വെല്ലിംഗ്ടണ്‍: ലോകകപ്പില്‍ പൂള് എയിലെ നിര്‍ണായക മത്സരത്തില്‍ ഇന്ന് ശ്രീലങ്കയും ഇംഗ്ലണ്ടും തമ്മില്‍ ഏറ്റുമുട്ടും. പൂള് ബിയില്‍ ആദ്യ വിജയം ലക്ഷ്യമിട്ട് പാക്കിസ്ഥാനും ഇന്ന് കളത്തിലിറങ്ങും. ബ്രിസ്ബെയ്നില്‍ നടക്കുന്ന കളിയില്‍ സിംബാബ്വെയാണ് പാക്കിസ്ഥാന്റെ എതിരാളികള്‍.
വെല്ലിംഗ്ടണില്‍ നടക്കുന്ന മത്സരത്തില്‍ ശ്രീലങ്ക തുടര്‍ച്ചയായ മൂന്നാം വിജയമാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ ഇംഗ്ലണ്ടിന്റെ ലക്ഷ്യം രണ്ടാം വിജയമാണ്. ആദ്യ രണ്ട് മത്സരങ്ങളില്‍ ഓസ്ട്രേലിയയോടും ന്യൂസിലാന്റിനോടും തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ട് കഴിഞ്ഞ ദിവസം ദുര്‍ബലരായ സ്കോട്ട്ലന്റിനെ 119 റണ്‍സിന് കീഴടക്കിയിരുന്നു. ദുര്‍ബല ബൗളിങ് നിരയുള്ള സ്കോട്ട്ലന്റിനെതിരെ ഓപ്പണര്‍ മോയിന്‍ അലി സെഞ്ചുറിയും ഇയാന്‍ ബെല്‍ അര്‍ദ്ധസെഞ്ചുറിയും മോര്ഗന് 46 റണ്‍സും നേടിയതൊഴിച്ചാല്‍ ഏറെയൊന്നും ആശ്വസിക്കാന്‍ ഇംഗ്ലണ്ട് നിരയിലില്ല.
എന്നാല്‍ മറുവശത്ത് ശ്രീലങ്ക മികച്ച ഫോമിലാണ്. ആദ്യ മത്സരത്തില്‍ ന്യൂസിലാന്റിനോട് പരാജയപ്പെട്ടശേഷം രണ്ട് മത്സരങ്ങളില്‍ വിജയിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ലങ്കന്‍ പട ഇന്ന് ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നത്.
പൂള് ബിയില്‍ ആദ്യ വിജയം ലക്ഷ്യമിട്ടാണ് പാക് താരങ്ങള്‍ ഇന്ന് ഇറങ്ങുക. ആദ്യ മത്സരത്തില്‍ ഇന്ത്യയോടും രണ്ടാം കളിയില്‍ വെസ്റ്റിന്‍ഡീസിനോടും പരാജയപ്പെടാനായിരുന്നു മുന്‍ ലോകചാമ്പ്യന്മാരായ പാക്കിസ്ഥാന്റെ വിധി. ബാറ്റിംഗ് നിരയും ബൗളിംഗ് അമ്പേ പരാജയപ്പെട്ടതാണ് പാക്കിസ്ഥാന് ഈ ലോകകപ്പില്‍ തിരിച്ചടിയായിരിക്കുന്നത്. മുന്‍നിര ബാറ്റ്സ്മാന്മാരില് ആരും തന്നെ ഇതുവരെ മികച്ച ഫോമിലേക്കുയര്‍ന്നിട്ടില്ല. ക്യാപ്റ്റന്‍ മിസ്ബ ഉള് ഹഖും യൂനിസ് ഖാനും ഓപ്പണര്‍മാരായ നസിര്‍ ജംഷാദും അഹമ്മദ് ഷെഹ്സാദും തീര്‍ത്തും പരാജയപ്പെട്ടപ്പോള്‍ കഴിഞ്ഞ ദിവസം വെസ്റ്റിന്‍ഡീസിനെതിരെ നടന്ന കൡയില്‍ ഉമര്‍ അക്മലും ഷൊഐബ് മഖ്സൂദും മാത്രമാണ് മികച്ചുനിന്നത്. അതേപോലെ ബൗളിംഗ് നിരയും അമ്പേ പരാജയമാണ് എന്നതും അവരെ അലട്ടുന്നുണ്ട്.
സിംബാബ്വെയാകട്ടെ ദക്ഷിണാഫ്രിക്കയോടും വെസ്റ്റിന്‍ഡീസിനോടും പരാജയപ്പെട്ടെങ്കിലും യുഎഇയെ പരാജയപ്പെടുത്തിയിരുന്നു. സീന്‍ വില്ല്യംസിന്റെയും ഇര്‍വിന്റെയും ബാറ്റിംഗ് ഫോമിലാണ് സിംബാബ്വെ പ്രതീക്ഷകള്‍ മുഴുവന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: