ആലുവ: മഞ്ഞപ്പെട്ടിയിലുള്ള കശുവണ്ടി കമ്പനിയില്‍ ജോലിചെയ്തിരുന്ന വികലാംഗയായ യുവതിയെ തൊഴിലാളികളായ രണ്ട്പേര് വിവാഹവാഗ്ദാനം നല്കി വഞ്ചിച്ചു. വാടകവീട്ടില്‍ ദുരിതത്തില്‍ കഴിഞ്ഞിരുന്ന യുവതിയെയും എഴുവയസ്സുകാരി മകളേയും നാട്ടുകാര്‍ ജനസേവ ശിശുഭവനിലെത്തിച്ചു.
അച്ഛന്റെ നിരന്തരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് 10 വര്‍ഷംമുമ്പ് ട്രെയിനുമുന്നില്ചാടി ആത്ഹത്യയ്ക്ക് ശ്രമിച്ചപ്പോഴുണ്ടായ അപകടത്തിലാണ് കൊല്ലം, പാരിപ്പിള്ളി സ്വദേശിനിയായ രമണിക്ക് ഇടതുകാല് നഷ്ടമായത്. ആലുവയില്‍ ജോലി ചെയ്യവേയാണ് കൊല്ലം സ്വദേശിയായ ബാബു വിവാഹംവാഗ്ദാനം നല്കി കൂടെ താമസിപ്പിച്ചത്. എന്നാല്‍ മൂന്ന് മാസത്തിനുശേഷം ഗര്‍ഭിണിയായ രമണിയെ അയാള്‍ ഉപേക്ഷിച്ചു. അതോടെ രമണി കൊല്ലത്തുള്ള വീട്ടിലേക്ക് പോയി. പ്രസവശേഷം മകള്‍ക്ക് നാല് വയസ്സുള്ളപ്പോഴാണ് വീണ്ടും ആലുവയിലുള്ള കമ്പനിയിലേക്ക് തിരികെയെത്തിയത്. ഈ സമയത്ത് രമണിയുടെ സങ്കടാവസ്ഥ കണ്ട കമ്പനിയിലെ തൊഴിലാളിയായ ശിവദാസ് വിവാഹം കഴിയ്ക്കാമെന്ന ഉറപ്പിന്മേല് ആലുവ ശിവക്ഷേത്രത്തില്വച്ച് താലികെട്ടുകയും വാടകവീട്ടില്‍ കൂടെ താമസിപ്പിക്കുകയും ചെയ്തത്. എന്നാല്‍ 2 മാസമായി വാടകവീട്ടില്നിന്നിറങ്ങിപ്പോയ ശിവദാസനെക്കുറിച്ച് ഇപ്പോള്‍ യാതൊരു വിവരവുമില്ലെന്ന് രമണി പറഞ്ഞു.
മഞ്ഞപ്പെട്ടിയിലെ കശുവണ്ടി കമ്പനിയില്‍ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ട് വീട്ടുവാടക കൊടുക്കുന്നതിനും മകളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും നിവൃത്തിയില്ലാതെ വിഷമിക്കുന്ന രമണിയുടെ നിസ്സഹായവസ്ഥ കണ്ട നാട്ടുകാരാണ് ജനസേവ ശിശുഭവന് ചെയര്മാന് ജോസ് മാവേലിയോട് സഹായം അഭ്യര്‍ത്ഥിച്ചത്. രമണിയുടെ മകളായ രമ്യയുടെ നിയമപ്രകാരമുള്ള സംരക്ഷണത്തിനായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ സമീപിക്കുമെന്നും രമണിക്ക് സാധ്യമാകുന്ന ജോലി തരപ്പെടുത്തിക്കൊടുക്കുമെന്നും ജനസേവ പ്രസിഡന്റ് ഡോ. എം.പി. തോമസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: