ബ്രിസ്ബെയ്ന്‍: ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാന് ജീവശ്വാസം. പൂള് ബിയില്‍ സിംബാബ്വെയ്ക്കുമേല് 20 റണ്‍സിന്റെ ചെറുജയം ഉറപ്പിച്ച പാക് പട നേരിയ നോക്കൗട്ട് സാധ്യത നിലനിര്‍ത്തി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാനെ സിംബാബ്വെ 7ന് 235 എന്ന സ്കോറിലൊതുക്കി. പക്ഷേ, ബാറ്റ്സ്മാന്മാര് നിറംകെട്ടപ്പോള്‍ ആഫ്രിക്കന്‍ സംഘം 49.4 ഓവറില്‍ 215ന് ഓള്‍ഔട്ടായി.
നായകന് മിസ്ബ ഉല് ഹക്ക് (73) പേസര്‍മാരായ വഹാബ് റിയാസ്, മുഹമ്മദ് ഇര്ഫാന് (നാലു വിക്കറ്റ് വീതം) എന്നിവരുടെ പ്രകടനമാണ് മുന്‍ ലോക ചാമ്പ്യന്മാര്ക്ക് പിടിവള്ളിയായ ജയം സമ്മാനിച്ചത്. ഓപ്പണര്‍മാരായ നസീര്‍ ജംഷദിനെയും (1) അഹമ്മദ് ഷെഹ്സാദിനെയും (0) തെണ്ടായ് ചതാര മടക്കിയപ്പോള്‍ പാക്കിസ്ഥാന് ഞെട്ടി. പക്ഷേ ക്ഷമയോടെ കളിച്ച മിസ്ബ പാക് ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചു. ഹാരിസ് സൊഹെയ്ലും (27) ഉമര്‍ അക്മലും (33) ക്യാപ്ടന് തരക്കേടില്ലാത്ത പിന്തുണ നല്കി. ഷാഹിദ് അഫ്രീദി(0) പരാജയപ്പെട്ടു. എങ്കിലും 46 പന്തില്‍ ആറു ഫോറുകളടക്കം 54 റണ്‍സോടെ പുറത്താകാതെനിന്ന വഹാബ് റിയാസിന്റെ അപ്രതീക്ഷിത വെടിക്കെട്ട് പാക്കിസ്ഥാനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. സിംബാബ്വെയ്ക്കുവേണ്ടി ചതാര മൂന്നും സീന്‍ വില്യംസ് രണ്ടു വിക്കറ്റുകള്‍ വീതം പിഴുതു.
സിംബാബ്വെയുടെ ആരംഭവും മോശമായിരുന്നു. ചാമു ചിബാബയും (9) സിക്കന്ദര്‍ റാസയും (8) ഇര്‍ഫാന്റെ വേഗതയെ വണങ്ങി. എന്നിരുന്നാലും ഹാമില്ട്ടണ് മസകാഡ്സ- ബ്രണ്ടന്‍ ടെയ്ലര് സഖ്യം സിംബാബ്വെയുടെ നടുവൊടിയാതെ നോക്കി. ഇരുവരും മൂന്നാം വിക്കറ്റില്‍ 52 റണ്‍സ് സ്വരൂപിച്ചു. 29 റണ്‍സെടുത്ത മസകാഡ്സയെയും ഇര്ഫാന് പറഞ്ഞയച്ചു. പിന്നെ സീന്‍ വില്യംസുമൊത്ത് ടെയ്ലര് 54 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ടെയ്ലറെ (50) മടക്കിയ വഹാബ് റിയാസ് മത്സരഗതി മാറ്റിമറിച്ചു. തുടര്‍ച്ചയായി വിക്കറ്റുകള്‍ കളഞ്ഞ സിംബാബ്വെ 40 ഓവറില്‍ 8ന് 168 എന്ന സ്ഥിതിയിലേക്കു വഴുതി. ടീമിനെ വിജയതീരം കാണിക്കാന്‍ ക്യാപ്ടന് എല്‍ട്ടന്‍ ചിംഗുംബുര (35) പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വഹാബ് റിയാസ് കളിയിലെ കേമന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: