വെല്ലിങ്ടണ്‍: ക്രിക്കറ്റിന്റെ ഉപഞ്ജാതാക്കളായ ഇംഗ്ലണ്ടിന് ലോകകിരീടവിജയ മധുരം നുണയാന്‍ ഇതുവരെയായിട്ടില്ല. കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ ആ ചരിത്രത്തിന് മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. അതി സുപ്രധാനമായ ഒരു മത്സരത്തില്‍ ശ്രീലങ്കയോട് 9 വിക്കറ്റിന് സുല്ലിട്ട ഇയോണ്‍ മോര്‍ഗനും കൂട്ടുകാരും ഡെയ്ഞ്ചര്‍ സോണിലെത്തി. നാലു മത്സരങ്ങളില്‍ മൂന്നിലും തോറ്റമ്പിയ ഇംഗ്ലണ്ടിന്റെ ക്വാര്‍ട്ടര്‍ സാധ്യതകള്‍ ഇനി കയ്യാലപ്പുറത്തെ തേങ്ങയ്ക്കു സമാ നം. ബാറ്റിംഗ് നന്നായപ്പോള്‍ പന്തേറും ഫീല്‍ഡിംഗും പാളി ഇംഗ്ലീഷ് ദുര്‍ഗതിക്ക് കാരണമതാണ്. എതിരാളിയുടെ പിഴവുകള്‍ ആവത് മുതലെടുത്ത ലാഹിരു തിരിമ്മന്നെയും (139 നോട്ടൗട്ട്) കുമാര്‍ സംഗക്കാരയും (117 നോട്ടൗട്ട്) സിംഹളവീരരുടെ വിജയകഥ രചിച്ചു.
ജോ റൂട്ടിന്റെ കന്നി ലോകകപ്പ് സെഞ്ച്വറി (121) ഇംഗ്ലണ്ടിന് നല്കിയ ആശ്വാസം ചില്ലറയല്ലായിരുന്നു. 6ന് 309 എന്ന മികച്ചൊരു സ്കോര്‍ ഇംഗ്ലീഷ് ടീമിനത് സമ്മാനിച്ചു. പക്ഷേ, തകര്‍ത്താടിയ സംഗയും തിരിമ്മന്നെയും ചേര്‍ന്ന് 47.2 ഓവറില്‍ ലങ്കയെ ജയത്തിലേക്ക് എടുത്തുയര്‍ത്തി. 44 റണ്‍സെടുത്ത തിലകരത്നെ ദില്‍ഷനെ മാത്രമേ ലങ്കയ്ക്ക് നഷ്ടപ്പെട്ടുള്ളു. സംഗക്കാര മാന്‍ ഓഫ് ദ മാച്ച്.
ടോസ് നേടി ബാറ്റെടുത്ത ഇംഗ്ലീഷ് ഇന്നിംഗ്സില്‍ നിറഞ്ഞത് റൂട്ട് മാത്രമാണ്. 108 പന്തില്‍ 14 ബൗണ്ടറികളും രണ്ടു സിക്സറുമടക്കം ശതകം പൂര്‍ത്തിയാക്കിയ ആ 24കാരന് ഇംഗ്ലണ്ടിനുവേണ്ടി ലോകകപ്പ് സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. ഡേവിഡ് ഗവറെ ഇക്കാര്യത്തില്‍ റൂട്ട് പിന്തള്ളി. തിസാര പെരേരയുടെ ഓവറില്‍ റൂട്ട് തൊടുത്ത രണ്ട് റിവേഴ്സ് സ്വീപ്പുകള്‍ കണ്ണിന് വിരുന്നായി. 25 റണ്‍സ് ആ ഓവറില്‍ പിറന്നു.
അവസാന 15 ഓവറുകളില്‍ 148 റണ്‍സ് വാരിയ ഇംഗ്ലീഷ് ബാറ്റ്സ്മാന്മാര് സ്കോറിന് വന്‍ കുതിപ്പു നല്‍കുന്നതും ഗാലറി ദര്‍ശിച്ചു. ജോ ബട്ലര് (19 പന്തില്‍ 39, ആറ് ഫോര്‍, ഒരു സിക്സ്) ലങ്കയെ വേട്ടയാടി മറ്റൊരു പ്രധാനി. ഇയാന്‍ ബെല്ലും (49) മോര്‍ഗനും (27) ചെറിയ സംഭാവകള്‍ നല്കി. ലസിത് മലിംഗ, സുരാംഗ ലാക്മല്‍, എയ്ഞ്ചലോ മാത്യൂസ്, ദില്ഷന്, രംഗനെ ഹെറാത്ത്, തിസാര പെരേര തുടങ്ങിയവരെല്ലാം ഓരോ വിക്കറ്റുവീതം പങ്കിട്ടു. മാത്യൂസ് മാത്രമേ റണ്വിട്ടുകൊടുക്കാന് മടിച്ചുള്ളു.
ദില്‍ഷനെയും തിരിമ്മന്നെയെയും കടഞ്ഞാണിട്ടുകൊണ്ടാണ് ജെയിംസ് ആന്‍ഡേഴ്സനും സ്റ്റ്യുവര്‍ട്ട് ബ്രോഡും തുടങ്ങിയത്. അപ്പോള്‍ ഇംഗ്ലണ്ടിന്റെ മുഖംതെളിഞ്ഞു നിന്നു. എന്നാല്‍ എട്ടാം ഓവറില്‍ ബ്രോഡിനെ ദില്ഷന് രണ്ടു സിക്സറുകള്‍ക്ക് ശിക്ഷിച്ചു. സുന്ദരമായ ഡ്രൈവുകളാല്‍ തിരിമ്മന്നെ ആന്‍ഡേഴ്സന്റെ ആത്മവിശ്വാസവും കെടുത്തിക്കളഞ്ഞു. കളിയുടെ കടഞ്ഞാണ് ഏറ്റെടുത്ത ലങ്ക ഒന്നാം വിക്കറ്റില്‍ 100 റണ്‍സ് വാരി. പക്ഷേ, ദില്‍ഷനെ മൊയീന്‍ അലി മോര്‍ഗന്റെ കൈയിലെത്തിച്ചു. പിന്നാലെ അതിലും വലിയ അപായങ്ങള്‍ ഇംഗ്ലണ്ടിനെ പിന്തുടര്ന്നു. വൈവിധ്യവും അച്ചടക്കവുമില്ലാത്ത ഇംഗ്ലീഷ് ബൗളര്‍മാരെ സംഗക്കാര തലങ്ങും വിലങ്ങും അടിച്ചോടിച്ചു. 70 പന്തില്‍ 100 കടന്ന സംഗക്കാര തന്റെ ഏറ്റവും വേഗതകൂടിയ സെഞ്ച്വറിയും കൈക്കലാക്കിയാണ് അടങ്ങിയത്.11 ബൗണ്ടറികളും രണ്ടു സിക്സറും ആ ഇടംകൈയന്‍ പ്രതിഭയുടെ ഇന്നിംഗ്സിന് മിഴിവേകി. പതിമൂന്നും ഫോറുകളും രണ്ടു സിക്സറുകളും ഉള്‍പ്പെട്ടതായിരുന്നു തിരിമ്മന്നെയുടെ സെഞ്ച്വറി. വെറും മൂന്നു റണ്‍സില്‍ നില്‍ക്കെ സ്ലിപ്പില്‍ തിരിമ്മന്നെയെ കൈവിട്ട റൂട്ടിന്റെ പിഴയ്ക്കുള്ള വലിയ വില.
സ്കോര്‍ബോര്‍ഡ്: മൊയീന്‍ അലി സി ലാക്മല്‍ ബി മാത്യൂസ് 15, ഇയാന്‍ ബെല്‍ ബി ലാക്മല്‍ 49, ഗ്യാരി ബാലന്‍സ് സിആന്‍ഡ് ബി ദില്ഷന് 6, ജോ റൂട്ട് എല്‍ബിഡബ്ല്യൂ ബി ഹെറാത്ത് 121, ഇയോണ്‍ മോര്ഗന് സി ദില്ഷന് ബി പെരേര 27, ജെയിംസ് ടെയ്ലര് സി ദില്ഷന് ബി മലിംഗ 25, ജോ ബട്ലര് നോട്ടൗട്ട് 39, ക്രിസ് വോക്സ് നോട്ടൗട്ട് 9. എക്സ്ട്രാസ് 18. ആകെ 6ന് 309 (50 ഓവര്‍).
വിക്കറ്റ് വീഴ്ച: 1-62, 2-71, 3-101, 4-161, 5-259, 6-265
ബൗളിംഗ്: ലസിത് മലിംഗ 10-0-63-1, സുരാംഗ് ലാക്മല്‍ 7.4-0-71-1, എയ്ഞ്ച്ലോ മാത്യൂസ് 10-1-43-1, ദില്ഷന് 8.2-0-35-1, രംഗനെ ഹെറാത്ത് 5.5-0-35-1, തിസാര പെരേര 8.1-0-55-1
ശ്രീലങ്ക: ലാഹിരു തിരിമ്മന്നെ നോട്ടൗട്ട് 139, തിലകരത്നെ ദില്ഷന് സി മോര്ഗന് ബി അലി 44, കുമാര്‍ സംഗക്കാര നോട്ടൗട്ട് 117. എക്സ്ട്രാസ് 12. ആകെ 1ന് 312 (47.2)
വിക്കറ്റ് വീഴ്ച: 1-100
ബൗളിംഗ്: ജെയിംസ് ആന്ഡേഴ്സന് 8-0-48-0, സ്റ്റിയുവര്‍ട്ട് ബ്രോഡ് 10-1-67-0, ക്രിസ് വോക്സ് 9.2-0-72-0, സ്റ്റീവന്‍ ഫിന് 8-0-54-0, മൊയീന്‍ അലി 10-0-50-1, ജോ റൂട്ട് 2-0-12-0
പ്രതികരിക്കാൻ ഇവിടെ എഴുതുക: