കൊച്ചി: ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത് 37,427 വിദ്യാര്‍ത്ഥികള്‍. എറണാകുളം, ആലുവ, കോതമംഗലം, മൂവാറ്റുപുഴ എന്നീ വിദ്യാഭ്യാസ ജില്ലകളിലായി 317 പരീക്ഷാകേന്ദ്രങ്ങളാണ് ഇത്രയും വിദ്യാര്‍ത്ഥികള്‍ക്കായി സജ്ജീകരിക്കുന്നത്. 2638 അധ്യാപകരെ പരീക്ഷാഡ്യൂട്ടിക്കായി നിയോഗിച്ചു. മാര്‍ച്ച് 9 തിങ്കളാഴ്ച ആരംഭിക്കുന്ന പരീക്ഷ മാര്‍ച്ച് 23ന് അവസാനിക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് 1.45ന് പരീക്ഷ തുടങ്ങും. വെള്ളിയാഴ്ചകളില്‍ പരീക്ഷ ഇല്ല.
ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ വകുപ്പ്, പോലീസ് ഉദ്യോഗസ്ഥരുടെ യോഗം പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ വിലയിരുത്തി. 47 ക്ലസ്റ്ററുകളായി തിരിച്ചിട്ടുള്ള പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള ചോദ്യപേപ്പറുകള്‍ ജില്ലയിലെ വിവിധ ട്രഷറികളിലും ബാങ്കുകളിലുമായി സൂക്ഷിക്കും. ചോദ്യപേപ്പറുകളുടെ തരംതിരിക്കല്‍ പൂര്‍ത്തിയായി.
പരീക്ഷാകേന്ദ്രങ്ങളിലെ പരിശോധനയ്ക്കായി സെക്രട്ടറിയേറ്റ്, റവന്യൂ, ജില്ല, വിദ്യാഭ്യാസ ജില്ല തലങ്ങളില്‍ പ്രത്യേകം സ്ക്വാഡുകളുണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ എം. കെ. ഷൈന്മോന് പറഞ്ഞു. എറണാകുളം വിദ്യാഭ്യാസജില്ലയിലെ ഉദയംപേരൂര്‍ എസ്എന്‍ഡിപി ഹൈസ്ക്കൂളിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത്. 424 പേര്. ഈയിടെ അപ്ഗ്രേഡ് ചെയ്ത കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ പിണവൂര്‍കുടി ഗവ. ഹൈസ്ക്കൂളിലാണ് കുറവ് വിദ്യാര്‍ത്ഥികള്‍ അഞ്ച്.
പരീക്ഷയുടെ ആരംഭത്തിലെ 15 മിനിറ്റ് ആശ്വാസസമയം (കൂള്ഓഫ് ടൈം) ആയിരിക്കും. ഗ്രേഡിങ് രീതിയിലാണ് എസ്എസ്എല്‍സി പരീക്ഷ നടത്തുന്നത്. 2004-05 മുതല്‍ 2010-11 വരെയുള്ള അധ്യയനവര്‍ഷങ്ങളില്‍ ആദ്യമായി പത്താംക്ലാസ് പരീക്ഷ എഴുതി ഏതെങ്കിലും വിഷയത്തില്‍ ഇനിയും വിജയിക്കാത്തവര്‍ക്കായി പഴ സ്കീമിലും 2011-12 വര്‍ഷം മുതല്‍ പത്താംക്ലാസില്‍ ആദ്യമായി പരീക്ഷ എഴുതുന്നവര്‍ക്കായി പുതിയ സ്കീമിലുമാണ് പരീക്ഷ നടത്തുന്നത്. കഴിഞ്ഞ വര്‍ഷം 96.4 ആയിരുന്നു ജില്ലയിലെ വിജയശതമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: