കോഴിക്കോട്: ദേശീയ ഗെയിംസ് സൈക്ലിംഗില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ അഞ്ജിതക്ക് ഒരു സ്വപ്നമേ ഉള്ളൂ. അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത് രാഷ്ട്രത്തിനുവേണ്ടി മെഡല്‍ നേടണം. ഈ നേട്ടം കൈവരിക്കാന്‍ തനിക്കാകുമെന്ന ആത്മവിശ്വാസമുണ്ടെങ്കിലും മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും പരിശീലനത്തിനുമാവശ്യമായ കാര്‍ബണ്‍ സ്പോര്‍ട്സ് സൈക്കിള്‍ ഇല്ലെന്നത് ഈ താരത്തിന്റെ ആഗ്രഹങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു.
കോഴിക്കോട്ടെ കടലോരപ്രദേശമായ പുതിയാപ്പയില്‍നിന്ന് ദേശീയ ഗെയിംസ്വരെ എത്തിനില്‍ക്കുന്ന ജിവിതവഴികളില് അഞ്ജിതക്ക് എന്നും കൂട്ടായത് ഈ ആത്മവിശ്വാസവും മാതാപിതാക്കളും തന്നെയായിരുന്നു. അത്താണിക്കല്‍ വിവേകാനന്ദ വിദ്യാലയത്തില്‍ ആദ്യാക്ഷരങ്ങള്‍ പഠിക്കുമ്പോള്‍ തന്നെ സ്പോര്‍ട്സിലായിരുന്നു അഞ്ജിതക്ക് താല്പര്യം. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഹാന്ഡ്ബോളിലേക്ക് ശ്രദ്ധതിരിഞ്ഞു. ഹാന്‍ഡ്ബോള്‍ താരമായി തിളങ്ങി നില്ക്കുന്ന സമയത്താണ് വ്യക്തിഗത ഇനങ്ങളില്‍ മാറ്റുരക്കണമെന്ന ആഗ്രഹംമൂലം സൈക്ലിംഗിലേക്ക് ചുവടുമാറ്റുന്നത്. എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ നടത്തിയ ആ ചുവടുമാറ്റം നൂറുശതമാനം ശരിയായെന്ന് അഞ്ജിതയുടെ നേട്ടങ്ങള്‍ തെളിയിക്കുന്നു.
തിരുവനന്തപുരത്തെ സ്പോര്‍ട്സ് കൗണ്‍സില്‍ ഹോസ്റ്റലില്‍ പ്രവേശനം നേടിയതോടെ അഞ്ജിതയുടെ പ്രയാണത്തിന് കരുത്ത് കൂടി. ഹാന്‍ഡ്ബോള്‍ താരത്തില്‍നിന്ന് സൈക്ലിംഗ് താരത്തിലേക്കുള്ള കൂടുമാറ്റമായിരുന്നു പിന്നെ. പ്രവേശനം നേടിയ വര്‍ഷം തന്നെ ദേശീയ സബ്ജൂനിയര് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടി മികവു തെളിയിച്ചു. ജൂനിയര്‍ താരമായതോടെ നേട്ടങ്ങളുടെ നിര അഞ്ജിതയുടെ ഒപ്പമായി. സംസ്ഥാന, ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ മെഡലുകള്‍ തുടര്‍ച്ചയായി വാരിക്കൂട്ടുകയായിരുന്നു പിന്നീട്. 2013ലെ ഏഷ്യന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ക്യാമ്പിലേക്ക് പ്രവേശനം നേടിയെങ്കിലും പനി കാരണം അവസാനവട്ട ട്രയല്‍സില്‍ പങ്കെടുക്കാന്‍ കഴിയാഞ്ഞതോടെ ചാമ്പ്യന്‍ഷിപ്പിലേക്കുള്ള അവസരം നഷ്ടമായി. അതേവര്‍ഷം തന്നെ ജൂനിയര്‍ കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ടീമീല്‍ പ്രവേശനം ലഭിച്ചെങ്കിലും നിര്‍ഭാഗ്യം അവിടെയും അഞ്ജിതയെ പിന്തുടര്ന്നു. വിസയുമായി ബന്ധപ്പെട്ട പ്രശ്നംകാരണം യാത്ര മുടങ്ങി.
ആദ്യ ദേശീയ ഗെയിംസില്‍ തന്നെ രണ്ട് മെഡലുകള്‍ നേടാനായതിലെ സന്തോഷം പ്രകടിപ്പിക്കുമ്പോഴും അഞ്ജിതയുടെ മുഖത്ത് നിഴലിക്കുന്ന വിഷാദത്തിന് കാരണം സ്വന്തമായി കാര്‍ബണ്‍ സ്പോര്‍ട്സ് സൈക്കിള്‍ ഇല്ല എന്നതാണ്. കടമെടുത്ത് വാങ്ങിയ സൈക്കിളിലാണ് ഇപ്പോഴും പരിശീലനം തുടരുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്നതിനായി മറ്റൊരു താരത്തിന്റെ സൈക്കിളാണ് ഉപയോഗിച്ചത്. പുതിയ സൈക്കിള്‍ വാങ്ങാന്‍ കഴിയാത്തതിനാല്‍ മത്സരത്തിലുപയോഗിച്ച സൈക്കിള്‍ തന്നെ പണം കൊടുത്ത് വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. സൈക്ലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യ ന്യൂഡെല്‍ഹിയില്‍ സംഘടിപ്പിക്കുന്ന പരിശീലനക്യാമ്പില്‍ പങ്കെടുക്കാന്‍ മാര്‍ച്ച് നാലിന് യാത്രതിരിക്കാനിരിക്കുകയാണ് അഞ്ജിത. പോകുന്നതിന് മുമ്പ് പണം സംഘടിപ്പിച്ച് സൈക്കിള്‍ വാങ്ങാനുള്ള തത്രപ്പാടിലാണ് അഞ്ജിതയും മാതാപിതാക്കളും.
സംസ്ഥാനതലത്തില്‍ മെഡല്‍ നേടിയപ്പോള്‍ മുതല്‍ കേള്‍ക്കുന്ന വാക്കുകളൊന്നും ആരും പാലിച്ചിട്ടില്ലാത്തിനാല് തന്നെ സ്വന്തം പരിശ്രമം ഇതിന് വേണമെന്ന് ഇവര്‍ക്കറിയാം. ബാങ്കില്‍ നിന്ന് ലോണെടുത്തോ കടം വാങ്ങിയോ സൈക്കിള്‍ വാങ്ങി മകളെ പറഞ്ഞയക്കാനാണ് മത്സ്യബന്ധനതൊഴിലാളിയായ അച്ഛന് സുബാലിതന്റെയും അമ്മ പ്രമീളയുടെയും തീരുമാനം. ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പാരിതോഷികം കിട്ടിയാല്‍ കടം തീര്‍ക്കാമെന്ന കണക്കുകൂട്ടലിലാണിവര്‍.
തിരുവനന്തപുരത്തെ സ്പോര്‍ട്സ് കൗണ്‍സില്‍ ഹോസ്റ്റലില്‍ കോച്ച് ചന്ദ്രന് ചെട്ട്യാര്ക്കുകീഴിലാണ് ഇപ്പോഴും പരിശീലനം. ചെമ്പഴന്തി എസ്എന്‍ കോളേജിലെ ബിഎ മൂന്നാംവര്‍ഷ സോഷ്യോളജി വിദ്യാര്‍ത്ഥിയാണ്. പുതിയാപ്പ എടക്കല്‍ ക്ഷേത്രത്തിന് സമീപത്തെ നിര്‍മ്മാല്യത്തില്‍ നാടിന്റെ തന്നെ അഭിമാനമായി അഞ്ജിത നില്ക്കുമ്പോള് പലരും നല്കിയ വാഗ്ദാനങ്ങള്‍ പാഴ്വാക്കുകളായി മാറുകയാണ്. എന്നാലും അഞ്ജിതക്ക് ആരോടും പരിഭവമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: