പെര്‍ത്ത്: യുഎഇയെ നിഷ്പ്രഭമാക്കി ടീം ഇന്ത്യക്ക് ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം വിജയം. ഇന്നലെ നടന്ന കളിയില്‍ ഒമ്പത് വിക്കറ്റിന്റെ കൂറ്റന്‍ വിജയമാണ് ടീം ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത യുഎഇ 31.3 ഓവറില്‍ വെറും 102 റണ്‍സിന് ഓള് ഔട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ടീം ഇന്ത്യ 18.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു. ഇന്ത്യക്ക് വേണ്ടി രോഹിത് ശര്‍മ്മ (പുറത്താവാതെ 57), വിരാട് കോഹ്ലി (പുറത്താവാതെ 33) എന്നിവര്‍ മികച്ച ബാറ്റിംഗ് നടത്തി.
35 റണ്‍സെടുത്ത ഷൈമാന്‍ അന്‍വറാണ് യുഎഇയുടെ ടോപ് സ്കോറര്‍. അന്‍വറിന് പുറമെ രണ്ട് പേര് മാത്രമാണ് യുഎഇ നിരയില്‍ രണ്ടക്കം കടന്നത്. പരിചയസമ്പന്നരായ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ ഒരിക്കലും മേധാവിത്വം സ്ഥാപിക്കാന്‍ കഴിയാതിരുന്നതാണ് അവര്‍ക്ക് തിരിച്ചടിയായത്. സിംബാബ്വെക്കെതിരെയും അയര്‍ലന്റിനെതിരെയും മികച്ച ബാറ്റിംഗും ബൗളിംഗും കാഴ്ചവെച്ച യുഎഇക്ക് ഇന്നലെ ഇന്ത്യക്കെതിരെ തൊട്ടതെല്ലാം പിഴച്ചു. തുടര്‍ച്ചയായ മൂന്നാം വിജയത്തോടെ ഇന്ത്യ ക്വാര്‍ട്ടറിലേക്ക് ഒരു ചുവടുകൂടി വെച്ചു. കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം നടത്തി 25 റണ്‍സിന് നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ആര്. അശ്വിനാണ് മാന്‍ ഓഫ് ദി മാച്ച്. ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും മികച്ച വിജയമാണിത്. പരിക്കേറ്റ മുഹമ്മദ് ഷാമിക്ക് പകരം ഭുവനേശ്വര്‍കുമാറാണ് ഇന്ത്യന്‍ നിരയില്‍ കളിച്ചത്.
ടോസ് നേടിയ ബാറ്റിംഗ് തെരഞ്ഞെടുത്ത യുഎഇക്ക് മികച്ച തുടക്കം നല്കുന്നതില് ഓപ്പണര്‍മാര്‍ പരാജയപ്പെട്ടു. ആകെ മൂന്ന് പേര് മാത്രമാണ് യുഎഇ നിരയില്‍ രണ്ടക്കം കടന്നത്. ഖുറാം ഖാന് (14), ഷൈമാന്‍ അന്‍വര്‍ (35), ഗുരുഗെ (10) എന്നിവര്‍ക്കു മാത്രമെ യുഎഇ നിരയില്‍ രണ്ടക്കം കടക്കാനായുള്ളു. മത്സരപരിചയം കുറഞ്ഞ യുഎഇ ബാറ്റ്സ്മാന്മാര് അശ്വിനും രവീന്ദ്ര ജഡേജക്കും മുന്നില്‍ മുട്ടുമടക്കുകയായിരുന്നു.
സ്കോര്‍ ബോര്‍ഡില്‍ 7 റണ്‍സ് മാത്രമുള്ളപ്പോള്‍ ആദ്യ വിക്കറ്റ് യുഎഇക്ക് നഷ്ടമായി. നാല് റണ്‍സെടുത്ത ബെരന്ഗറിനെ ഉമേഷ് യാദവിന്റെ പന്തില്‍ ധോണി പിടികൂടി. സ്കോര്‍ 13-ല്‍ എത്തിയപ്പോള്‍ നാല് റണ്‍സെടുത്ത അംജദ് അലിയെ ഭുവനേശ്വര്‍കുമാര്‍ ധോണിയുടെ കൈകളിലെത്തിച്ചു. സ്കോര്‍ 28-ല്‍ നില്‍ക്കേ യുഎഇയുടെ മലയാളിതാരം കൃഷ്ണചന്ദ്രനും മടങ്ങി. 27 പന്തുകള്‍ നേരിട്ട് തട്ടിമുട്ടി നാല് റണ്‍സെടുത്ത കൃഷ്ണചന്ദ്രനെ അശ്വിന് റെയ്നയുടെ കൈകളിലെത്തിച്ചു. പിന്നീട് കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ യുഎഇ വിക്കറ്റുകള്‍ വീഴ്ത്തിയതോടെ യുഎഇ സ്കോര്‍ 100 റണ്‍സ് കടക്കുമോ എന്നുപോലു തോന്നിപ്പിച്ചു. എന്നാല്‍ പത്താം വിക്കറ്റില്‍ ഷൈമാന്‍ അന്‍വറും (35) ഗുരുഗെയും (10 നോട്ടൗട്ട്) ചേര്‍ന്ന് നേടിയ 31 റണ്‍സാണ് സ്കോര്‍ 102-ല്‍ എത്തിച്ചത്. പത്താമനായാണ് യുഎഇ ഇന്നിംഗ്സിലെ ടോപ്സ്കോററായ ഷൈമാന്‍ അന്‍വര്‍ പുറത്തായത്. 49 പന്തില്‍ നിന്ന് ആറ് ബൗണ്ടറികളോടെ 35 റണ്‍സെടുത്ത ഷൈമാന്‍ അന്‍വറെ ഉമേഷ് യാദവ് ബൗള്‍ഡാക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി അശ്വിന് 10 ഓവറില്‍ 25 റണ്‍സ് വഴങ്ങി നാലും രവീന്ദ്ര ജഡേജ അഞ്ച് ഓവറില്‍ 23നും ഉമേഷ് യാദവ് 6.3 ഓവറില്‍ 15 റണ്‍സിന് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ലോകകപ്പില്‍ തന്റെ കന്നി അങ്കം കുറിച്ച ഭുവനേശ്വര്‍കുമാര്‍ അഞ്ച് ഓവറില്‍ 19 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.
103 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യത്തെ പിന്തുടര്ന്ന് ബാറ്റിംഗിനിറങ്ങിയ ടീം ഇന്ത്യക്ക് ആദ്യ വിക്കറ്റ് സ്കോര്‍ 29-ല്‍ നില്‍ക്കേ നഷ്ടമായി. ദക്ഷിണാഫ്രിക്കക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടിയ ശിഖര്‍ ധവാനാണ് ഇന്നലെ ആദ്യം മടങ്ങിയത്. 17 പന്തുകള്‍ നേരിട്ട് മൂന്ന് ബൗണ്ടറികളോടെ 14 റണ്‍സെടുത്ത ധവാനെ മുഹമ്മദ് നവീദിന്റെ പന്തില്‍ റോഹന്‍ മുസ്തഫ പിടികൂടി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം വിരാട് കോഹ്ലി ഒത്തുചേര്‍ന്നതോടെ അനായാസ വിജയം ടീം ഇന്ത്യക്ക് സ്വന്തമായി. 12.2 ഓവറില്‍ 75 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. ഇതിനിടെ രോഹിത്ശര്‍മ്മ അര്‍ദ്ധസെഞ്ചുറിയും നേടി. 48 പന്തില്‍ നിന്ന് 9 ഫോറും ഒരു സിക്സറുമടക്കമാണ് രോഹിതിന്റെ അര്‍ദ്ധശതകം. ലോകകപ്പില്‍ രോഹിത് ശര്‍മ്മയുടെ ആദ്യ അര്‍ദ്ധസെഞ്ചുറിയാണിത്. 9.1 ഓവറില്‍ 50-ല്‍ എത്തിയ ടീം ഇന്ത്യ 17.5 ഓവറിലാണ് 100 കടന്നത്. കളിയുടെ ഒരു ഘട്ടത്തില്‍പോലും യുഎഇ ബൗളര്‍മാര്‍ക്ക് ടീം ഇന്ത്യയെ വെല്ലുവിളിക്കാന്‍ കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: