ആലപ്പുഴ: മത്സ്യബന്ധന യാനങ്ങളില്‍ ഘടിപ്പിക്കുന്ന ഔട്ട്ബോര്‍ഡ് എന്‍ജിനുകളുടെയും യാനങ്ങളുടെയും ഭൗതികപരിശോധന സിവില്‍ സപ്ലൈസ്-ഫിഷറീസ്-മത്സ്യഫെഡ് ഉദ്യോഗസ്ഥര്‍ സംയുക്തമായി മാര്‍ച്ച് എട്ടിന് നടത്തും. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെ ജില്ലയിലെ 36 കേന്ദ്രങ്ങളിലാണു പരിശോധന.
പെര്‍മിറ്റ് അനുവദിക്കുന്നതിനായി എന്‍ജിനുകളുടെ കാലപ്പഴക്കം 15 വര്‍ഷമായി നിജപ്പെടുത്തിയിട്ടുണ്ട്. 2,000 ജനുവരി ഒന്നു മുതല്‍ വാങ്ങിയ എന്‍ജിനുകള്‍ക്കാണ് പെര്‍മിറ്റ് അനുവദിക്കുക. എന്‍ജിന്റെ കാലപ്പഴക്കം കണക്കാക്കുന്നതിന് അതു വാങ്ങിയ ബില്‍ (ഒറിജിനല്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഫോട്ടോ കോപ്പി) പരിശോധിക്കും. ബില്‍ ഇല്ലെങ്കില്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റില്‍ എന്ജിന് നിര്‍മ്മിച്ച വര്‍ഷം എന്ന ഭാഗത്ത് ചേര്‍ത്തിട്ടുള്ള വര്‍ഷം കണക്കാക്കും. സാധാരണ ഗതിയില്‍ ഒരു വ്യക്തിക്ക് പരമാവധി രണ്ട് എന്‍ജിനുകള്‍ക്കു മാത്രമേ പെര്‍മിറ്റ് ശുപാര്‍ശ ചെയ്യാന്‍ പാടുള്ളൂ. എന്നാല്‍ ഇന്‍ബോര്‍ഡ് എന്ജിന് ഉടമകള്‍ക്ക് രണ്ട് കാരിയര്‍ വള്ളം ഉള്ള പക്ഷം ഒന്നിനു രണ്ട് എന്ന ക്രമത്തില്‍ പരമാവധി നാല് എന്‍ജിനുകള്‍ക്ക് പെര്‍മിറ്റിന് ശുപാര്‍ശ ചെയ്യാം.
മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ് ബുക്ക്, എന്‍ജിന്റെ ബില്ല്, രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് (സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെങ്കില്‍ രജിസ്ട്രേഷനു വേണ്ടി ഫീസ് അടച്ച ടിആര്‍ അഞ്ച് രസീത്), റേഷന്‍ കാര്‍ഡ്, നിലവിലുള്ള പെര്‍മിറ്റ് എന്നിവയാണ് ഉദ്യേഗസ്ഥര്‍ പരിശോധിക്കുക. മേല്‍പ്പറഞ്ഞ ഏതെങ്കിലും രേഖ ഹാജരാക്കിയിട്ടില്ല എന്നുള്ള കാരണം കൊണ്ടു മാത്രം പെര്‍മിറ്റിന് ശുപാര്‍ശ ചെയ്യാതിരിക്കില്ല. വള്ളം, എന്ജിന് എന്നിവ പരിശോധിച്ച് ബോധ്യപ്പെടുകയാണെങ്കില്‍ പ്രസ്തുത രേഖ ഹാജരാക്കുന്ന മുറയ്ക്കു പെര്‍മിറ്റ് നല്‍കാവുന്നതാണെന്ന് ശുപാര്‍ശ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെ നടത്തിയ ഏകദിനപരിശോധനകളില് നിന്ന് വ്യത്യസ്തമായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത യാനങ്ങളും എന്‍ജിനുകളുമാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഇതിനായി എന്‍ജിനുകള്‍ പരിശോധനാ കേന്ദ്രത്തിനു സമീപം സൂക്ഷിക്കണം. വൈകിട്ട് അഞ്ചു വരെ എന്ജിന് പരിശോധനാ സംഘത്തിന്റെ അധീനതയിലായിരിക്കും. കടലില്‍ പോകുന്ന വള്ളങ്ങള്‍ക്കു മാത്രമേ പെര്‍മിറ്റിന് ശുപാര്‍ശ ചെയ്യാവൂ.
2015 ഫെബ്രുവരി 21 വരെയായിരുന്നു അപേക്ഷ സ്വീകരിക്കുന്നതിനുള്ള സമയം. ഏതെങ്കിലും കാരണത്താല്‍ ആ തീയതിക്കകം അപേക്ഷിക്കാത്തവര്‍ പരിശോധനാകേന്ദ്രത്തില്‍ അപേക്ഷയുമായി എത്തുകയാണെങ്കില്‍ അവരുടെ അപേക്ഷ, രേഖകളുടെ പകര്‍പ്പ് എന്നിവ സ്വീകരിക്കുകയും എന്‍ജിനും വള്ളവും പരിശോധിക്കുകയും ചെയ്യും. ഇപ്രകാരം സ്വീകരിക്കുന്ന അപേക്ഷകള്‍ സംബന്ധിച്ച വിവരം പ്രത്യേക പട്ടികയായിട്ടാണ് പരിഗണിക്കുക. യോഗത്തില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. മഹേഷ്, ജില്ലാ സപ്ലൈ ഓഫീസര്‍ എസ്. ലൈലാബായ്, മത്സ്യഫെഡ് ജില്ലാ മാനേജര്‍ പി.ടി. ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: