കാള്‍ ഏറെ ബഹുമാനവും അര്‍ഹിക്കുന്നു. പി.സുശീല എന്ന ഗായികയാണ് എന്നെ ഏറ്റവുമധികം സ്വാധീനിച്ച സ്ത്രീ. അവരുടെ പ്രതിഭ കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. സുശീലാമ്മയുടെ ശബ്ദ സൗകുമാര്യം, കലയോടുള്ള അര്‍പ്പണബോധം എല്ലാം മാതൃകയാക്കേണ്ടത് തന്നെ. അമ്മ, ഭാര്യ ലളിത എന്നിവരും ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ഭാര്യ ലളിത ജീവിതത്തിലേയക്ക് വന്നതിനു ശേഷമാണ് ഒരുപാട് നല്ല പാട്ടുകള്‍ ലഭിച്ചത്. സ്ത്രീകളെക്കുറിച്ചുള്ള ഒരുപാട് പാട്ടുകള്‍ പാടാന്‍ കഴിഞ്ഞതും ഏറെ സന്തോഷം നല്കുന്നു. സംഗീത ലോകത്തേയ്ക്ക് കടന്നുവരാന്‍ അമ്മ നല്കിയ പിന്തുണയും ഈ അവസരത്തില്‍ സ്മരിക്കുന്നു.
ബാബുരാജ്, ചലച്ചിത്രതാരം
ഈ വനിതാദിനം ഓര്‍ക്കുന്നത് വളരെ വേദനയോടെയാണ്. ദല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസ്സിലെ പ്രതിയുടെ അഭിമുഖം സംപ്രേക്ഷണം ചെയ്ത നടപടി തികച്ചും നിഷ്ഠൂരമാണ്. ഇത്തരം മാധ്യമസംസ്കാരം നമ്മുടെ സ്ത്രീകളോട് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണെന്നാണ് കരുതുന്നത്.
ഈ സംസ്കാരം വളര്‍ത്തിക്കൊണ്ടുവന്നാല്‍ നമ്മുടെ നാടിന്റെ നിലനില്പുതന്നെ അപകടത്തിലാകും. ഇതിനെതിരെ വേണ്ടത് ശക്തമായ നടപടിയാണ്. അത്രയും ക്രൂരമായിപ്പോയി ബിബിസി ചെയ്തത്.
സ്ത്രീകള്‍ ചെയ്യുന്ന ഒരു ചെറിയ കാര്യംപോലും പുരുഷന്മാര് ചെയ്യുമ്പോഴാണ് അതിന്റെ വിഷമം മനസ്സിലാകൂ. പുരുഷന്മാര്ക്ക് പാചകം ചെയ്യാനറിയാം. പക്ഷേ, അത് കഴിഞ്ഞ് പാത്രം കഴുകുമ്പോഴാണ് സ്ത്രീ ചെയ്യുന്ന മഹനീയത വെളിവാകുന്നത്. അതുപോലെതന്നെ പുരുഷന്മാര്ക്ക് കുട്ടികളെ നോക്കാന്‍ അര മണിക്കൂര്‍പോലും കൃത്യമായി ഒപ്പമിരിക്കാന്‍ സാധിക്കില്ല. എന്നാല്‍ 365 ദിവസവും കുട്ടികളുടെ കാര്യങ്ങള്‍ ഒരു കോട്ടവും തട്ടാതെ നോക്കുന്ന ആ സ്ത്രീസംസ്കാരത്തെ നമ്മള് പൂവിട്ട് പൂജിക്കുകയാണ് വേണ്ടത്.
ജി.സുരേഷ്കുമാര്‍, ചലച്ചിത്ര നിര്‍മാതാവ്
സ്ത്രീസമത്വം എന്ന് നമ്മള് പറയുമ്പോഴും സ്ത്രീകള്‍ക്ക് മുന്‍ഗണന നല്കുന്ന സംസ്കാരം തന്നെയാണ് നമുക്കുള്ളത്. സ്ത്രീകള്‍ക്ക് ദൈവീകമായ സ്ഥാനം നല്കുന്ന രാജ്യങ്ങള്‍ പോലും അപൂര്‍വ്വമാണ്. നമ്മുടെ സംസ്കാരം മറ്റ് രാജ്യങ്ങള്‍ മാതൃകയാക്കിയതിലും സ്ത്രീകള്‍ വഹിച്ച പങ്ക് അഭിമാനകരമാണ്. പണ്ടു മുതലേ ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ള തിരുവിതാംകൂര്‍ കൊട്ടാരത്തിലെ (രാജകുടുംബത്തിലെ) സ്ത്രീകളാണ് എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ളത്. വിദ്യാഭ്യാസം കൂടും തോറും വിനയവും വര്‍ദ്ധിക്കണം എന്നതിന് ഉദാഹരണമാണ് അവര്‍. ഉന്നത വിദ്യാഭ്യാസം നേടിയിട്ടും വാക്കിലും നോക്കിലും പ്രവൃത്തിയിലും ഏറെ അച്ചടക്കം പാലിക്കുന്ന തിരുവിതാംകൂര്‍ കുടുംബത്തിലെ സ്ത്രീകളാണ് എന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ളത്. ഭാരതസ്ത്രീകളെ ലോകം മുഴുവന്‍ ആദരിക്കുന്നതിലും നമുക്കെന്നും അഭിമാനിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: