ഓക്ലന്‍ഡ്: പേസര്‍മാര്‍ അരങ്ങുവാണ ഓക്ലന്‍ഡിലെ ഈഡന് പാര്‍ക്കില്‍ വിജയം ന്യൂസിലാന്റിനൊപ്പം നിന്നു. ഇരുവശത്തേക്കു വിജയപരാജയങ്ങള്‍ മാറിമറിഞ്ഞ, ഏകദിനത്തിന്റെ മുഴുവന്‍ വീറും വാശിയും പ്രകടമായ അത്യന്തം ആവേശകരമായ കളിയില്‍ കെയ്ന്‍ വില്ല്യംസിന്റെ (പുറത്താകാതെ 45) അപരാജിത ഇന്നിംഗ്സാണ് കംഗാരുക്കള്ക്കുമേല് ന്യൂസിലാന്റിന് വിജയം സമ്മാനിച്ചത്. അല്ലായിരുന്നെങ്കില്‍ ഓസ്ട്രേലിയക്കെതിരെ കിവികള്‍ പരാജയം രുചിക്കുമായിരുന്നു. ഏതായാലും ഒരു വിക്കറ്റിന്റെ തികച്ചും നാടകീയമായ വിജയമാണ് ന്യൂസിലാന്റ് ഇന്നലെ സ്വന്തമാക്കിയത്. കളിച്ച നാല് മത്സരങ്ങളിലും വിജയിച്ച ന്യൂസിലാന്റാണ് പൂള് എയില്‍ എട്ട് പോയിന്റുമായി മുന്നില്‍. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരെണ്ണം മാത്രം ജയിച്ച ഓസ്ട്രേലിയ നാലാം സ്ഥാനത്താണ്.
ടോസ് നേടി ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ഓസ്ട്രേലിയയെ 32.2 ഓവറില്‍ 151 റണ്‍സില്‍ ന്യൂസിലാന്റ് ബൗളര്‍മാര്‍ ഒതുക്കി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബൗള്‍ട്ടും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ സൗത്തിയും ഡാനിയേല്‍ വെട്ടോറിയുമാണ് കംഗാരുക്കളെ ചെറിയ സ്കോറില്‍ ഒതുക്കിയത്. തുടര്‍ന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസ് അനായാസം വിജയത്തിലെത്തുമെന്ന് തോന്നിച്ചെങ്കിലും ഓസ്ട്രേലിയന്‍ പേസര്‍മാരുടെ തീപന്തുകള്‍ക്ക് മുന്നില്‍ കൂട്ടത്തകര്‍ച്ച നേരിട്ടതോടെ മത്സരം ഏറെ ആവേശകരമായി മാറി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഓസ്ട്രേലിയ പൊരുതി നോക്കിയെങ്കിലും കെയ്ന്‍ വില്ല്യംസിന്റെ ഇന്നിംഗ്സിന് പുറമെ അതിവേഗ അര്‍ദ്ധസെഞ്ചുറി കുറിച്ച ബ്രണ്ടന്‍ മക്കല്ലത്തിന്റെയും കോറി ആന്‍ഡേഴ്സന്റെയും കരുത്തില്‍ കിവീസ് വിജയം പിടിച്ചെടുക്കുകയായിരുന്നു. 24-ാം ഓവര്‍ എറിഞ്ഞ പാറ്റ് കുമ്മിന്‍സിന്റെ ആദ്യ പന്ത് ബൗളറുടെ തലയ്ക്ക് മുകളിലൂടെ വില്ല്യംസണ് അതിര്‍ത്തി കടത്തിയാണ് വിജയറണ്‍ നേടിയത്.
സ്കോര്‍: ഓസ്ട്രേലിയ 32.2 ഓവറില്‍ 151 റണ്‍സിന് പുറത്ത്. ന്യൂസിലാന്റ് 23.1 ഓവറില്‍ ഒന്‍പതു വിക്കറ്റിന് 152 റണ്‍സ്. ന്യൂസിലാന്റ് ഫാസ്റ്റ് ബൗളര്‍ ട്രെന്റ് ബൗള്‍ട്ടാണ് കളിയിലെ താരം.
നേരത്തേ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസിന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ ഫിഞ്ചും വാര്‍ണറും ചേര്‍ന്ന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 2.2 ഓവറില്‍ 30 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ഇവര്‍ വേര്‍പിരിഞ്ഞത്. 14റണ്‍സെടുത്ത ഫിഞ്ചിനെ ബൗള്‍ഡാക്കി സൗത്തിയാണ് ആദ്യ വിക്കറ്റ് സ്വന്തമാക്കിയത്. രണ്ടാം വിക്കറ്റില്‍ വാര്‍നറും വാട്സനും ചേര്‍ന്ന് 50 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ സ്കോര്‍ 80-ല്‍ നില്‍ക്കേ വാട്സനെ (23)യും വാര്‍ണറെ (34) നഷ്ടപ്പെട്ടു. വെട്ടോറിക്കും സൗത്തിക്കുമാണ് വിക്കറ്റുകള്‍. എന്നാല്‍ പിന്നീട് കണ്ടത് തീര്‍ത്തും അവിശ്വസനീയമായ കാഴ്ചയാണ്. ഒന്നിന് 80 എന്ന നിലയില്‍ നിന്ന് പിന്നീട് 9ന് 106 എന്ന നിലയിലേക്കാണ് കംഗാരുക്കള്‍ തകര്‍ന്നടിഞ്ഞത്. 26 റണ്‍സെടുക്കുന്നതിനിടെ ഓസ്ട്രേലിയക്ക് നഷ്ടമായത് 8 എട്ട്വിക്കറ്റുകള്. ട്രെന്റ് ബൗള്‍ട്ടിന്റെ മാരക ബൗളിംഗാണ് ഓസ്ട്രേലിയയുടെ അത്ഭുതകരമായ തകര്‍ച്ചക്ക് വഴിവെച്ചത്. എന്നാല്‍ അവസാന വിക്കറ്റില്‍ ബ്രാഡ് ഹാഡിനും (43) കുമ്മിന്‍സും (7 നോട്ടൗട്ട്)ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 45 റണ്‍സാണ് ഓസ്ട്രേലിയന്‍ സ്കോര്‍ 150 കടത്തിയത്. പരിക്കില്‍ നിന്ന് മോചിതനായി കളിക്കളത്തിലിറങ്ങിയ മൈക്കല്‍ ക്ലാര്‍ക്ക് 12 റണ്‍സെടുത്ത് പുറത്തായി.
152 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്ന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റിന് മികച്ച തുടക്കമാണ് ഗുപ്റ്റിലും ക്യാപ്റ്റന്‍ മക്കല്ലവും ചേര്‍ന്ന് നല്‍കിയത്. മക്കല്ലം തകര്‍ത്തടിച്ചതോടെ സ്കോര്‍ അഞ്ചോവറില്‍ 50 കടന്നു. ഇതിനിടെ 11 റണ്‍സെടുത്ത ഗുപ്റ്റിലിനെ സ്റ്റാര്‍ക്കിന്റെ പന്തില്‍ കുമ്മിന്‍സ് പിടികൂടുകയും ചെയ്തു. 21 പന്തില്‍ നിന്ന് അര്‍ദ്ധസെഞ്ചുറി നേടിയ മക്കല്ലം പുറത്തായതോടെയാണ് കിവികള്‍ തകര്‍ന്നത്. ഒന്നിന് 78 എന്ന നിലയില്‍ നിന്ന് അവര്‍ നാലിന് 79 എന്ന നിലയിലേക്ക് പതിച്ചു. ടെയ്ലര് (1), എലിയറ്റ് (0), എന്നിവരാണ് മടങ്ങിയത്. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ കോറി ആന്‍ഡേഴ്സണൊപ്പം (26) ചേര്‍ന്ന് വില്ല്യംസണ് 52 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ സ്കോര്‍ 5ന് 131 എന്ന നിലയിലായി. പിന്നീട് 22 റണ്‍സ് മാത്രമാണ് കിവികള്‍ക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത്. പിന്നീട്15 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ കൂടി നഷ്ടമായതോടെ അവര്‍ 9ന് 146 എന്ന നിലയിലായി. റോഞ്ചി (6), വെട്ടോറി (2), മില്‍നെ (0), സൗത്തി (0) എന്നിവരാണ് പുറത്തായത്. ഇതോടെ കംഗാരുക്കള്‍ വിജയം സ്വപ്നം കാണാന്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍ കുമ്മിന്‍സ് എറിഞ്ഞ അടുത്ത ഓവറിലെ ആദ്യ പന്ത് വില്ല്യംസണ് അതിര്‍ത്തിക്ക് പുറത്തേക്ക് പറത്തിയതോടെ വിജയം കിവികള്ക്കൊപ്പമായി.
ആറ് വിക്കറ്റെടുത്ത് കരിയറിലെ മികച്ച പ്രകടനം കാഴ്ചവെച്ച മിച്ചല്‍ സ്റ്റാര്‍ക്കാണ് കിവികളെ തകര്‍ത്തത്. 9 ഓവറില്‍ 28 റണ്‍സ് മാത്രം വിട്ടുനല്‍കിയായിരുന്നു സ്റ്റാര്‍ക്കിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം. കുമ്മിന്‍സ് രണ്ട് വിക്കറ്റും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: